Image Credit: X
എഎഫ്സി അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് ക്വാളിഫെയറില്‍ ഇന്ത്യ– പലസ്തീന് മത്സരത്തില്‍ വിവാദം. മത്സരത്തിനിടെ ഇന്ത്യന്‍ താരത്തെ പലസ്തീന് താരം ആക്രമിക്കുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തതാണ് വിവാദമായത്. മത്സരത്തില്‍ ഇന്ത്യ 4-1 ന് ജയിച്ചു. സംഭവം വിവാദമായതോടെ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ ഇടപെട്ട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പരാതി നല്കി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് പലസ്തീന് താരം സൗയിദാൻ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദല്ലാൽമൗൺ ഗാങ്റ്റെയ്ക്ക് നേരെ മൂക്ക് പൊത്തുന്ന തരത്തിലുള്ള വംശീയ അധിക്ഷേപ ആംഗ്യം കാണിച്ചത്. ദുർഗന്ധം വമിക്കുന്നുവെന്ന് കാണിക്കുന്ന ഇത്തരം പരിഹാസം കായികവേദികളില്‍ പലപ്പോഴും വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. ലൈവ് ടെലിക്കാസിറ്റിലടക്കം ദൃശ്യങ്ങള്‍ പതിഞ്ഞിട്ടും റഫറി സംഭവത്തില്‍ നടപടിയെടുത്തില്ല. സംഭവം കണ്ട ഗാങ്റ്റെ മൈതാനത്തുവച്ച് സൗയിദാനെ നേരിട്ടു. തുടർന്ന് മാച്ച് റഫറി ഇടപെട്ട് കളിക്കാരെ മാറ്റിനിര്‍ത്തുകയും ഇരുവർക്കും മുന്നറിയിപ്പ് നൽകുകയുമായിരുന്നു. മത്സരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് എഎഫ്സിയോട് നടപടിയെടുക്കണമെന്ന് എഐഎഫ്എഫ് ആവശ്യപ്പെട്ടു.
മത്സരത്തിന്റെ തുടക്കത്തിലാണ് ഇന്ത്യന്‍താരം രാജ് സിങ് വാഹെങ്ബമിനെ നിലത്തിട്ട് ചവിട്ടിയതിന് പലസ്തീൻ മിഡ്ഫീൽഡറായ മുഹമ്മദ് ജംഹൗറിന് മത്സരത്തിന്റെ പത്താം മിനുറ്റില്‍ ചുവച്ച് കാര്‍ഡ് ലഭിച്ചത്. പന്തുമായി മുന്നേറുകയായിരുന്നു രാജ് സിങിനെ ജംഹൗര് പിന്നില്‍ നിന്ന് ജഴ്സിയില്‍ പിടിച്ചു വലിച്ച് നിലത്തിടുകയും രണ്ടു തവണ ബൂട്ടിന് ചവിട്ടുകയുമായിരുന്നു. ജൗംഹറിന് റഫറി ചുവപ്പ് കാര്‍ഡ് നല്കി. പിന്നീട് 10 പേരുമായി കളിച്ച പലസ്തീന് മത്സരത്തില്‍ വന്തോല്വിലേക്ക് വീണു.
നാലു ഗോളുകളാണ് ഇന്ത്യന്‍ താരങ്ങള്‍ പലസ്തീന് പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. എട്ടാം മിനുറ്റില്‍ കംഗൗഹാവോ ഡൗംഗൽ ആണ് ഇന്ത്യയ്ക്ക് ലീഡ് നല്‍കിയത്. മഴമൂലം വൈകിയ രണ്ടാം പകുതിയില്‍ നിങ്തൗജം (52) ക്യാപ്റ്റന്‍ ദല്ലാൽമൗൺ ഗാങ്റ്റെ (59), സൊറാംദിന്തറ ലാൽഹുൻമാവിയ (89) എന്നിവര്‍ ഇന്ത്യയ്ക്കായി ഗോള്‍നേടി. 32-ാം മിനുറ്റില്‍ പലസ്തീനു വേണ്ടി ക്യാപ്റ്റന്‍ യാസൻ ഖലീഫയാണ് ഗോള്‍ നേടിയത്. കനത്ത മഴയെ തുടര്‍ന്ന് മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കുന്നതിന് മുന്‍പ് കളി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രണ്ടു മണിക്കൂറോളമാണ് താരങ്ങള്‍ ഡ്രസിങം റൂമില്‍ കഴിഞ്ഞത്. ഗ്രൂപ്പ് ഇയില്‍ പരാജയം അറിയാതെ മുന്നേറുന്ന ഇന്ത്യയ്ക്ക് അടുത്ത മത്സരത്തില്‍ ആതിഥേയരായ മലേഷ്യയുമായി ജയിച്ചാല്‍ ഏഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടാം.