ഡൽഹി ക്യാപിറ്റൽസിനെതിരായ മൽസരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിക്കാൻ സാധിക്കാഞ്ഞതോടെ ഐപിഎല്ലിൽ ധോണിയുടെ ഭാവിയെ പറ്റി ചോദ്യങ്ങളുയർന്നിട്ടുണ്ട്. ഹോം മാച്ചിൽ 25 റൺസിനാണ് ചെന്നൈ തോറ്റത്. 26 പന്തിൽ 30 റൺസുമായി ധോണി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
10.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിലാണ് ധോണി ക്രീസിലെത്തുന്നത്. 2023 ന് ശേഷം ട്വൻറി 20 മൽസരത്തിൽ ധോണിയുടെ വേഗത്തിലുള്ള എൻട്രിയാണിത്. ഈ സമയം ടീമിന് ആവശ്യം 56 പന്തിൽ 110 റൺസ്. ഈ സമയം 23 പന്തിൽ 24 റൺസെടുത്ത വിജയ് ശങ്കറായിരുന്നു ക്രീസിൽ. മെല്ലെപോക്ക് തുടർന്ന ഇരുവരും അടുത്ത 4.2 ഓവറിൽ നേടിയത് 32 റൺസ്. ബാറ്റിങിനിറങ്ങി 19 പന്ത് നേരിട്ട ശേഷമാണ് ധോണി ഒരു ബൗണ്ടറി നേടുന്നത്. 9.2 ഓവറിൽ ഇരുവരും ചേർന്ന് 84 റൺസിൻറെ കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും ടീമിന് ഗുണകരമായില്ല.
അതിനിടെ ധോണിക്ക് ഉപദേശം നൽകുകയാണ് മുൻ ചെന്നൈ താരവും നിലവിൽ കമൻറേറ്ററുമായ മാത്യു ഹെയ്ഡൻ. ഈ മൽസര ശേഷം ധോണി ഞങ്ങളോടൊപ്പം കമൻററി ബോക്സിലേക്ക് വരട്ടെ. അദ്ദേഹത്തിന് ക്രിക്കറ്റ് നഷ്ടമായി. അദ്ദേഹം ഈ വസ്തുത അംഗീകരിക്കണം എന്നാണ് ഹെയ്ഡൻ പറഞ്ഞത്.
ഐപിഎൽ 2025 സീസണിൽ ഇതുവരെ നാല് ഇന്നിങ്സിൽ നിന്നായി 76 റൺസാണ് ധോണി നേടിയത്. ഡൽഹിക്കെതിരെ നേടിയ 30 റൺസാണ് ധോണിയുടെ ഉയർന്ന സ്കോർ. ബെംഗളൂരുവിനെതിരെ ആർ അശ്വിനും ശേഷം ഒൻപതാമതായാണ് ധോണി ബാറ്റിങിനിറങ്ങിയത്. ഇതിനെതിരെയും വിമർശനമുണ്ടായിരുന്നു.
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മൽസര ശേഷം ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ധോണിയുടെ പിതാവ് പാൻ സിങ് ധോണിയും അമ്മ ദേവകി ദേവിയും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ മൽസരം കാണാനെത്തിയതോടെയാണ് വാർത്ത പരന്നത്. 2008 മുതൽ ധോണി ചെന്നൈ സൂപ്പർ കിങ്സിൻറെ ഭാഗമാണെങ്കിലും ആദ്യമായാണ് ഒരു ഐപിഎൽ മൽസരം കാണാൻ ധോണിയുടെ മാതാപിതാക്കൾ സ്റ്റേഡിയത്തിലെത്തുന്നത്.