dhoni-sanju

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് പിന്നാലെ കൂടുതല്‍ ഐപിഎല്‍ ടീമുകള്‍. 2026 സീസണിന് മുന്നോടിയായുള്ള മിനി ലേലത്തില്‍ സഞ്ജു ലഭ്യമായാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം മറ്റൊരു ഐപിഎല്‍ ടീം കൂടി താരത്തിനായി ലേലത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള സഞ്ജു അടുത്ത സീസണ്‍ മുതല്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. 

സഞ്ജുവിനായുള്ള മല്‍സരത്തില്‍ ഒന്നാമതുള്ളത് ചെന്നൈ സൂപ്പര്‍ കിങ്സാണ്. ചെന്നൈയുടെ മുഖമായ എംഎസ് ധോണിയുടെ ഐപിഎല്‍ കരിയറിന് ശേഷം ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഒരാളാണ് സഞ്ജു. താരത്തെ ലേലത്തിന് മുന്‍പ് സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ പ്ലാന്‍. ഇത് നടന്നില്ലെങ്കില്‍ 2026 ലെ മിനി ലേലത്തില്‍ ചെന്നൈ സഞ്ജുവിനായി ഉണ്ടാകും എന്നാണ് ഖേല്‍നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലേലത്തിലേക്ക് പോയാല്‍ ചെന്നൈയ്ക്ക് എതിരാളിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും  സഞ്ജുവിനായെത്തും എന്നാണ് വിവരം. 2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഭാഗമാണ് സഞ്ജു. രണ്ട് വര്‍ഷത്തേക്ക് ഫ്രാഞ്ചൈസിയെ വിലക്കിയ സമയത്ത് ഡല്‍ഹിക്കായാണ് സഞ്ജു കളിച്ചത്. 2018 ല്‍ രാജസ്ഥാനില്‍ തിരിച്ചെത്തിയ സഞ്ജു കഴിഞ്ഞ സീസണ്‍ വരെ ടീമിന്‍റെ ഭാഗമായിരുന്നു. 2021 ലാണ് രാജസ്ഥാന്‍ സഞ്ജുവിനെ നായകനാക്കുന്നത്. 2022 സീസണില്‍ ഫൈനലിലെത്തിയതാണ് നായകനായ സഞ്ജുവിന്‍റെ കീഴില്‍ രാജസ്ഥാന്‍റെ മികച്ച പ്രകടനം. 

രാജസ്ഥാന്‍ ക്യാപ്റ്റനായിരുന്ന സഞ്ജുവിന് പരുക്കിനെ തുടര്‍ന്ന് സീസണിലെ മുഴുവന്‍ മല്‍സരവും കളിക്കാന്‍ സാധിച്ചിരുന്നില്ല. റിയാൻ പരാഗ് നയിച്ച രാജസ്ഥാൻ റോയൽസ് പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തായാണ് സീസൺ അവസാനിപ്പിച്ചത്. 4027 റണ്‍സോടെ രാജസ്ഥാനായി ഐപിഎലില്‍ ഏറ്റവും കൂടുതല്‍ റണ്‍ സ്കോര്‍ ചെയ്ത താരമാണ് സഞ്ജു. നേരത്തെ സഞ്ജുവിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാക്കി താരം ചെന്നൈയിലേക്ക് മാറുമെന്ന് ആരാധകര്‍ പ്രചരിപ്പിച്ചിരുന്നു

ENGLISH SUMMARY:

Reports suggest more IPL teams, including Chennai Super Kings and Kolkata Knight Riders, are eyeing Sanju Samson for the 2026 mini-auction, amidst rumors of him leaving Rajasthan Royals after years with the franchise.