ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടിയിറക്കത്തിന് പിന്നാലെ പോര്‍ച്ചുഗലിന് പുതിയ നായകന്‍. മധ്യനിര താരം ബെര്‍ണാഡോ സില്‍വയാണ് ടീമിനെ നയിക്കുകയെന്ന് പരിശീലകന്‍ ഹോര്‍ഹെ ജിസ്യൂസാണ് പ്രഖ്യാപിച്ചത്. 

റോണോയ്ക്കായി വിടവാങ്ങല്‍ മല്‍സരം നടത്താന്‍ പടിച്ച പണി പതിനെട്ടും ഫെഡറേഷന്‍  പയറ്റുമ്പോള്‍ മറുവശത്ത് ദേശീയ ടീം പുതിയ നായകനെ കണ്ടെത്തിയിരിക്കുകയാണ്.  സീനിയോറിറ്റി പരിഗണിച്ചാണ് റയല്‍ മഡ്രിഡ് താരം കൂടിയായ ബര്‍ണാഡോ  സില്‍വയെ ക്യാപ്റ്റന്റെ ആം ബാന്‍ഡ് പരിശീലകന്‍ ഏല്‍പ്പിച്ചത്.  നേഷന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് മല്‍സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കവെയാണ് പുതിയ ക്യാപ്റ്റനേയും ജിസ്യൂസ് പരിചയപ്പെടുത്തിയത്. 

32 കാരനായ സില്‍വ ഇതുവരെ രാജ്യത്തിനായി 115 മല്‍സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് ശേഷം രാജ്യാന്തര മല്‍സരങ്ങളില്‍ ഏറ്റവും അധികം കളിച്ചിട്ടുള്ള താരമാണ് സില്‍വയെന്നും നായകനായി പരിഗണിക്കാന്‍ ഇതൊരു ഘടകമായെന്നും ജിസ്യൂസ് വ്യക്തമാക്കി. സില്‍വയ്ക്ക് പുറമേ റൂബന്‍ ഡയസ്,  ജോവോ കാന്‍സലോ, റൂബന്‍ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരും രാജ്യത്തിനായി ബൂട്ടുകെട്ടിയവരില്‍ മുന്നിലുണ്ട്. 

പല ക്ലബുകളിലായി മികച്ചു നില്‍ക്കുന്ന ഈ താരങ്ങളുടെ അനുഭവ സമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാകുമെന്നും ജിസ്യൂസ് കൂട്ടിച്ചേര്‍ത്തു.  2023 മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റനായ ബ്രൂണോയെ മാറ്റിനിര്‍ത്തിയാണ് ബെര്‍ണാഡോ സില്‍വയെ പരിശീലകന്‍ തിരഞ്ഞെടുത്തത്. 2015 ലാണ് സില്‍വ ദേശീയ ടീമിലെത്തുന്നത്. അവിടുന്നിങ്ങോട്ട് പോര്‍ച്ചുഗലിന്റെ പല മല്‍സരങ്ങളിലും നിര്‍ണായക സാന്നിധ്യമായി. മാഞ്ചസ്റ്റര്‍ സിറ്റി താരമായിരുന്ന സില്‍വ ഇക്കഴിഞ്ഞ ജൂണിലാണ് റയല്‍ മഡ്രിഡിലെത്തിയത്. 

ENGLISH SUMMARY:

Following the departure of legendary forward Cristiano Ronaldo, midfielder Bernardo Silva has been appointed as the new captain of the Portugal national football team. Head coach Jorge Jesus announced the decision while revealing the squad for the final group stage matches of the UEFA Nations League. The coach cited the 32-year-old Real Madrid star's vast experience and 115 international caps as key factors behind choosing him over other senior candidates like Bruno Fernandes. Having been an integral part of the national team since his debut in 2015, Silva now steps into the leadership role to guide Portugal into a new era.