ഐപിഎല്‍ പ്ലേഓഫിലേക്ക് കടക്കുമ്പോള്‍ ആദ്യമെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സും ആര്‍സിബിയും പഞ്ചാബ് കിങ്സും. ഡല്‍ഹിക്കെതിരെ 10 വിക്കറ്റ് ജയത്തോടെ 12 മല്‍സരത്തില്‍ നിന്ന് 18 പോയിന്‍റോടെയാണ് ഗുജറാത്തിന്‍റെ പ്ലേഓഫ് യോഗ്യത. പഞ്ചാബ് കിങ്സിനും ആര്‍സിബിക്കും ഇത്രയും മല്‍സരങ്ങളില്‍ നിന്നും 17 പോയിന്‍റാണുള്ളത്.
കഴിഞ്ഞ ആറു സീസണില്‍ നിന്നായി ആര്‍സിബിയുടെ അഞ്ചാമത്തെ പ്ലേഓഫാണിത്. മൂന്നാം തവണയാണ് ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫിലേക്ക് എത്തുന്നത്. പഞ്ചാബിന്‍റെ 11 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് പ്ലേഓഫ്. ഇക്കൂട്ടത്തിലേക്ക് ബാക്കിയുള്ള ഒരു സ്ഥാനത്തിനായി പോരാട്ടം മൂന്ന് ടീമുകള്‍ തമ്മിലാണ്.
ലീഗ് സ്റ്റേജില്‍ ഇനി ബാക്കിയുള്ളത് പത്ത് മല്‍സരങ്ങളാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്നൗ സൂപ്പര്‍ ജയ്ന്‍റസ് എന്നിവര്‍ക്കാണ് ഇനി പ്ലേഓഫിലേക്ക് സാധ്യതയുള്ളത്. കുറഞ്ഞ സാധ്യത ലഖ്നൗവിനും സാധ്യത കൂടുതല്‍ മുംബൈയ്ക്കും.
ബാക്കിയുള്ള രണ്ട് മല്‍സരങ്ങളും വലിയ മാര്‍ജിനില്‍ ജയിക്കുകയും മുബൈ ബാക്കിയുള്ള രണ്ടും ഡല്‍ഹി ബാക്കിയുള്ള ഒരു മല്‍സരവും തോറ്റാല്‍ ലഖ്നൗവിന് പ്ലേഓഫിലെത്താം. എന്നാല്‍ ബാക്കിയുള്ള മല്‍സരങ്ങള്‍ ജയിച്ചാല്‍ 17 പോയിന്‍റ് നേടാന്‍ സാധ്യതയുള്ളത് മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും മാത്രമാണ്.
നിലവില്‍ 12 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്‍റാണ് മുംബൈയ്ക്കുള്ളത്. മേയ് 21 ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സ്– ഡല്‍ഹി ക്യാപിറ്റല്‍സ് മല്‍സരത്തില്‍ മുംബൈ ജയിച്ചാല്‍ 16 പോയിന്‍റാകും. അടുത്ത മല്‍സരം പഞ്ചാബ് കിങ്സിനോടും ജയിച്ചാല്‍ 18 പോയിന്‍റോടെ പ്ലേഓഫ് ഉറപ്പിക്കാം.
ഡല്‍ഹിയെ തോല്‍പ്പിച്ച ശേഷം അവസാന മല്‍സരത്തില്‍ പഞ്ചാബിനോട് തോറ്റാലും മുംബൈയ്ക്ക് പ്ലേഓഫിലെത്താം. ഇതിന് ലഖ്നൗ ഏതെങ്കിലും ഒരു മല്‍സരത്തില്‍ തോല്‍ക്കണം.
അടുത്ത മല്‍സരങ്ങളില്‍ മുംബൈയെയും പഞ്ചാബ് കിങ്സിനെയും തോല്‍പ്പിച്ചാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് പ്ലേഓഫിലെത്താന്‍ സാധിക്കും. മുംബൈയോട് തോറ്റാല്‍ പ്ലേഓഫ് പ്രതീക്ഷ അവസാനിക്കും.