സഞ്ജു സാംസണ്‍ ചെന്നൈയില്‍. രാജസ്ഥാന്‍ റോയല്‍സുമായുള്ള ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ട്രേഡ് നടപടികള്‍ പൂര്‍ത്തിയാക്കി. രവീന്ദ്ര ജഡേജയെയും സാം കരനെയും രാജസ്ഥാന്‍ റോയല്‍സിന് കൈമാറി.
കഴിഞ്ഞ സീസണില്‍ 9ാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ്, പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങളില്‍ ബഹുദൂരം മുന്നിലാണ്. പരിശീലക സംഘത്തെ തന്നെ ഉടച്ചുവാര്‍ത്താണ് രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയത്. രാഹുല്‍ ദ്രാവിഡിന് പകരം കുമാര്‍ സംഗക്കാര ഹെഡ് കോച്ചായി എത്തി.
സിഇഒ ജേക്ക് ലഷുമായും റോയല്‍സ് വഴിപിരിഞ്ഞു. കളത്തിലും പുതിയ മുഖം തേടുകയാണ് രാജസ്ഥാന്‍. അതിന്‍റെ ഭാഗമായി തന്നെയാണ് സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, സാം കറണ്‍ എന്നിവര്‍ ടീമിലേക്ക് എത്തിയത്. ജഡേജയെത്തിയാല്‍ ടീമിലെ മുതിര്‍ന്ന താരമാകുമെങ്കിലും നായകസ്ഥാനം കിട്ടാന്‍ വഴിയില്ല.
ഇന്ത്യന്‍ ടീമംഗവും ഓപ്പണറുമായ യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്റെ ഒന്നാം നമ്പര്‍ ഓപ്ഷന്‍. ക്യാപ്റ്റന്‍സിയില്‍ മുന്‍പരിചയമില്ലെന്നത് മാത്രമാണ് മൈനസ് മാര്‍ക്ക്. അഭ്യന്തര സീസണില്‍ 90 ശരാശരിയില്‍ റണ്‍സ് നേടി തിളങ്ങിനില്‍ക്കുന്ന ധ്രുവ ജുറേലും പരിഗണനയിലുണ്ട്. സഞ്ജു പരുക്കേറ്റ് പുറത്തിരുന്നപ്പോള്‍ ടീമിനെ നയിച്ചത് യുവതാരം റിയാന്‍ പരാഗ് ആയിരുന്നെങ്കിലും സ്ഥിരം നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല.
രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിച്ചതിന് പിന്നിൽ ധോണിയുടെ നീക്കമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് വെളിപ്പെടുത്തിയിരുന്നു. എംഎസ് ധോണിയുടെ ഐപിഎല്ലിലെ അവസാന സീസണായേക്കാം ഇത്തവണത്തേതെന്നും മുഹമ്മദ് കൈഫ് തന്‍റെ യൂട്യൂബ് ചാനലിൽ സൂചിപ്പിച്ചു.
തന്ത്രപരമായ നീക്കങ്ങളിൽ മിടുക്കനായ ധോണി, സഞ്ജുവിനെ ഭാവിയിലേക്കുള്ള ചെന്നൈയുടെ നായകനായും കരുതിയിട്ടുണ്ടാവണം. 2022ൽ ജഡേജയുടെ ക്യാപ്റ്റൻസി പരാജയപ്പെട്ടതും, ആദ്യ എട്ട് കളികളിൽ ചെന്നൈ ഒരു വിജയം മാത്രം നേടുകയും ചെയ്തത് ടീമിന് നാണക്കേടായിരുന്നു. തുടർന്ന് ധോണിക്ക് തിരികെ ചുമതലയേൽക്കേണ്ടി വന്നതും കൈഫ് ഓർമ്മിപ്പിച്ചു.