ബ്രസീലിനും പനാമയ്ക്കും പിന്നാലെ മുൻ ലോക ചാമ്പ്യന്മാരായ യുറുഗ്വായും ഇന്ത്യക്കെതിരെ സൗഹൃദ മത്സരം കളിക്കും. ഒക്ടോബർ ആറിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യ–യുറുഗ്വായ് മത്സരം നടക്കുമെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഔദ്യോഗികമായി അറിയിച്ചു. അടുത്ത ഫിഫ വിൻഡോയുടെ ഭാഗമായി കേവലം 10 ദിവസത്തിനുള്ളിൽ ലോകോത്തര ഫുട്ബോൾ ടീമുകളുമായി ഇന്ത്യ കളിക്കുന്ന മൂന്ന് വമ്പൻ മത്സരങ്ങളുടെ പരമ്പരയിലെ അവസാന പോരാട്ടമാണിത്. കൊൽക്കത്തയിൽ തന്നെ ഒക്ടോബർ 3-ന് ഇന്ത്യ ബ്രസീലിനെ നേരിടുമ്പോൾ, പനാമയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരം സെപ്റ്റംബർ 26-ന് ബെംഗളൂരുവിൽ വെച്ച് നടക്കും.
പാനമ ഫുട്ബോള്‍ ടീം ഇന്ത്യയിലേക്ക്; സെപ്റ്റംബർ 26-ന് സൗഹൃദമല്‍സരം കളിക്കും
രണ്ടുതവണ ഫുട്ബോൾ ലോക ചാമ്പ്യന്മാരായിട്ടുള്ള യുറുഗ്വായ് നിലവിൽ ഫിഫ റാങ്കിംഗിൽ 20-ാം സ്ഥാനക്കാരാണ്. അടുത്തിടെ നടന്ന 2026 ലോകകപ്പിൽ മാറ്റുരച്ച യുറുഗ്വായ്, ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യയോടും കേപ് വെർദെയോടും സമനില വഴങ്ങുകയും സ്പെയിനിനോട് 1-0 ത്തിന് തോൽക്കുകയും ചെയ്താണ് പുറത്തായത്. അതേസമയം, നിലവിലെ ഫിഫ റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള ശക്തരായ പനാമയ്‌ക്കെതിരെ ഇന്ത്യ ആദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരത്തിൽ പോരാടാനിറങ്ങുന്നത്. 2026 ലോകകപ്പിൽ കളിച്ച പനാമയ്‌ക്കെതിരായ പോരാട്ടം ഇന്ത്യൻ ഫുട്ബോൾ ടീമിനും പരിശീലകൻ ഖാലിദ് ജമീലിനും വലിയ വെല്ലുവിളിയും അതേസമയം നിർണായകമായ അനുഭവസമ്പത്തുമായിരിക്കും നൽകുക.
ലോക ഫുട്ബോളിലെ മുൻനിര ടീമുകൾക്കെതിരായ ഈ ചരിത്ര മത്സരങ്ങൾക്ക് ശേഷവും ഇന്ത്യൻ ടീമിന് തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമമാണുള്ളത്. നവംബർ 12, 15 തീയതികളിലായി ന്യൂസിലൻഡിനെതിരെയും ഇന്ത്യ സൗഹൃദ മത്സരങ്ങളിൽ മാറ്റുരയ്ക്കും.