ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ വലിയ വിലയ്ക്ക് ടീമിലെത്തിയ പല താരങ്ങളുടെയും പ്രകടനം മോശമായിരുന്നു. ഋഷഭ് പന്തിന് ശേഷം ഏറ്റവും കൂടുതല്‍ തുകയ്ക്ക് ടീമിലെത്തിയത് ഇന്ത്യന്‍ താരമായ വെങ്കിടേഷ് അയ്യരാണ്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇംപാക്ട് സബ്സ്റ്റിറ്യൂട്ട് ലിസ്റ്റിലായിരുന്നു വെങ്കിടേഷ് അയ്യരുടെ സ്ഥാനം. 23.75 കോടി രൂപയ്ക്ക് മെഗാലേലത്തില്‍ വാങ്ങിയ താരത്തെ അവസന മല്‍സരത്തില്‍ ടീം ഉപയോഗപ്പെടുത്തിയില്ല. പൊന്നും വിലയുള്ള താരത്തെ കളിപ്പിക്കാതിരുന്നത് അടുത്ത സീസണിലേക്കുള്ള സൂചനയാണ് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
വെങ്കിടേഷ് അയ്യരെ ഫ്രാഞ്ചൈസി അടുത്ത സീസണിന് മുന്‍പ് ഒഴിവാക്കുകയും കുറഞ്ഞ തുകയ്ക്ക് തിരികെ വാങ്ങാന‍് ശ്രമിക്കുകയും ചെയ്തേക്കാം എന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം. 'മനീഷ് പാണ്ഡെയെയും അങ്ക്രിഷ് രഘുവംശിയെയും ബാറ്റ് ചെയ്യാൻ വിളിച്ചു. രാമൻദീപ് സിംഗിനെയും റിങ്കു സിംഗിനെയും കളിപ്പിച്ചു.എല്ലാവരെയും കളിപ്പിച്ചു, പക്ഷേ വെങ്കിയെ ഒഴിവാക്കി' എന്നാണ് ആകാശ് ചോപ്ര യൂട്യൂബ് വിഡിയോയില്‍ പറയുന്നത്.
അടുത്ത വർഷം വെങ്കിടേഷ് അയ്യരെ പുറത്താക്കും എന്നതിന്റെ സൂചനയാണോ ഇതെന്നാണ് യൂട്യൂബ് വിഡിയോയില്‍ ചോപ്ര ചോദിക്കുന്നത്. '23 കോടിയെ ഒഴിവാക്കും, പിന്നെ കുറഞ്ഞ വിലയ്ക്ക് തിരികെ വാങ്ങാൻ ശ്രമിക്കും. അതൊരു സാധ്യതയാണ്, പക്ഷേ അടുത്ത വർഷത്തേക്കുള്ളൊരു സൂചന ലഭിച്ചെന്നാണ് ഞാൻ കരുതുന്നത്', ചോപ്ര പറഞ്ഞു. ഐപിഎല്‍ മെഗാലേലത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായിരുന്നു വെങ്കിടേഷ് അയ്യര്‍. 11 മല്‍സരങ്ങള്‍ കളിച്ച താരം 142 റണ്‍സാണ് ആകെ നേടിയത്. 20.29 ആണ് ശരാശരി. 139.22 ആണ് താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്.
റിങ്കു സിങും ആന്ദ്രേ റസലും പോലുള്ള പ്രധാന കളിക്കാരുടെ മോശം ബാറ്റിങ് പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേഓഫ് കടക്കാതെ പുറത്താകാന്‍ കാരണമെന്നാണ് ക്യാപ്റ്റൻ അജിന്‍ക്യ രഹാനെ പറഞ്ഞത്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത എട്ടാം സ്ഥാനക്കാരായാണ് ഇത്തവണ സീസണ്‍ അവസാനിപ്പിച്ചത്.