എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭർത്താവിന്റെ ചതിയും മാനസിക പീഡനങ്ങളും ഇരയായ യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞു. കിടപ്പറ ദൃശ്യങ്ങൾ പകർത്തണമെന്ന ഭർത്താവിന്റെ നിലപാട് ചോദ്യം ചെയ്തപ്പോൾ യുവാവ് പ്രകോപിതനാകുകയും യുവതിയെ ഉപദ്രവിക്കുകയും ചെയ്തെന്നാണ് മൊഴി. ‘ഇത്തരം കാര്യങ്ങൾ ഈ ലോകത്ത് നടക്കുന്നതല്ലേ, നിനക്ക് മാത്രമെന്താ ഇത്ര പ്രശ്നം’ എന്നായിരുന്നു ഇയാളുടെ ചോദ്യം.
മാപ്പ് അപേക്ഷിച്ചും കാലുപിടിച്ച് കരഞ്ഞും നാടകം കളിച്ച പ്രതി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കൂടുതൽ അക്രമങ്ങൾ അഴിച്ചുവിട്ടെന്നും യുവതി പറയുന്നു. ആളുകൾക്ക് എന്തും പറയാം, പക്ഷേ അനുഭവിച്ചത് താനാണെന്നും യുവതി പറഞ്ഞു. നാല് വയസ്സുകാരിയായ മകളുടെ ദൃശ്യങ്ങളും ഭർത്താവ് പകർത്തിയെന്നും നാട്ടിലും വിദേശത്തുമായാണ് കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് ചിത്രീകരിച്ചതെന്നും പരാതിക്കാരി പറയുന്നു. ചിത്രീകരണം തടഞ്ഞപ്പോൾ ക്രൂരമായി മർദിച്ചെന്നും യുവതി പറഞ്ഞു. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചെന്നും വിവാദമായ പങ്കാളി കൈമാറ്റ സംഘങ്ങൾ ഉൾപ്പെടെ പല സംഘങ്ങളുമായും ഇയാൾക്ക് ബന്ധങ്ങളുണ്ടെന്നും പരാതിക്കാരി ആരോപിച്ചു.
യുവതിയുടെ വാക്കുകൾ:
‘ഈയിടയ്ക്കാണ് ഓരോന്നായി പൊങ്ങിവരുന്നത്. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ട് എന്തുകൊണ്ട് പുറത്ത് പറഞ്ഞില്ല എന്നതാണ് ആദ്യം വന്ന ചോദ്യം. എന്നാൽ അന്ന് ഞാൻ വിദേശത്തായിരുന്നു. “ഞാൻ മാറിക്കോളാം... എനിക്ക് തെറ്റുപറ്റിപ്പോയി... ലൈഫിൽ തെറ്റുപറ്റാത്ത ആരുമില്ല...” എന്നെല്ലാം ഇക്കാര്യങ്ങൾ ചോദ്യം ചെയ്തപ്പോൾ അവൻ പറഞ്ഞു. എന്നാലും നമ്മൾ വിചാരിക്കില്ലല്ലോ, ഫോട്ടോസ് ഒക്കെ എടുത്ത് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കും, സൈറ്റിൽ ഇടും എന്നൊന്നും. അതൊന്നും പോരാഞ്ഞിട്ട് കൊച്ചിനെ വെച്ച് ഇങ്ങനെ ചെയ്യുമെന്ന് മനസ്സിൽ പോലും ഞാൻ കരുതിയിരുന്നില്ല.
ഇനി അങ്ങനെയൊന്നുമില്ല, ടെലിഗ്രാം യൂസ് ചെയ്യുന്നില്ല എന്നെല്ലാം അവൻ പറഞ്ഞതാണ്. എന്നാൽ അവൻ വേറെ ഏതോ വഴി കണ്ടുപിടിച്ചെന്ന് ഞാൻ ഈയിടെയാണ് അറിയുന്നത്. എന്നാലും ഒരു ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് വിചാരിക്കുമോ? കൂടെ ഇത്രയും കാലം താമസിച്ച്, വിശ്വസിച്ച്... അതും ഞാൻ സ്നേഹിച്ച് കെട്ടിയതാണ്. ഞാനായിട്ട് അവനെ വിദേശത്തേക്ക് കൊണ്ടുപോയി. ഇതെല്ലാം ചെയ്തിട്ട് എന്റെ അടുത്ത് ഈ ചതി ചെയ്യുമെന്ന് ഞാൻ കരുതിയില്ല. എന്റെ അടുത്ത് എങ്ങനെ തോന്നി അവന് ഇത് ചെയ്യാൻ?
