ഫിഫയ്ക്ക് ഒരു വനിതാ പ്രസിഡന്റ് വരുമോ? അടുത്ത വര്ഷത്തെ തിരഞ്ഞെടുപ്പില് ഇന്ഫന്റിനോയെ നേരിടാന് യുവേഫയുടെ സാധ്യതാ പട്ടികയില് ഉയര്ന്നുകേള്ക്കുന്ന പേരാണ് ദക്ഷിണ കൊറിയന് വംശജയായ അമേരിക്കന് വ്യവസായി മിഷേല് കാങ്ങ്.
ജിയാനി ഇൻഫന്റിനോയ്ക്ക് എതിരാളിയെ തേടുന്ന യുവേഫ, വനിതാ ഫുട്ബോൾ നിക്ഷേപകയായ മിഷേൽ കാങ്ങിനെ ഒരു സാധ്യതയായി കാണുന്നു. വെറും അഞ്ചു വര്ഷംകൊണ്ട് വനിതാ ഫുട്ബോൾ ക്ലബ്ബുകളുടെ വലിയൊരു ശൃംഖല കെട്ടിപ്പടുത്ത അമേരിക്കൻ വ്യവസായിയാണ് മിഷേൽ കാങ്. ദക്ഷിണ കൊറിയയിലെ സോളില് ജനിച്ച മിഷേല് പഠനത്തിനായാണ് അമേരിക്കയിലെത്തിയത്. 2021ൽ വാഷിംഗ്ടൺ സ്പിരിറ്റിന്റെ മത്സരം കണ്ടതോടെയാണ് ഫുട്ബോളിലേക്ക് ആകർഷിക്കപ്പെട്ടത്. തൊട്ടടുത്തവര്ഷം ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. പിന്നാലെ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലയണെസ്, ലണ്ടന് സിറ്റി ലയണെസ് എന്നീ ക്ലബുകളും സ്വന്തമാക്കി.
വനിതാ ഫുട്ബോളിൽ നിക്ഷേപം നടത്തുക, പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, മികച്ച താരങ്ങളെ വളര്ത്തിയെടുക്കുക എന്നിവയാണ് മിഷേല് കാങ്ങിന്റെ ലക്ഷ്യം. രണ്ടുവര്ഷംകൊണ്ടാണ് ലണ്ടന് ലയണസ് വിമൻസ് സൂപ്പർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയത്. മത്സരിക്കാനുള്ള താൽപ്പര്യം ഉറപ്പിച്ചില്ലെങ്കിലും, ചർച്ചകളിൽ കാങ്ങിന്റെ പേരാണ് ഉയര്ന്നുകേള്ക്കുന്നത്.
1904ൽ സംഘടന സ്ഥാപിതമായത് മുതൽ ഫിഫയ്ക്ക് ഒരിക്കലും ഒരു വനിതാ പ്രസിഡന്റുണ്ടായിട്ടില്ല. അടുത്തവര്ഷം മാർച്ചിൽ മൊറോക്കോയിലെ റബാത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇൻഫാന്റിനോ വീണ്ടും മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്.