ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം ജയവും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ റോയല്‍സിനെ 100 റണ്‍സിന് പരാജയപ്പെടുത്തി. തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേഓഫ് കാണാതെ പുറത്തായി.
218 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ മുംബൈയുടെ പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നുവീഴുകയായിരുന്നു. വൈഭവ് സൂര്യവംശിയടക്കം റോയല്‍സിന്റെ 6 ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. വാലറ്റത്ത് നിന്ന് പോരാടിയ ജോഫ്ര ആര്‍ച്ചറാണ് സ്കോര്‍ നൂറ് കടത്തിയത്. 30 റണ്ണെടുത്ത ആര്‍ച്ചര്‍ തന്നെയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍.
മുംബൈയ്ക്കായി ട്രെന്‍ഡ് ബോള്‍ട്ടും കരണ്‍ ശര്‍മയും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബുംറ രണ്ട് വിക്കറ്റെടുത്തു. നേരത്തേ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് രോഹിത് ശര്‍മയും റയാന്‍ റികല്‍ടണും ചേര്‍ന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്. റികല്‍ടണ്‍ 61 റണ്‍സും രോഹിത് 53 റണ്‍സും നേടി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും തകര്‍ത്തടിച്ചതോടെ മുംബൈ സ്കോര്‍ 200 കടന്നു.