അവൻ എന്‍റെ അടുത്ത് പറഞ്ഞത്, “നിന്നോട് ഞാൻ പറഞ്ഞില്ലേ? ഞാനല്ല ഇട്ടത്. കുരയ്ക്കാതെ ഇറങ്ങിപ്പോടീ” എന്നാണ്. എന്‍റെ പുറം മൊത്തം പരിക്കുകളായിരുന്നു. അറിയാമോ? ഞാൻ അവനെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും, ഞാൻ ഒരിക്കലും അവനെ ഇല്ലാതാക്കില്ലെന്നും അവന് ഉറപ്പായിരുന്നു. ഞാൻ ക്ഷമിച്ചിട്ടൊന്നുമില്ല. അവൻ എന്‍റെ കാലിൽ പിടിച്ച്, “ഞാൻ പോയി ചത്തു കളയും, വെളിയിൽ പറയരുത്” എന്ന് പറഞ്ഞു. അതുകഴിഞ്ഞ് ദാ അടുത്തത്! അപ്പോഴാണ് എനിക്ക് മനസ്സിലായത്, ചാവത്തൊന്നുമില്ല, എന്നോട് ഒരു ഇഷ്ടവുമില്ല. എന്നെ യൂസ് ചെയ്യുകയാണ്. പറഞ്ഞേ പറ്റൂ എന്ന അവസ്ഥയായിരുന്നു. കാരണം, പറഞ്ഞില്ലെങ്കിൽ ഇത് എന്‍റെ കയ്യിൽ നിൽക്കില്ല. എവിടെയാണെങ്കിലും അവൻ ഇനി അടുത്ത ആളെ വിളിച്ചുകൊണ്ടുവരും. ഇവന് ആരോടൊക്കെ കണക്ഷൻ ഉണ്ടെന്ന് എനിക്ക് അറിയില്ല.
ആളുകൾക്ക് എന്തുപറയാം? അനുഭവിച്ചത് ഞാനാണ്. എന്‍റെ അനുവാദമില്ലാതെ തന്നെ എത്ര തവണ എടുത്തിട്ടുണ്ട്? ആളുകൾ വിചാരിക്കും, “ഓ, അവളും കൂടെ സപ്പോർട്ട് ചെയ്തതാ, അവൾ നിന്നുകൊടുത്തിട്ടല്ലേ... പെണ്ണല്ലേ, അവളുമാർ കള്ളം പറയുകയായിരിക്കും...” എന്നൊക്കെ.
എങ്ങനെ തോന്നി എന്ന് പോലും എനിക്കറിയില്ല. ഒരു പെൺകുട്ടിയാണ് ഉള്ളത്... മനുഷ്യനല്ലേ ഇവനൊന്നും? എന്നിട്ട് പറയുന്നത്, “ഈ ലോകത്ത് അങ്ങനെയുള്ള ആൾക്കാരുണ്ട്, നിനക്ക് മാത്രമെന്താ പ്രശ്നം?” എന്നാണ്. അതൊക്കെ അങ്ങനെ നടക്കുന്നവരല്ലേ. അവരുടെ മക്കളെക്കുറിച്ചൊന്നും അവർ ചിന്തിക്കില്ലായിരിക്കും. പണത്തിന് ബുദ്ധിമുട്ടുള്ളവരായിരിക്കും അവർ. പൈസയ്ക്ക് ബുദ്ധിമുട്ടായിരുന്നെങ്കിൽ വേണ്ടീല... ശരീരം വിറ്റ് കഴിയേണ്ട ആവശ്യമൊന്നും അവനുമില്ല, എനിക്കുമില്ല. പിന്നെ അവൻ എന്തിനാണ് ഇങ്ങനെ?
ഇത് കഴിഞ്ഞായിരുന്നു സ്വാപ്പിങ് പരിപാടി. രണ്ടുപേരായിട്ടും മൂന്നുപേരായിട്ടുമെല്ലാം ഞാൻ ഷെയർ ചെയ്യണമെന്ന് പറഞ്ഞു. കൂടെ കിടക്കുമോ എന്ന് വരെ അവസാനം ചോദിച്ചു. ഞാൻ ബഹളം വെച്ചപ്പോൾ അവൻ പറയുകയാണ്, “എന്താ? നിന്നെ നിർബന്ധിച്ചില്ലല്ലോ. ഞാൻ നിന്റെ അഭിപ്രായം ചോദിച്ചതല്ലേ? എനിക്ക് ഇൻററസ്റ്റ് ഉണ്ടോ എന്ന് ഞാൻ ചോദിച്ചു എന്ന് മാത്രം. ചുമ്മാ നമ്മൾ പറയത്തില്ലേ, എന്തോ എക്സ്പീരിയൻസ് ചെയ്യണം, അവിടെ പോകണം, ഇവിടെ പോകണം... എനിക്ക് എക്സ്പീരിയൻസ് ചെയ്യാൻ തോന്നിയ ഒരു സംഭവമാണ് ഇത്. അത് നിനക്ക് താൽപര്യമില്ലല്ലോ” എന്നെല്ലാം.
