ടിവി അഭിമുഖത്തിനിടെ അര്‍ജന്റീനിയന്‍ താരം ലിയാന്ദ്രോ പരേഡസ് കുഴഞ്ഞുവീണു. കോപ്പ സുഡമേരിക്കാന ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ മിനെറോയെ തോൽപ്പിച്ച് ബൊക്ക ജൂനിയേഴ്സ് കിരീടം ചൂടിയതിന് പിന്നാലെയാണ് സംഭവം. അഭിമുഖത്തിനിടയിൽ പരേഡസിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ വൈദ്യ സഹായം ലഭ്യമാക്കുകയും പിന്നാലെ ആരാധകര്‍ക്കുനേരെ കൈവീശി കാണിച്ചുകൊണ്ട് പരേഡസ് ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു.
കൊളംബിയയിലെ ബാരൻക്വില്ലയിലായിരുന്നു മല്‍സരം. പ്രദേശത്തെ കഠിനമായ ചൂടും അന്തരീക്ഷത്തിലെ അമിതമായ ഈർപ്പവുമാണ് താരത്തിന്റെ ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ക്ഷീണം, നിർജ്ജലീകരണം, മാനസിക സമ്മർദ്ദം എന്നിവയും കാരണമായിട്ടുണ്ടാകാം എന്ന് കരുതുന്നുണ്ട്. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെ താൻ സുഖമായിരിക്കുന്നുവെന്ന് പരേഡസ് ആരാധകരെ അറിയിച്ചിട്ടുണ്ട്.
മല്‍സരത്തിന്റെ രണ്ടാം പകുതിയിൽ തന്നെ പരേഡസിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായതാണ് റിപ്പോര്‍ട്ട്. ആദ്യ പകുതിയുടെ അവസാനത്തിൽ പരേഡസിന് തലകറക്കം അനുഭവപ്പെട്ടിരുന്നതായി ബൊക്ക മാനേജർ റോഡോൾഫോ അരൂബറേന പറഞ്ഞു. ഇടവേളയ്ക്ക് ശേഷം കുറച്ച് മെച്ചപ്പെട്ടെങ്കിലും രണ്ടാം പകുതിയിലെ 10 മിനിറ്റിനു ശേഷം വീണ്ടും അസ്വസ്ഥകള്‍ ഉണ്ടാകുകയും 58-ാം മിനിറ്റിൽ പരേഡസിനെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
അതേസമയം, ബ്രസീലിന്റെ അത്ലറ്റിക്കോ മിനെറോയെ 2-0 ന് പരാജയപ്പെടുത്തിയാണ് ബോക്ക ജൂനിയേഴ്സ് കോപ്പ സുഡാമെറിക്കാന കിരീടം ചൂടിയത്. ബോക്കയുടെ വിജയം അർജന്റീനയുടെ 18 വർഷത്തെ രാജ്യാന്തര കിരീട വരൾച്ചയ്ക്കാണ് വിരാമമിട്ടത്. 19-ാം രാജ്യാന്തര കിരീടം നേടിയതോടെ ആഭ്യന്തര എതിരാളികളായ ഇൻഡിപെൻഡിയന്റയെ മറികടന്ന് 1960-ന് ശേഷം ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ക്ലബ്ബായി ബോക്ക മാറി.