ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിങ്സിന് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 185 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. പ്രിയാന്‍ഷ് ആര്യ(62), ജോഷ് ഇഗിന്‍സ് (73) എന്നിവരുടെ പ്രകടനം ജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. നിര്‍ണായക മല്‍സരത്തിലെ ജയത്തോടെ പഞ്ചാബ് കിങ്സ് ഒന്നാം ക്വാളിഫയർ ഉറപ്പിച്ചു.
മുംബൈ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം 9 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. വിജയത്തോടെ 14 മത്സരങ്ങളിൽ 19 പോയിന്റുമായി പഞ്ചാബ് കിങ്സ് ഒന്നാം സ്ഥാനത്തെത്തി. സീസണിലെ ആറാം തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസിന് 16 പോയിന്റുണ്ട്. മുംബൈക്കായി സാന്റ്നര്‍ രണ്ടും ബുംമ്ര ഒന്നും വീതം വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. അർധ സെഞ്ചറി നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ. 39 പന്തിൽ രണ്ടു സിക്സും ആറു ഫോറുകളുമുൾപ്പടെ 57 റൺസെടുത്ത് സൂര്യ പുറത്താകാതെനിന്നു. റയാൻ റിക്കിൾട്ടൻ (27), ഹാർദിക് പാണ്ഡ്യ (26), രോഹിത് ശർമ ( 24) എന്നിവരാണു മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ. പഞ്ചാബ് കിങ്സിനായി അർഷ്ദീപ് സിങ്, മാർകോ യാന്‍സൻ, വിജയകുമാർ വൈശാഖ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.