കരുണ്‍ നായരുടെ കാര്യത്തില്‍ അവസരം മുതലാക്കിയെന്ന് തന്നെ പറയാം. മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡൽഹി ക്യാപിറ്റൽസിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ഫാഫ് ഡുപ്ലേസിയുടെ അഭാവത്തിലാണ് കരുണ്‍ നായര്‍ ഇംപാക്ട് പ്ലെയറായി ടീമിലെത്തിയത്. മല്‍സരത്തില്‍ ഡല്‍ഹി തോറ്റെങ്കിലും കരുണ്‍ നായരുടെ 40 പന്തില്‍ 89 റണ്‍സ് എന്ന ഇന്നിങ്സിന് തിളക്കമേറെയാണ്.
മൂന്ന് വര്‍ഷത്തിന് ശേഷം കളിച്ച ഐപിഎല്‍ മല്‍സരത്തിലെ പ്രകടനം തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കരുണിന് ഇലവനില്‍ സ്ഥാനം നല്‍കി. രാജസ്ഥാനെതിരെയും ഡല്‍ഹി നിരയില്‍ കരുണ്‍ നായര്‍ കളിക്കുന്നുണ്ട്. ടീമിലിടം ലഭിക്കാന്‍ കരുണ്‍ തന്‍റെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നു എന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് ഹേമങ് ബദാനി പറഞ്ഞത്.
'കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവന്‍ ഐപിഎല്‍ കളിച്ചിട്ടില്ല. ഒന്‍പത് ഫസ്റ്റ് ക്ലാസ് സെഞ്ചറിയാണ് ഈ വര്‍ഷം നേടിയത്. ഒരു അവസരത്തിനായി അവൻ കൊതിക്കുകയായിരുന്നു. 'എനിക്ക് എപ്പോഴാണ് ഒരു മത്സരം ലഭിക്കുക? എനിക്കിത് ലഭിക്കുമോ?' എന്ന് അവൻ എന്നെ ശല്യപ്പെടുത്തിയിരുന്നു. നെറ്റ്‌സില്‍ പോലും കുറച്ചു സമയം കൂടി കളിക്കാന്‍ സാധിക്കുമോ എന്നുപോലും ചോദിച്ചുകൊണ്ടിരിക്കും' ബദാനി പറഞ്ഞു.
2022 ലാണ് കരുണ്‍ നായര്‍ അവസാനമായി ഐപിഎല്‍ കളിച്ചത്. 12 ഫോറും അഞ്ചു സിക്സും സഹിതം ഗംഭീര തിരിച്ചുവരവാണ് കരുണ്‍ നടത്തിയത്. അടി കിട്ടിയവരില്‍ ജസ്പ്രീത് ബുംറ വരെ ഉണ്ടെന്നതാണ് ഇന്നിങ്സിന്‍റെ ഭംഗി. ബുംറ എറിഞ്ഞ ആറാം ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം 18 റൺസാണ് കരുൺ അടിച്ചെടുത്തത്.