vaibhav-suryavanshi-century-record

14 വയസും 32 ദിവസവും പ്രായം, സ്കൂളില്‍ പോയി നോട്ട് എഴുതേണ്ട പ്രായം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുതിര്‍ന്നവരെ തലങ്ങും വിലങ്ങും ബൗണ്ടറി കടത്തി രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി തിരുത്തിയെഴുതിയത് ട്വന്‍റി 20 ക്രിക്കറ്റിലെ റെക്കോര്‍ഡ് ബുക്കാണ്. 

ഈ സീസണില്‍ രാജസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ ലക്ഷ്യമായിരുന്നു 210 റണ്‍സ്. എന്നാല്‍ വൈഭവ് പ്രഹരിച്ചതോടെ 25 പന്ത് ബാക്കി നില്‍ക്കെ റോയല്‍സ് രാജകീയ വിജയം സ്വന്തമാക്കി. 35 പന്തിലാണ് വൈഭവ് സെഞ്ചറി നേടിയത്. പുറത്താകുമ്പോള്‍ സ്കോര്‍ 35 പന്തില്‍ 101. അതില്‍ ഏഴു ഫോറും 11 സിക്സറുമാണ് വൈഭവ് അടിച്ചെടുത്തത്. 101 റണ്‍സില്‍ 94ഉം നേടിയത്  ബൗണ്ടറികളിലൂടെ. സെഞ്ചറി ഇന്നിങ്സുകളില്‍ ഇതും ചരിത്രമാണ്.

പ്രായവും വേഗവും ചേരുമ്പോള്‍ ട്വന്‍റി 20 ക്രിക്കറ്റിലെ ഒരുപാടിടങ്ങളില്‍ വൈഭവ് പേരെഴുതി ചേര്‍ത്തിട്ടുണ്ട്. 

* ട്വന്‍റി 20 ചരിത്രത്തില്‍ അര്‍ധ സെഞ്ചറിയും (17 പന്തില്‍), സെഞ്ചറിയും (35 പന്തില്‍) നേടുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. ഐപിഎല്ലില്‍ പ്ലേയര്‍ ഓഫ് ദ് മാച്ച് അവാര്‍ഡ് നേടുന്ന  പ്രായം കുറഞ്ഞ താരവും മറ്റാരുമല്ല. 

* ഐപിഎല്ലില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചറിയാണ് വൈഭവിന്‍റേത്. ചേസി‍ങ്ങിലെ വേഗമേറിയ സെഞ്ചറിയും ഇതു തന്നെ. ഐപിഎല്ലില്‍ മൂന്നാം ഇന്നിങ്സിലാണ് വൈഭവ് സെ‍ഞ്ചറി നേടുന്നത്. ഈ തരത്തിലും ഒരു ഇന്ത്യന്‍ താരത്തിന്‍റെ വേഗമേറിയ സെഞ്ചറിയാണിത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം 11 ഓവറിനുള്ളില്‍ സെഞ്ചറി തികയ്ക്കുന്നത്. 

* വൈഭവിന്‍റെ 101 റണ്‍സ് ഇന്നിങ്സില്‍ പിറന്നത് 11 സിക്സര്‍. ഒരു ഐപിഎല്‍ ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണിത്. 2010 ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് താരം മുരളി വിജയ് നേടിയ 11 സിക്സ് എന്ന റെക്കോര്‍ഡിനൊപ്പമാണ് വൈഭവ്. ഐപിഎല്‍ ചേസിങില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരം കൂടിയാണ് വൈഭവ്. 

വൈഭവിന്‍റെ സെഞ്ചറിയുടെ ബലത്തില്‍ 25 പന്ത് ശേഷിക്കേ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ 209 റണ്‍സ് രാജസ്ഥാന്‍ മറികടന്നു. അര്‍ധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളും (40 പന്തില്‍ പുറത്താവാതെ 70) നായകന്‍ റയാന്‍ പരാഗിന്‍റെ 15 പന്തില്‍ 32 റണ്‍സ് ഇന്നിങ്സുമാണ് വേഗത്തിലുള്ള വിജയം സമ്മാനിച്ചത്.

ENGLISH SUMMARY:

Vaibhav Survanshi, at just 14 years and 32 days, achieved a remarkable century against Gujarat Titans, leading Rajasthan Royals to victory with 101 runs off 35 balls, including 7 fours and 11 sixes.