Image Credit: the Sun Archive
ഫുട്ബോള്‍ ലോകകപ്പ് കഴിഞ്ഞിട്ടും ഈജിപ്ത് കോച്ച് ഹൊസം ഹാസന്‍ വാര്‍ത്തകളില്‍ തുടരുകയാണ്. ഭാര്യമാരുടെ തമ്മില്‍ത്തല്ലിനും കയ്യാങ്കളിക്കുമിടെ ഹൊസം കുഴഞ്ഞുവീണുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഹാസന്‍. വടക്കന്‍ ഈജിപ്തിലെ കഫേ മറിന എല്‍ അലാമിനില്‍ വച്ചാണ് ഹാസന്റെ ആദ്യ ഭാര്യ ഹൊവെയ്ദ അല്‍ ഘര്‍ബാവിയും ഇപ്പോഴത്തെ ഭാര്യ ദിന മുസ്തഫയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇരുവരുടെയും വഴക്ക് അവസാനിപ്പിക്കാന്‍ ഹാസന്‍ ശ്രമിച്ചുവെങ്കിലും പെട്ടെന്ന് കുഴഞ്ഞു വീഴുന്നതായി വിഡിയോയില്‍ കാണാം. സംഭവത്തിന് പിന്നാലെ ഹാസന്‍ ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൊവെയ്ദയുമായുള്ള ബന്ധത്തില്‍ മൂന്ന് മക്കളാണ് ഹാസനുള്ളത്. പത്തുവര്‍ഷത്തിലേറെയായി ഒന്നിച്ചാണ് ഇരുവരും താമസിച്ചിരുന്നത്.
അതേസമയം, ഹാസന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നും കുഴഞ്ഞുവീണുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞതായി സ്കൈ ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ പുറത്തുവന്ന വിഡിയോയില്‍ അവര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈജിപ്തിന്റെ കോച്ചെന്നതിന് പുറമെ രാജ്യത്തിന്റെ ഇതിഹാസ താരം കൂടിയാണ് ഹാസന്‍. ഈജിപ്തിനായി രാജ്യാന്തര മല്‍സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഹാസന്റെ പേരിലാണ് (177 മല്‍സരങ്ങളില്‍ നിന്ന് 69 ഗോളുകള്‍). ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയോട് തോറ്റ് പുറത്തായതിന് പിന്നാലെ നടത്തിയ രൂക്ഷ പ്രതികരണങ്ങളിലൂടെയും ഹാസന്‍ രാജ്യാന്തര ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഹാസന്റെ കാലവധിയും ഈജിപ്ത് ഫുട്ബോള്‍ അസോസിയേഷന്‍ നീട്ടി നല്‍കി. 2018 ന് ശേഷം ഇതാദ്യമായി റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ ഈജിപ്ത് എത്തിയതും ഹാസന്റെ കോച്ചിങ് മികവായാണ് വിലയിരുത്തുന്നത്. അര്‍ജന്റീനയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് അവസാന പതിമൂന്ന് മിനിറ്റില്‍ ഈജിപ്ത് അവിശ്വസനീയമാം വിധം തോറ്റ് പുറത്തായത്.