ഞാൻ വിചാരിച്ചത് അതൊക്കെ വെറും പറച്ചിലേയുള്ളൂ എന്നാണ്. ഒന്നിനും തെളിവില്ലെങ്കിൽ അവൻ സമ്മതിക്കില്ല. കൊച്ചിനോട് എന്തിനാണ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, “ഞാൻ ചെയ്തില്ല. നീ എപ്പോൾ കണ്ടു?” എന്ന്. “നീ തന്നെയാണ് വീഡിയോ എടുത്തുവെച്ചിരിക്കുന്നത്. വിഡിയോയില്‍ കൊച്ച് വിളിക്കുന്നുണ്ട് . കൊച്ച് നിന്നെ വിളിച്ചിട്ട് നീ വിളി കേൾക്കുന്നതാണ്” എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു, “അയ്യോ, പോട്ടെ, ഞാനങ്ങ് ഇറങ്ങി പൊയ്ക്കളയാം. നീ എന്നെയൊന്നും വിചാരിക്കരുത്. എന്തോ, ഞാനങ്ങ് ചെയ്തുപോയെന്ന്.”
ഞാൻ പറഞ്ഞു, “എത്രയെണ്ണം നീ ഡിലീറ്റ് ചെയ്തിട്ടുണ്ടാകും?” എനിക്ക് ‘Recently Deleted’ൽ നിന്നാണ് ഇതെല്ലാം കിട്ടിയതെന്നും പറഞ്ഞു. അതിനുശേഷം അവൻ ചോദിച്ചു, “നീ എങ്ങനെ കണ്ടുപിടിക്കും ഞാനാണെന്ന്?” ഞാൻ പറഞ്ഞു, “വ്യക്തമായിട്ട് കൊച്ച് വിളിക്കുന്നുണ്ട് നിന്‍റെ പേര്.” പിന്നെ അവൻ പറഞ്ഞു, “നീ കൊണ്ട് കേസ് കൊടുക്ക്. എന്നെയങ്ങ് ഇതാക്കാൻ പോകുകയല്ലേ അവർ. എന്റേതാണെന്ന് അവരെങ്ങനെ തെളിയിക്കും?” എന്ന്. “ഒന്ന് പോടീ” എന്ന് പറഞ്ഞിട്ട് എന്നെ ഉപദ്രവിച്ചു. എന്നുവെച്ചാൽ, അവന്റെ തെറ്റ് ഞാൻ കണ്ടുപിടിച്ച് അവന്റെ മുഖത്തുനോക്കി ചോദിച്ചതാണ്. ഇപ്പോഴും എന്റെ ഫോട്ടോ എടുത്തത് അവൻ സമ്മതിച്ചിട്ടില്ല.
സൈക്കോളജിസ്റ്റ് പറഞ്ഞത് അവനെ ഒരിക്കലും തിരുത്താൻ പറ്റില്ലെന്നാണ്. കാരണം, അവൻ പറയുന്നതാണ് ശരിയെന്ന് അവൻ വിശ്വസിക്കുന്നു. അവൻ എന്തൊക്കെയോ ആലോചിച്ചുവെച്ചിട്ടുണ്ട്. ഒരു കമ്മിറ്റ്മെന്റും ഇല്ല. കൊച്ചിന്‍റെ അടുത്തുമില്ല, എന്‍റെ അടുത്തുമില്ല, ആരോടുമില്ല. കാൻസർ വന്നാൽ നമ്മളത് ട്രീറ്റ് ചെയ്യും. ഇതൊരു പ്രശ്നമായതുകൊണ്ട് ഞാൻ ട്രീറ്റ് ചെയ്യാൻ ശ്രമിച്ചു. എനിക്ക് ഫാമിലി ലൈഫ് അത്രയും ഇമ്പോർട്ടന്റാണ്. പെട്ടെന്ന് ഒരു വിവാഹമോചനം എന്നൊന്നും പറയുന്നത് എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒരു കാര്യമായിരുന്നില്ല. പറയുന്നവർക്ക് പറയാം. ഞാൻ ഭയങ്കര അറ്റാച്ച്ഡ് ആയിരുന്നു. അവനാണ് ലോകം എന്നും പറഞ്ഞ് ജീവിച്ചതാണ് ഞാൻ.
ഇപ്പോഴത്തെ പിള്ളേർക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ ഡിവോഴ്സ് ചെയ്യും. സത്യം പറഞ്ഞാൽ കയ്യടിക്കണം. അങ്ങനെ വേണം. ഐ ആം പ്രൗഡ് ഓഫ് ദെം. പണ്ടൊക്കെ ഞാൻ പറയുമായിരുന്നു, അഡ്ജസ്റ്റ്മെന്റ് വേണം. അമ്മ എപ്പോഴും പറയും, “കുറച്ചൊക്കെ അഡ്ജസ്റ്റ്മെന്റ് വേണം, രണ്ടു കൈ കൊട്ടിയാലേ ശബ്ദം ഉണ്ടാകൂ.” പക്ഷേ ഇനി എനിക്ക് പറ്റില്ല. ഇത്രയും എന്നെ ആക്ഷേപിച്ച്, എന്റെ മാനം കളഞ്ഞ്, എത്ര പേർ കണ്ടു. എന്തൊക്കെ കണ്ടു എന്ന് പോലും അറിയത്തില്ല. എന്തൊക്കെ അവന്റെ കയ്യിൽ ഉണ്ടെന്ന് പോലും എനിക്ക് അറിയത്തില്ല...’