dhoni-sanju

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണ്‍ ഇറങ്ങുകയാണോ?. ഐപിഎലിന് ശേഷം സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിനെ ആരാധകര്‍ വ്യാഖ്യാനിക്കുന്നത് ചെന്നൈയിലേക്കുള്ള കൂടമാറ്റമായാണ്. ഭാര്യ ചാരുലതയ്ക്കൊപ്പമുള്ള ചിത്രവും ക്യാപ്ഷനും എല്ലാം ചേര്‍ത്താണ് ആരാധകര്‍ സഞ്ജുവിന്‍റെ കൂടുമാറ്റം പ്രവചിക്കുന്നത്. 

'മാറാന്‍ സമയമായി' എന്നാണ് സഞ്ജു സംസണ്‍ ഫോട്ടോയുടെ തലകെട്ടായി കുറിച്ചത്. റോഡിലെ മഞ്ഞവരയിലേക്ക് ഇറങ്ങി നില്‍ക്കുന്നതാണ് ചിത്രം. ഫോട്ടോയുടെ കൂടെ നല്‍കിയിരിക്കുന്ന ഗാനം തമിഴ് ചിത്രമായ ഏഴാം അറിവിലേതാണ്. എല്ലാം കൊണ്ടും ചെന്നൈയിലേക്കുള്ള മാറ്റമായി ചിത്രീകരിക്കുകയാണ് ആരാധകര്‍. ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് സ്വാഗതം എന്നാണ് പോസ്റ്റിന് താഴെയുള്ള ആരാധകരുടെ കമന്‍റ്. 

2026 സീസണിന് മുന്‍പ് നടക്കുന്ന മിനി ലേലത്തിലൂടെ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് സാധിക്കും. എന്നാല്‍ ലേലത്തിന് മുന്‍പ് സഞ്ജുവിനെ രാജസ്ഥാന്‍ റിലീസ് ചെയ്യണം. രാജസ്ഥാന്‍ ക്യാപ്റ്റനായിരുന്ന സഞ്ജുവിന് പരുക്കിനെ തുടര്‍ന്ന് സീസണിലെ മുഴുവന്‍ മല്‍സരവും കളിക്കാന്‍ സാധിച്ചിരുന്നില്ല. റിയാൻ പരാഗ് നയിച്ച രാജസ്ഥാൻ റോയൽസ് പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തായാണ് സീസൺ അവസാനിപ്പിച്ചത്. 4027 റണ്‍സോടെ രാജസ്ഥാനായി ഐപിഎലില്‍ ഏറ്റവും കൂടുതല്‍ റണ്‍ സ്കോര്‍ ചെയ്ത താരമാണ്   സഞ്ജു. 

നിലവില്‍ ഋതുരാജ് ഗെയ്‍ക്വാദ് ആണ് ചെന്നൈ ക്യാപ്റ്റന്‍. ഋതുരാജിന് പരിക്കേറ്റതിന് പിന്നാലെ ധോണി ചെന്നൈയെ നയിച്ചതെങ്കിലും 10–ാം സ്ഥാനത്തായാണ് ടീം സീസൺ അവസാനിപ്പിച്ചത്. 

ENGLISH SUMMARY:

After IPL 2025, Sanju Samson's Instagram post sparks speculation among fans about a potential move to Chennai Super Kings. A photo with his wife Charulatha fuels the transfer rumours.