ഐപിഎലില്‍ കന്നി കിരീടം ചൂടിയ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്‍റെ വിക്ടറി പരേധിന് അനുമതി. ആരാധകരുടെ തിരക്ക് കാരണം വിക്ടറി പരേഡിന് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ആരാധകരുടെയും ക്ലബ്ബിന്‍റെയും വലിയ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് വിധാന്‍സൗധയില്‍ നിന്ന് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പരേഡ് അനുവദിച്ചത്. വിരാട് കോലി അടക്കമുള്ള താരങ്ങള്‍ തുറന്ന വാഹനത്തില്‍ ടീമിന്റെ വിക്ടറി പരേഡില്‍ പങ്കെടുക്കും.
തിരക്ക് പരിഗണിച്ച് ഐ.പി.എല്ലിലെ വിജയാഘോഷത്തിന്റെ ഭാഗമായുള്ള ആര്‍.സി.ബിയുടെ വിക്ടറി പരേഡ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാത്രമാക്കി ചുരുക്കിയിരുന്നു. ഇതിന് പിന്നാലെ വലിയ സമ്മര്‍ദ്ദമാണ് സര്‍ക്കാറിനും പൊലീസിനുമുകളിലും ഉണ്ടായത്. ആര്‍സിബി ആരാധകര്‍ കാത്തിരുന്ന നിമിഷമായതിനാല്‍ ക്ലബ് അടക്കം വിക്ടറി പരേധിന് വാദിക്കുകയായിരുന്നു. കര്‍ണാടകയിലെ നിയമസഭാ മന്ദിരമായ വിധാന്‍ സൗധയിലെ സ്വീകരണത്തിന് ശേഷമാകും പരേഡ്. ടീം നിലവില്‍ വിധാന്‍സൗധയിലെത്തി.
അതേസമയം ബെംഗളൂരു നഗരം പൂര്‍ണമായും നിശ്ചലമായിട്ടുണ്ട്. വിധാന്‍സൗധയുടെ മുന്‍ഭാഗത്തെ റോഡ് മുഴുവന്‍ ആരാധകരെ കൊണ്ട് നിറഞ്ഞു. വിധാന്‍സൗധയില്‍ നിന്നും ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള ഒന്നര കിലോമീറ്റര്‍ ദൂരം മുഴുവന്‍ ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നേരത്തെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷ റാലിക്കിടെ രണ്ടുമരണം. കര്‍ണാടക ശിവമൊഗ്ഗയില്‍ റാലിക്കിടെ ബൈക്ക് മറിഞ്ഞ് യുവാവും ബെളഗാവിയില്‍ ആഘോഷത്തിനിടെ ഹൃദയഘാതമുണ്ടായി ഒരാള്‍ മരിച്ചിരുന്നു.