അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല.. ഐപിഎല്‍ പതിനെട്ടാം സീസണിലെ ഓറഞ്ച് ക്യാപ് ഗുജറാത്ത് താരം സായ് സുദര്‍ശന്. 15 മല്‍സരങ്ങളില്‍ നിന്നായി 759 റണ്‍സാണ് സായ് അടിച്ചു കൂട്ടിയത്. സൂര്യകുമാര്‍ യാദവ് 717 റണ്‍സുമായി രണ്ടാമതും 657 റണ്‍സുമായി കോലി മൂന്നാമതുമാണ്. 650 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ നാലാമതും മിച്ചല്‍ മാര്‍ഷ് (627) അഞ്ചാമതുമാണ്. പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാവട്ടെ 604 റണ്‍സുമായി ഈ സീസണില്‍ ആറാമനായി. മുംബൈക്കെതിരായ മല്‍സരത്തില്‍ 41 പന്തില്‍ നിന്നും നേടിയ 87 റണ്‍സാണ് റണ്‍വേട്ടയില്‍ പതിനൊന്നാമനായിരുന്ന ശ്രേയസ് അയ്യരെ ആറാം സ്ഥാനത്തേക്ക് എത്തിച്ചത്. ഇതോടെ ഈ സീസണില്‍ 600 കടക്കുന്ന ആറാം ബാറ്ററും ശ്രേയസ് ആയി.
കഴിഞ്ഞ സീസണില്‍ 741 റണ്‍സുമായി വിരാട് കോലിയായിരുന്നു ഓറഞ്ച് ക്യാപ് നേടിയത്. അന്ന് 527 റണ്‍സുമായി സായ് സുദര്‍ശന്‍ ആറാമനായിരുന്നു. കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത പരാഗിനും സഞ്ജുവിനും ഇക്കുറി ആദ്യ പത്തില്‍ പോലും ഇടം കണ്ടെത്താനായില്ല.
സീസണില്‍ ഏറ്റവുമധികം സിക്‌സടിച്ചവരുടെ പട്ടികയില്‍ ഒന്നാമന്‍ നിക്കൊളാസ് പൂരനാണ്. 14 മല്‍സരങ്ങളിലായി 40 തവണ പൂരന്‍ പന്ത് ആകാശം തൊട്ടു. 39 സിക്‌സറുകളുമായി ശ്രേയസ് അയ്യര്‍ തൊട്ടുപിന്നിലുണ്ട്. 38 സിക്‌സറുകളുമായി സൂര്യകുമാറാണ് മൂന്നാമന്‍. മിച്ചല്‍ മാര്‍ഷ് (38), അഭിഷേക് ശര്‍മ (37) എന്നിങ്ങവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.
മികച്ച വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് 25 വിക്കറ്റുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം പ്രസിദ്ധ് കൃഷ്ണ നേടി. 15 മല്‍സരങ്ങളില്‍ നിന്നായി 8.3 ശരാശരിയിലാണ് പ്രസിദ്ധിന്റെ നേട്ടം. സിഎസ്‌കെ താരം നൂര്‍ അഹമ്മദിന്റെയും ട്രെന്റ് ബോള്‍ട്ടിന്റെയും പോരാട്ടം 24 ,22 വിക്കറ്റുകളില്‍ അവസാനിച്ചു. 21 വിക്കറ്റുമായി ഹേസല്‍വുഡ് നാലാമതും 19 വിക്കറ്റ് നേടിയ സായ് കിഷോര്‍ അഞ്ചാമതും 18 വിക്കറ്റുമായി ബുമ്ര ആറാമതുമാണ്.