ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെതിരെ കൂറ്റന്‍ ജയം നേടി ബെംഗളൂരു ഫൈനലില്‍. 102 റണ്‍സ് വിജയ ലക്ഷ്യം 10 ഓവര്‍ ശേഷിക്കെ മറികടന്നു. ഫില്‍ സാള്‍ട്ടിന് അര്‍ധസെഞ്ചറി. ബെംഗളൂരുവിനായി 3 വിക്കറ്റ് നേട്ടവുമായി സുയാഷ് ശര്‍മയും ജോഷ് ഹേസല്‍വുഡും.
പഞ്ചാബ് കിങ്സിനെ തകര്‍ത്തെറിഞ്ഞായിരുന്നു ഐപിഎലിലെ നാലാം ഫൈനലിലേക്ക് റോയൽ ചാലഞ്ചേഴ്സിന്റെ പ്രവേശനം. 27 പന്തുകൾ നേരിട്ട ഫിൽ സോൾട്ട് 56 റൺസെടുത്തു പുറത്താകാതെനിന്നു. വിരാട് കോലി (12 പന്തിൽ 12), മയങ്ക് അഗർവാൾ (13 പന്തിൽ 19), രജത് പാട്ടീദാർ (എട്ടു പന്തിൽ 15) എന്നിങ്ങനെയാണു മറ്റു ബാറ്റർമാരുടെ സ്കോറുകൾ.മറുപടി ബാറ്റിങ്ങിൽ അനായാസമായിരുന്നു ആര്‍സിബിയുടെ ബാറ്റിങ്. സ്കോര്‍ 30 ൽ നില്‍ക്കെ വിരാട് കോലിയുടെ നഷ്ടമായെങ്കിലും ടീം പതറിയില്ല. പവർപ്ലേയിൽ ടീം നേടിയത് 61 റൺസ്. ഫിൽ സോൾട്ട് അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നതോടെ 10 ഓവറിൽ ആർസിബി വിജയ റൺസ് കുറിച്ചു. മുഷീർ ഖാന്റെ പത്താം ഓവറിലെ അവസാന പന്തിൽ സിക്സർ തൂക്കി രജത് പാട്ടീദാറാണ് ആർസിബിക്കായി വിജയ റൺസ് കുറിച്ചത്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് 14.1 ഓവറിൽ 101 റൺസെടുത്തു പുറത്തായി. 17 പന്തിൽ 26 റൺസടിച്ച മാർകസ് സ്റ്റോയ്നിസാണ് പഞ്ചാബ് കിങ്സിന്റെ ടോപ് സ്കോറർ. പ്രബ്സിമ്രൻ സിങ് (10 പന്തിൽ 18), അസ്മത്തുല്ല ഒമർസായി (12 പന്തിൽ 18) എന്നിവരാണ് പഞ്ചാബിന്റെ മറ്റു പ്രധാന സ്കോറർമാർ. പ്രിയൻഷ് ആര്യ (ഏഴ്), ജോഷ് ഇംഗ്ലിഷ് (നാല്), ശ്രേയസ് അയ്യർ (രണ്ട്), നേഹൽ വധേര (എട്ട്), ശശാങ്ക് സിങ് (മൂന്ന്), ഹർപ്രീത് ബ്രാർ (നാല്) എന്നിവരെല്ലാം ബാറ്റിങ്ങിൽ നിരാശപ്പെടുത്തി.
തോറ്റെങ്കിലും ഫൈനല്‍ യോഗ്യത ഉറപ്പാക്കാൻ പഞ്ചാബിന് ഒരു അവസരം കൂടി ലഭിക്കും. വെള്ളിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യൻസ്– ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിലെ വിജയികളിലെ രണ്ടാം ക്വാളിഫയറിൽ തോൽപിച്ചാൽ പഞ്ചാബിന് കലാശപ്പോരിലേക്ക് കടക്കാം