എതിര്‍താരത്തിന്‍റെ മുഖത്ത് അടിച്ച സംഭവത്തില്‍ അര്‍ജനറീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പിഴ ചുമത്തി മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്). ഫിലാഡല്‍ഫിയ യൂണിയനെതിരായ മല്‍സരത്തിനിടെയാണ് സംഭവം. എത്രയാണ് പിഴത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എതിർതാരത്തിന്റെ മുഖത്തോ തലയിലോ കഴുത്തിലോ കൈകൊണ്ട് സ്പർശിക്കുന്നതുമായി ബന്ധപ്പെട്ട ലീഗിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് മെസ്സിക്കെതിരെ അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.
ബുധനാഴ്ച നടന്ന ഇന്‍റര്‍ മയാമി- ഫിലാഡൽഫിയ യൂണിയൻ മത്സരം 2-2 സമനിലയിൽ കലാശിച്ചിരുന്നു. മല്‍സരത്തിന്‍റെ അവസാന മിനിറ്റുകളില്‍ ആയിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തിന്റെ ഇന്‍ജുറി ടൈമിൽ ഫിലാഡൽഫിയ ഡിഫന്‍ഡര്‍ ക്വിൻ സള്ളിവനുമായുള്ള വാക്കുതർക്കത്തിനിടയിൽ മെസ്സി താരത്തിന്റെ കഴുത്തിന് പിന്നിൽ അടിക്കുകയായിരുന്നു. മത്സരത്തിനിടയിൽ റഫറിയുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ അന്ന് മെസ്സിക്ക് കാർഡുകൾ ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ മത്സരശേഷം ദൃശ്യങ്ങൾ പരിശോധിച്ച എംഎൽഎസ് ഡിസിപ്ലിനറി കമ്മിറ്റി നിയമം ലംഘിച്ചതിന് മെസ്സിക്ക് പിഴ വിധിക്കുകയായിരുന്നു. എന്നാല്‍ താരത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. ഇതേ മത്സരത്തിൽ സള്ളിവനുമായുണ്ടായ മറ്റൊരു സംഭവത്തിന്റെ പേരിൽ ഇന്‍റര്‍ മയാമി ഡിഫെൻഡർ ഇയാൻ ഫ്രേയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്.
പിതാവ് ജോർജ് മെസ്സിയുടെ വേര്‍പാടിന് ശേഷം ലയണല്‍ മെസ്സി ഇന്‍റര്‍ മയാമിക്കായി ഗോള്‍ നേടുന്ന ആദ്യ മല്‍സരമായിരുന്നു സുബാരു പാര്‍ക്കില്‍ നടന്നത്. 2026 ഫിഫ ലോകകപ്പിന് ശേഷം ലയണൽ മെസ്സി നേടുന്ന ആദ്യ ലീഗ് ഗോളുമായിരുന്നു ഇത്. ആദ്യ പകുതിയുടെ 26-ാം മിനിറ്റിൽ മെസ്സി നേടിയ ഗോളിൽ മിയാമി 2-1ന് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ഫിലാഡൽഫിയ തിരിച്ചടിച്ചതോടെ മത്സരം സമനിലയിലായി. ഈസ്റ്റേൺ കോൺഫറൻസിൽ മിയാമി നിലവിൽ രണ്ടാം സ്ഥാനത്താണ് നിലവിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള നാഷ്‌വില്ലിനെക്കാൾ ഏഴ് പോയിന്റിനാണ് പിന്നില്‍.