രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സന്നദ്ധത പ്രകടിപ്പിച്ച സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ ഏത് ടീമിനൊപ്പമാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അടുത്ത ലേലത്തില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യം സഞ്ജു തന്നെ മുന്നോട്ട് വച്ചുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ പ്രധാന പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിങുമായി സഞ്ജു നേരത്തെ കൂടിക്കാഴ്ച നടത്തിയത് മുതല്‍ ചെന്നൈയുമായി ബന്ധപ്പെട്ട് താരത്തിന്‍റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുമുണ്ട്. ആര്‍. അശ്വിനും സഞ്ജു ചെന്നൈയിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.
എന്നാലിതാ ചെന്നൈയ്ക്കും മുന്‍പ് സഞ്ജുവിനെ റാഞ്ചാന്‍ മറ്റൊരു ടീം കാത്തിരിക്കുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര പറയുന്നത്. 'എന്‍റെ മനസിലേക്ക് ആദ്യം വന്നത് ചെന്നൈയുടെ പേരല്ല.. അത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. കൊല്‍ക്കത്തയ്ക്ക് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെ കിട്ടിയാല്‍ അതില്‍പരം സന്തോഷം മറ്റൊന്നുമുണ്ടാകില്ല. മാത്രവുമല്ല, അങ്ങനെയെത്തുന്നയാള്‍ ടീമിനെ നയിക്കാന്‍ കൂടി പര്യാപ്തനാണെങ്കില്‍ സന്തോഷം ഇരട്ടിയായില്ലേ?'– ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലിലൂടെ ചോദ്യമുയര്‍ത്തുന്നു.
അജിന്‍ക്യ രഹാനെ മോശം ക്യാപ്റ്റനാണെന്ന് താന്‍ പറഞ്ഞതിന് അര്‍ഥമില്ലെന്നും ചോപ്ര വിശദീകരിച്ചു. എന്നാല്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ രഹാനെയ്ക്ക് ചില പരിമിതികള്‍ ഉണ്ടെന്നും പ്രായവും ഒരു ഘടകമാണെന്നും ഇത് രണ്ടും സഞ്ജുവിന് അനുകൂലഘടകമാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു. ശ്രേയസ് അയ്യര്‍ നയിച്ചപ്പോള്‍ ഒഴികെ ടീമില്‍ ബാറ്റിങ് ഫ്ലെക്സിബിളിറ്റി ഉണ്ടായിരുന്നില്ലെന്നും മികച്ച വിക്കറ്റ് കീപ്പറുടെ അഭാവം പ്രകടമാണെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിനെ കൊണ്ടുവന്ന് ഇത് പരിഹരിക്കാമെന്ന് മാനെജ്മെന്‍റ് ചിന്തിക്കുന്നുണ്ടെന്നും ചോപ്ര പറയുന്നു. രഹാനെ ഓപ്പണറായി ഇറങ്ങിയാലും അല്ല, മറ്റേത് പൊസിഷനില്‍ ഇറങ്ങിയാലും എവിടെയൊക്കെയോ ചെറിയ തകരാറുകള്‍ ഉണ്ട്. സഞ്ജുവിനെ എടുക്കാന്‍ മറ്റാരെയെങ്കിലും റിലീസ് ചെയ്യേണ്ടതായി വരും. വെങ്കിടേഷ് അയ്യരുണ്ടെല്ലോ, റിലീസ് ചെയ്താല്‍ 24 കോടിയോളം ലാഭിക്കാം. ടീമില്‍ വരുന്ന മാറ്റം അനുഭവിച്ച് അറിയുകയും ചെയ്യാം'- ചോപ്ര വിശദീകരിക്കുന്നു.
കൊല്‍ക്കത്തയില്‍ നിന്നാണ് സഞ്ജുവിന്‍റെ ഐപിഎല്‍ തുടക്കം. പിന്നീട് രാജസ്ഥാനിലെത്തിയ താരം ക്യാപ്റ്റനായി ഉയരുകയും ചെയ്തു. പക്ഷേ 2025 ലെ മെഗാലേലത്തിന് മുന്‍പ് രാജസ്ഥാന്‍ സ്ട്രാറ്റജി മാറ്റിയതോടെ സഞ്ജുവിനും ടീമിനുമിടയില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തു. ജോസ് ബട്ലറെ ഉപേക്ഷിച്ച് യശസ്വിയെയും വൈഭവിനെയും മാനെജ്മെന്‍റ് തിരഞ്ഞെടുത്തതും വലിയ മാറ്റമാണ് ടീമിന്‍റെ ഘടനയില്‍ ഉണ്ടാക്കിയെടുത്തത്. ഇത്തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടായതോടെ ക്യാപ്റ്റനാണെങ്കിലും സഞ്ജുവിന് റോള്‍ നഷ്ടപ്പെട്ടെന്ന് വിലയിരുത്തുന്നവരും കുറവല്ല.
യശസ്വിക്കൊപ്പം ഓപ്പണറാകണമെന്ന സഞ്ജുവിന്‍റെ ആഗ്രഹത്തിനൊപ്പം മാനെജ്മെന്‍റ് നിന്നതോടെയാണ് ബട്ലറെ റിലീസ് ചെയ്യേണ്ടി വന്നത്. അന്ന് സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സ് മാനെജ്മെന്‍റുമായി അത്രയ്ക്കും ദൃഢമായ ബന്ധമാണ് ഉണ്ടായിരുന്നത്. ടീമിലാരൊക്കെ വേണം, വേണ്ട എന്ന് തീരുമാനിക്കുന്നതിലും വലിയൊരളവ് റോള്‍ സഞ്ജുവിനുണ്ടായിരുന്നു. എന്നാല്‍ ആ സ്ഥിതി ഇന്നില്ല. യശസ്വിക്ക് പുറമെ കഴിഞ്ഞ സീസണ്‍ മുതല്‍ വൈഭവും ടീമിലുണ്ട്. ഇതോടെ ഓപ്പണര്‍മാര്‍ രണ്ടുപേരായി. ബാറ്റിങ് ഓര്‍ഡറില്‍ തൊട്ടുപിന്നിലായി ജുറേലുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ ഇനി ടീമില്‍ തുടരാന്‍ സഞ്ജുവിനും ബുദ്ധിമുട്ടുണ്ടാകും'. അതു തന്നെയാകും തന്നെ റിലീസ് ചെയ്യണമെന്ന് മാനെജ്മെന്‍റിനോട് ആവശ്യപ്പെടാന്‍ സഞ്ജുവിനെ നിര്‍ബന്ധിതനാക്കിയതുമെന്നും ചോപ്ര വിലയിരുത്തുന്നു.