ഐപിഎല്‍ താരലേലത്തില്‍ തുടക്കത്തില്‍ ആരും വാങ്ങാതിരുന്ന താരമായിരുന്നു പൃഥി ഷാ. ആദ്യ രണ്ട് റൗണ്ടിന് ശേഷവും ഇന്ത്യന്‍ താരത്തെ വാങ്ങാന്‍ ആരും മുന്നോട്ടു വന്നില്ല. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന പൃഥി ഷായെ മുന്‍ ടീമായ ഡല്‍ഹി പോലും ആദ്യം പരിഗണിച്ചില്ല. അതിന് പിന്നാലെ ഹൃദയം തകര്‍ന്ന ഇമോജിയിട്ട് 'ഇറ്റ്സ് ഓകെ' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പൃഥി ഷാ സ്റ്റാറ്റസ് ഇട്ടത്.
പിന്നീട് നടന്ന ആക്സിലറേറ്റഡ് താരലേലത്തില്‍ മൂന്നാം വട്ടവും പൃഥ്വിയുടെ പേര് വന്നപ്പോഴാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ പരിഗണിച്ചത്. അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണ് പൃഥ്വി ഷായെ ഡല്‍ഹി ടീമിലെടുത്തത്. ഇതോടെ പഴയ സ്റ്റാറ്റസ് ഡീലിറ്റ് ചെയ്ത പൃഥ്വി ഷാ ഡല്‍ഹി ക്യാപ്റ്റൻ അക്സര്‍ പട്ടേലിനൊപ്പമുള്ള സെല്‍ഫി സ്റ്റാറ്റസാക്കി. ബാക്ക് ടു ഫാമിലി എന്നാണ് പൃഥി ഷാ കുറിച്ചത്. 2018-2024 വരെ ഡല്‍ഹിയില്‍ കളിച്ച താരമാണ് പൃഥി ഷാ
ഈ വര്‍ഷം രഞ്ജി ട്രോഫിയില്‍ വേഗതയേറിയ ഇരട്ട സെഞ്ചറി നേടിയ താരം ഐപിഎല്‍ ലേലത്തില്‍ പ്രതീക്ഷയിലായിരുന്നു. 2018 ല്‍ അരങ്ങേറിയ പൃഥി ഷാ ഇന്ത്യയ്ക്കായി അഞ്ചു ടെസ്റ്റും ആറു ഏകദിനങ്ങളും മാത്രമാണ് കളിച്ചത്. 2021 ലാണ് അവസാനം പൃഥി ഷാ ഇന്ത്യന്‍ ടീമില്‍ കളിച്ചത്.