ഐപിഎല്‍ നിര്‍ണായകമായ പ്ലേഓഫിലേക്ക് കടക്കുമ്പോള്‍ ടീമുകള്‍ക്ക് പ്രതിസന്ധിയാവുകയാണ് താരങ്ങളുടെ പരുക്ക്.  ഗ്ലേന്‍ മാക്സ്‍വെല്ലിന് വിരലിനേറ്റ പരുക്കാണ് പഞ്ചാബ് കിങ്സിന് പുതിയി തിരിച്ചടി. മാക്സ്‍വെല്ലിന്‍റെ പകരക്കാരനെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വ്യക്തമാക്കി. 

ഏപ്രിലിൽ പേസർ ലോക്കി ഫെർഗൂസണെയും പരിക്കു കാരണം പഞ്ചാബിന് നഷ്ടമായിരുന്നു. താരത്തിന് പകരക്കാരനെ ഇതുവരെ ടീം പ്രഖ്യാപിച്ചിട്ടില്ല. ഇതിന് കാരണം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗാണെന്ന് പറയുകയാണ് മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ്. പിഎസ്എല്ലും ഐപിഎല്ലും ഒന്നിച്ച് നടക്കുന്നതിനാല്‍ മികവുള്ള താരങ്ങളെ പകരക്കാരായി കിട്ടാന്‍ പാടാണ് എന്നാണ് റിക്കി പോണ്ടിങ് പറയുന്നത്. 

'അതിനാല്‍ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്. ഇന്ത്യൻ താരങ്ങളെ പകരക്കാരാക്കാന്‍ സാധിക്കുമോ എന്ന കാര്യം  പരിശോധിക്കുകയാണ്. ചില യുവ ഇന്ത്യൻ കളിക്കാര്‍ ടീമിനൊപ്പമുണ്ട്. കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലിച്ച ഇവര്‍ ധരംശാലയിലേക്ക് ടീമിനൊപ്പം എത്തിയിട്ടുണ്ട്. ഇവരില്‍ ചിലരെങ്കിലും പഞ്ചാബ് ടീമിന്‍റെ കരാര്‍ സ്വന്തമാക്കുമെന്നാണ് കരുതുന്നത്' എന്നും റിക്കി പോണ്ടിങ് പറഞ്ഞു. 

10 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ പഞ്ചാബ് കിങ്സ് 13 പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ്. മേയ് നാലിന് ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിനെതിരെയാണ് പഞ്ചാബിന്‍റെ അടുത്ത മല്‍സരം. 

ENGLISH SUMMARY:

Ricky Ponting expresses concern that the Pakistan Super League (PSL) is limiting the availability of top international players for the Indian Premier League (IPL).