കൊച്ചിയില്‍ നടക്കാനിരുന്ന ബ്രസീൽ ലെജൻഡ്സ്– ഇന്ത്യൻ ഓൾ സ്റ്റാർസ് തമ്മിലുള്ള രാജ്യാന്തര മല്‍സരം സെപ്റ്റംബർ 23-ലേക്ക് മാറ്റി. സെപ്റ്റംബർ 20 തിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടത്താനായിരുന്നു മല്‍സരമാണ് പുനഃക്രമീകരിച്ചത്. ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.  

2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീഞ്ഞോ ഗൗച്ചോ (റൊണാൾഡോ ഡി അസ്സീസ് മൊറെയ്‌റ), റിവാൾഡോ വിറ്റോർ ബോർബ ഫെറെയ്‌റ എന്നിവരുടെ വരവാണ് ഈ വമ്പൻ പോരാട്ടത്തിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം എഡ്മിൽസൺ ജോസ് ഗോമസ് ഡി മൊറായസ്, പൗലോ സെർജിയോ സിൽവെസ്ട്രെ ദോ നാസിമെന്റോ, ജിയോവാനി സിൽവ ഡി ഒലിവെയ്‌റ, ജെനിൽസൺ ആഞ്ചലോ ഡിസൂസ (ജൂനിയർ), പൗലോ സെർജിയോ റോസ (വിയോള), ഗോൾകീപ്പർ ഹ്യൂറെൽഹോ ദ സിൽവ ഗോമസ്, അലക്സാന്ദ്രെ ദ സിൽവ മരിയാനോ (അമാരൽ), ഗുസ്താവോ നെറി ഡി സാ ദ സിൽവ, റിക്കാർഡോ ഡി ഒലിവെയ്‌റ, ജോർജ്ജ് ഡി അമൊറിം കാമ്പോസ് (ജോർജീഞ്ഞോ), മാർസെലോ ഫെറെയ്‌റ ഫെർണാണ്ടസ് (കമാൻഡുകായ), എലിവെൽട്ടൺ ആൽവസ് റൂഫിനോ, എൽസൺ റൊഡ്രിഗസ് ഡി സൂസ, മാർക്കോസ് അന്റോണിയോ ഡി ലിമ (പാരാ), ഡിയോഗോ കോറിയ ഡി ഒലിവെയ്‌റ എന്നിവരടങ്ങുന്ന പ്രമുഖ താരനിര ബ്രസീലിനായി കൊച്ചിയിൽ പന്തുതട്ടും. 

ഇന്ത്യൻ ഫുട്ബോളിന്റെ പ്രശസ്ത താരങ്ങളായ ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയവർ അണിനിരക്കുന്ന ശക്തമായ നിരയാണ് ഇന്ത്യൻ ഓൾ സ്റ്റാർസിനായി കളത്തിലിറങ്ങുന്നത്.

ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് പ്രമുഖ അന്താരാഷ്ട്ര നഗരങ്ങളിലായി നടക്കുന്ന ബ്രസീൽ മുൻ താരങ്ങളുടെ ഗ്ലോബൽ ടൂറിലെ രണ്ടാമത്തെ മല്‍സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുക.

ENGLISH SUMMARY:

The highly anticipated international exhibition match between Brazil Legends and Indian All Stars at Jawaharlal Nehru Stadium in Kochi has been rescheduled to September 23. Football icon Ronaldinho officially announced the date shift from the earlier scheduled September 20 through a special video message to fans. The star-studded Brazilian squad features World Cup winners Ronaldinho and Rivaldo, along with legends like Edmilson, Heurelho Gomes, and Geovanni. The Indian All Stars lineup will showcase legendary Indian footballers, including I.M. Vijayan, Jo Paul Ancheri, C.K. Vineeth, and K.T. Chacko.