Ahmedabad: Royal Challengers Bengaluru s captain Rajat Patidar lifts the championship trophy as players celebrate during the presentation ceremony of the Indian Premier League (IPL) 2025 final, at the Narendra Modi Stadium, in Ahmedabad, Tuesday, June 3, 2025. (PTI Photo/Arun Sharma) (PTI06_04_2025_000093A)
ഐപിഎല്‍ കിരീട നേട്ടത്തിന് പിന്നാലെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഉടമസ്ഥാവകാശം ഒഴിയാന്‍ ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ ഓഹരിക്കൈമാറ്റത്തിന് കമ്പനി ആലോചിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും പുരോഗമിക്കുന്നുവെന്നും കമ്പനിയോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 200 കോടി ഡോളറാകും ആര്‍സിബിക്ക് വിലയിരുത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. കമ്പനി അവരുടെ ഇന്ത്യന്‍ യൂണിറ്റായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിലൂടെയാണ് ആര്‍സിബിയെ സ്വന്തമാക്കിയിരുന്നത്.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിജയാഘോഷം ദുരന്തമായതിന് പിന്നാലെയാണ് ക്ലബ് വില്‍പ്പനയ്ക്കെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. 11 പേരാണ് തിക്കിലും തിരക്കിലും മരിച്ചത്. സംഭവത്തില്‍ ആര്‍സിബിയ്ക്കും ഇവന്‍റ് മാനെജ്മെന്‍റ് കമ്പനിക്കുമെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം ക്ലബ് വില്‍പ്പന സംബന്ധിച്ച വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഡിയാജിയോ തയ്യാറായിട്ടില്ല
ഐപിഎല്‍ മല്‍സരങ്ങളില്‍ മദ്യവും പുകവലിയും പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ വിലക്കാന്‍ ആരോഗ്യമന്ത്രാലയം നിലപാടെടുത്തതാണ് കമ്പനിയുടെ ഉടമസ്ഥാവകാശം ഒഴിയുന്നതിനെ കുറിച്ചുള്ള ആലോചനകളിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കായികതാരങ്ങള്‍ ലഹരിപദാര്‍ഥങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനെതിരെയും ഐപിഎല്‍ നിലപാടെടുത്തിരുന്നു. ഡിയാജിയോയാവട്ടെ ക്രിക്കറ്റ് താരങ്ങളെ ഉപയോഗിച്ച് സോഡ പോലെയുള്ളവയുടെ പരസ്യങ്ങളാണ് ചെയ്തുവന്നിരുന്നത്.
ഐപിഎലിന്‍റെ പ്രാരംഭകാലം മുതലുള്ള ടീമാണ് ആര്‍സിബി. അന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും മദ്യരാജാവുമായിരുന്ന വിജയ് മല്യയുടേതായിരുന്നു ടീം. കടബാധ്യത വീട്ടാനാവാതെ വന്നതോടെ മല്യയില്‍ നിന്നും ഡിയാജിയോ ആര്‍സിബിയുടെ ഉടമസ്ഥാവകാശം നേടിയെടുത്തു. വാര്‍ത്തകളില്‍ പ്രചരിക്കുന്നത് പോലെ ആര്‍സിബി വില്‍ക്കുകയാണെങ്കില്‍ ഐപിഎലില്‍ അത് ചരിത്രമാകും. നാഷനല്‍ ഫുട്ബോള്‍ ലീഗ് പോലെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പോലെ ലോകവ്യാപകമായി ഐപിഎലിനും ആരാധകരുണ്ട്. മൂന്ന് മണിക്കൂര്‍ നീളുന്ന മല്‍സരം കോടിക്കണക്കിന് ആളുകളാണ് ടെലിവിഷനിലും ഒടിടിയിലൂടെയും കാണുന്നത്.