lionel-messi-cd-eldense-acquisition

TOPICS COVERED

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ സിഡി എൽഡെൻസെയുടെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കാൻ ലയണൽ മെസി. കൊളംബിയൻ നിക്ഷേപ ഗ്രൂപ്പായ ടി.എച്ച് സൊല്യൂസിയോൺസിന്റെ ഉടമസ്ഥതയിലുള്ള ഓഹരികളാണ് മെസി ഏറ്റെടുക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

നിലവിൽ എൽഡെൻസെയുടെ നിയന്ത്രണം ടി.എച്ച് സൊല്യൂസിയോൺസ് ഗ്രൂപ്പിനാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കൊളംബിയൻ നിക്ഷേപ ഗ്രൂപ്പ് ക്ലബ്ബിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികൾ സ്വന്തമാക്കി ക്ലബ്ബിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനാണ് മെസിയുടെ നീക്കം. എന്നാൽ ഇടപാട് പൂർത്തിയാക്കാൻ സ്പെയിനിലെ ഹൈ കൗൺസിൽ ഫോർ സ്പോർട്സിന്റെ അനുമതി ആവശ്യമാണ്. നിലവിൽ അനുമതി ലഭിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. നടപടികൾ പൂർത്തിയായാൽ എൽഡെൻസെയുടെ നിയന്ത്രണം മെസിയിലേക്ക് മാറും.

ഇതോടെ സ്പാനിഷ് ഫുട്ബോളിലെ വിവിധ തലങ്ങളിലുള്ള ക്ലബ്ബുകളിൽ നിക്ഷേപമുള്ള താരമായി മെസി മാറും. ഈ വർഷം ഏപ്രിലിൽ സ്പാനിഷ് അഞ്ചാം ഡിവിഷൻ ക്ലബ്ബായ യുഇ കൊർനെല്ലയെയും മെസി സ്വന്തമാക്കിയിരുന്നു. മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലും മെസിക്ക് ഓഹരി പങ്കാളിത്തം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കളിക്കാരനെന്ന നിലയിലെ കരാർ അവസാനിച്ചതിന് ശേഷമായിരിക്കും ഈ പങ്കാളിത്തം പ്രാബല്യത്തിൽ വരിക.

ഫുട്ബോൾ കരിയറിന് പുറമെ ക്ലബ് ഉടമസ്ഥതയിലേക്കും നിക്ഷേപത്തിലേക്കും മെസി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ സൂചനയായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

Lionel Messi Eyes Majority Stake in Spanish Club CD Eldense:

Lionel Messi is set to acquire a majority stake in Spanish second division club CD Eldense. This move signifies Messi's expanding interest in football club ownership beyond his playing career.