bengaluru-fc-win

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ബെംഗളൂരു എഫ്‌.സിയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മറ്റൊരു മത്സരത്തില്‍ ഇന്‍റര്‍ കാശി, ഒഡിഷയ്ക്കെതിരെ അവസാന മിനിറ്റില്‍ സമനില പിടിച്ചു.

റയാൻ വില്യംസും മിലോസ് പെറോവിച്ചും ലക്ഷ്യം കണ്ടപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ബെംഗളൂരു എഫ്‌സിക്ക് തകർപ്പൻ ജയം. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണേന്ത്യൻ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെംഗളൂരുവിന്റെ വിജയം. 24-ാം മിനിറ്റിൽ റയാൻ വില്യംസാണ് ബെംഗളൂരുവിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്.

ആദ്യ പകുതിയിൽ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തിൽ കളിച്ച ബെംഗളൂരു രണ്ടാം പകുതിയിലും ആക്രമണം തുടർന്നു. 52-ാം മിനിറ്റിൽ മിലോസ് പെറോവിച്ച് ബെംഗളൂരുവിന്റെ ലീഡ് ഉയർത്തി. രണ്ട് ഗോളുകൾക്ക് പിന്നിലായതോടെ തിരിച്ചുവരവിനായി ചെന്നൈയിൻ ശ്രമിച്ചെങ്കിലും ബെംഗളൂരുവിന്റെ പ്രതിരോധം മറികടന്ന് വലകുലുക്കാൻ സന്ദർശക ടീമിനായില്ല. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറു പോയന്റുമായി ബെംഗളൂരു പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

പുനെ ബാലേവാഡി സ്റ്റേഡിയത്തില്‍ ആദ്യമത്സരത്തില്‍ അവസാന മിനിറ്റിൽ ഒഡിഷയെ സമനിലയിൽ തളച്ച് ഇന്റർ കാശി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കിട്ടു. ആദ്യ പകുതിയിൽ ഇരുടീമുകളും  ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. 56-ാം മിനിറ്റിൽ ഇന്റർ കാശി പ്രതിരോധ താരം പ്രതിക് ചൗധരിയുടെ സെൽഫ് ഗോളിലൂടെ ഒഡിഷ മുന്നിലെത്തി. 

89-ാം മിനിറ്റിൽ തൊയ് സിങ്ങിന്റെ തകർപ്പൻ ഗോളാണ് ഇന്റർ കാശിക്ക് രക്ഷയായത്. സെറ്റ് പീസ് നീക്കത്തിനൊടുവിൽ ബോക്സിന്റെ മധ്യഭാഗത്ത് ലഭിച്ച പന്ത് ഇടംകാലുകൊണ്ട് തൊയ് സിങ് വലയിലെത്തിച്ചു. ആദ്യമത്സരങ്ങള്‍ തോറ്റ ഇരുടീമുകള്‍ക്കും ഓരോ പോയിന്റിന്റെ ആശ്വാസം.

ENGLISH SUMMARY:

Bengaluru FC secured a comfortable 2-0 victory against Chennaiyin FC at the Sree Kanteerava Stadium, riding on goals from Ryan Williams and Milos Drincic (Perovic), to claim their second consecutive win and move to the top of the ISL table with six points. Meanwhile, Inter Kashi played out a dramatic 1-1 draw against Odisha FC at the Pune Balewadi Stadium. After Prateek Chowdhary's 56th-minute own goal put Odisha ahead, Thoi Singh struck a crucial equalizer in the 89th minute to help Inter Kashi secure their first point of the season.