• 'സംശയമായിരുന്നു എന്നെ. സെപ്റ്റംബര്‍ 12ന് ആദ്യമായി ഭയങ്കരമായി ഉപദ്രവിച്ചു. സെപ്റ്റംബര്‍ 19നും മുപ്പതിനും ഉപദ്രവിച്ചു. തുടര്‍ച്ചയായി ഉപദ്രവമായതോടെ സഹിക്കാന്‍ വയ്യാതെ ഞാന്‍ രക്ഷപെട്ടോടിയതാണ്'

സൗദിയില്‍ ഭര്‍ത്താവിനൊപ്പം കഴിയവേ ക്രൂരപീഡനത്തിനിരയായെന്ന് കൊല്ലം സ്വദേശിനിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍. പുത്തന്‍തുറ സ്വദേശി അഞ്ജുവാണ് ഭര്‍ത്താവ് നന്ദുവിന്റെ പീഡനത്തില്‍ നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറ‍ഞ്ഞായിരുന്നു ഉപദ്രവമെന്ന് അഞ്ജു മനോരമന്യൂസിനോട് വെളിപ്പെടുത്തി. 'സംശയമായിരുന്നു എന്നെ. സെപ്റ്റംബര്‍ 12ന് ആദ്യമായി ഭയങ്കരമായി ഉപദ്രവിച്ചു. സെപ്റ്റംബര്‍ 19നും മുപ്പതിനും ഉപദ്രവിച്ചു. തുടര്‍ച്ചയായി ഉപദ്രവമായതോടെ സഹിക്കാന്‍ വയ്യാതെ ഞാന്‍ രക്ഷപെട്ടോടിയതാണ്. ഇടിയേറ്റ് കൈ മുഴുവന്‍ ചതഞ്ഞ് പാടുകളായി. ഉപദ്രവിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു. അതിന് ശബ്ദം പുറത്തുകേട്ടെന്ന് പറഞ്ഞ് വീണ്ടും ഇടികല്ലിനിടിച്ചു. മോപ്പും കുക്കറും ലാപ്ടോപിന്‍റെ ചാര്‍ജറും ബെല്‍റ്റും കൊണ്ട് ശരീരമാസകലം തല്ലി. കത്തിയും സ്ക്രൂഡ്രൈവറും കൊണ്ട് തോളിലും വയറിലും കുത്തി. രാത്രിയിലും വെളുപ്പിനെയുമാണ് ക്രൂരമായി മര്‍ദിക്കുന്നത്'- അഞ്ജു പറഞ്ഞു. Also Read: കൊല്ലത്ത് നവവധുവിന് സ്ത്രീധന പീഡനം; കുക്കറും ബെൽറ്റും ഉപയോഗിച്ച് ക്രൂരമര്‍ദനം

നാലുമാസം മുന്‍പ് വിവാഹിതയായ അഞ്ജു സൗദിയിലെത്തിയതിന് പിന്നാലെ രണ്ട് സുഹൃത്തുക്കളുടെ വീട്ടില്‍ ഡിന്നറിന് നന്ദു കൂട്ടിക്കൊണ്ട് പോയിരുന്നു. സൗദിയില്‍ ഫ്ലാറ്റിലായിരുന്നു താമസമെന്നും ഫ്ലാറ്റിലെ മറ്റാരുമായും ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും അഞ്ജു പറയുന്നു. 'അടുത്ത ഫ്ലാറ്റില്‍ നിന്ന് തുറക്കുന്ന ശബ്ദമെല്ലാം കേള്‍ക്കുന്നതല്ലാതെ ആരാണുള്ളത് എന്നു പോലും അറിയില്ലായിരുന്നു. ഞാനവിടെ എത്തിയിട്ട് കുറച്ച് നാളേ ആയിരുന്നുള്ളൂ'. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതോടെ നന്ദു ആദ്യം വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങുകയും അഞ്ജുവിനെ പിന്നീട് കൊണ്ടുപോകുകയുമായിരുന്നു. 

അതേസമയം, അഞ്ജുവിനെ താന്‍ മര്‍ദിക്കുന്നുവെന്ന വിവരം നന്ദു വീട്ടില്‍ അറിയിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. നന്ദുവിന്‍റെ അമ്മയ്ക്കും അച്ഛനും കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും എന്നാല്‍ അവര്‍ ഒരിക്കല്‍ പോലും വിലക്കിയില്ലെന്നും അഞ്ജു പറയുന്നു. ക്രൂരമായി ഉപദ്രവിച്ച ശേഷം തന്നെ ഭീഷണിപ്പെടുത്തി നന്ദു ഓഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നും ഇത് സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുക്കുകയാണെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സൗദിയിലാണ് നന്ദു. നന്ദുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. 

ENGLISH SUMMARY:

A Kollam woman named Anju has alleged that her husband Nandu brutally assaulted her while they were living in Saudi Arabia, forcing her to escape and return to Kerala. She claims he beat her with household items and a paving stone and stabbed her with a knife and screwdriver, allegedly over accusations of suspicion and inadequate dowry. Anju also alleged that her husband’s parents knew about the abuse but did not intervene, while Nandu allegedly recorded threatening audio after the assaults. Chavara Police have launched an investigation and initiated steps to bring Nandu, who is currently in Saudi Arabia, back to Kerala.