ഫിഫ ലോകകപ്പ് കളിച്ച പനാമയ്ക്ക് അപ്രതീക്ഷിതമായിരുന്നു ഇന്ത്യയ്ക്കെതിരായ സമനില. ഗോള്‍മഴ പ്രതീക്ഷിച്ച മല്‍സരത്തില്‍ പനാമയെ 1-1 സമനലിയില്‍ പിടിക്കാന്‍ ഇന്ത്യയ്ക്കായി. പാനമയുടെ സമനിലയ്ക്ക് കാരണം ബെംഗളൂരുവിലെ മോശം ട്രാഫിക്കാണെന്ന് കോച്ച് തോമസ് ക്രിസ്റ്റ്യൻസൺ പറഞ്ഞു.
കളത്തിനു പുറത്തുള്ള കാരണങ്ങള്‍ കളിയേ ബാധിച്ചു എന്നാണ് കോച്ച് പറയുന്നത്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് സ്റ്റേഡിയത്തിലെത്താൻ രണ്ട് മണിക്കൂറോളം ബസിൽ ഇരിക്കേണ്ടി വന്നതാണ് ഇതിലൊന്ന്. ബെംഗളൂരുവിലെ യാത്ര സൗകര്യങ്ങളും ലോജിസ്റ്റിക്സും സങ്കീര്‍ണമായിരുന്നു. കളത്തിനകത്തും പുറത്തുമുള്ള കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടുപോകണം. കാരണം താരങ്ങള്‍ മെച്ചപ്പെട്ട പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും തോമസ് ക്രിസ്റ്റ്യന്‍സണ്‍ പറഞ്ഞു.
ടീമില്‍ വലിയ മാറ്റങ്ങളോടെയാണ് പാനമ ഇറങ്ങിയത്. അഞ്ച് താരങ്ങളാണ് ഇന്ത്യയ്ക്ക് എതിരെ അരങ്ങേറിയത്. പുതിയ താരങ്ങള്‍ക്ക് ടീമുമായി ഇണങ്ങാന്‍ അവസരം ലഭിക്കാത്തതിലെ പ്രയാസം മത്സരത്തിന്‍റെ തുടക്കത്തില്‍ പ്രതിഫലിച്ചിരുന്നു. യാത്രപ്രശ്നങ്ങളും മറ്റു ബുദ്ധിമുട്ടുകളും കാരണം കൃത്യമായി ഒന്നിച്ച് പരിശീലിക്കാന്‍ സമയം ലഭിച്ചില്ലെന്നും കോച്ച് പറഞ്ഞു.
പാനമയുടെ പ്രതിരോധ നിരയിലെ പൊരുത്തക്കേടുകൾ മുതലെടുത്ത ഇന്ത്യ ആദ്യ പകുതിയില്‍ ലീഡ് നേടി. വിങ്ങർ റയാൻ വില്യംസാണ് ഇന്ത്യയ്ക്കു വേണ്ടി ഗോൾ വല കുലുക്കിയത്. ആദ്യ പകുതിയിൽ ലീഡ് വഴങ്ങിയ പാനമ, ഒമർ വലൻസിയയുടെ ഗോളിലൂടെയാണ് രണ്ടാം പകുതിയിൽ സമനില പിടിച്ചത്. ഇന്ത്യ കളിക്കുന്ന മൂന്നു പ്രധാന രാജ്യാന്തര സൗഹൃദ മത്സരങ്ങളില്‍ ആദ്യത്തെ കളിയായിരുന്നു പാനമയ്ക്കെതിരെ. അടുത്ത മാസം മൂന്നിന് ബ്രസീലിനോടും ആറിന് യുറഗ്വായോടും കൊൽക്കത്തയിലാണ് അടുത്ത 2 മത്സരങ്ങൾ.