കൊല്ലത്ത് നവവധുവിന് നേരെ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനം നടന്നതായി പരാതി. വിവാഹം കഴിഞ്ഞ് നാലുമാസം മാത്രം പിന്നിട്ട നവവധുവിനെ ഭർത്താവും ഭർതൃവീട്ടുകാരും ക്രൂരമായി മർദിച്ചതായാണ് പരാതി. പുത്തൻതുറ സ്വദേശിനിയായ അഞ്ജുവിനാണ് മർദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ ഭർത്താവ് നന്ദുവിനെ ഒന്നാം പ്രതിയാക്കി ഭർതൃമാതാപിതാക്കളെ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൗദിയില്‍വച്ചും നാട്ടില്‍വച്ചും അഞ്ജു ക്രൂരമര്‍ദനത്തിന് ഇരയായി. സൈക്കോയെ പോലെയാണ് നന്ദു പെരുമാറിയിരുന്നതെന്ന് അഞ്ജു മനോരമ ന്യൂസിനോട് പ്രതികരിച്ചു. സൗദിയില്‍ ചെന്ന ശേഷമാണ് ദേഹോപദ്രവം തുടങ്ങിയതെന്നും മോളുടെ ജീവന്‍ കിട്ടിയത് ഭാഗ്യമാണെന്നും അഞ്ജുവിന്റെ കുടുംബം പ്രതികരിച്ചു.
നാലുമാസം മുൻപാണ് അഞ്ജുവും നന്ദുവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് അഞ്ജുവിനെ ഭർതൃവീട്ടുകാർ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് പരാതിയിലുള്ളത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം നന്ദു സൗദിയിലേക്ക് പോയിരുന്നു. പിന്നീട് അഞ്ജുവിനെയും കൊണ്ടുപോയി. അവിടെയും ശാരീരികവും മാനസികവുമായ പീഡനം തുടർന്നെന്നാണ് യുവതിയുടെ പരാതി.
കുക്കർ, ലാപ്‌ടോപ്പ് ചാർജർ, ബെൽറ്റ് തുടങ്ങിയവ ഉപയോഗിച്ച് മർദിച്ചതായും പരാതിയിലുണ്ട്. മർദനത്തിൽ യുവതിയുടെ ദേഹമാസകലം ചതവുകളും മുറിവുകളും ഉണ്ടായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഫോട്ടോകളിലും ദൃശ്യങ്ങളിലും പരുക്കുകളുടെ പാടുകൾ വ്യക്തമാണ്.
സ്ത്രീധന പീഡനം, ശാരീരിക-മാനസിക ഉപദ്രവം എന്നിവ ആരോപിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഭർത്താവ് നന്ദുവിനെ ഒന്നാം പ്രതിയാക്കിയും ഭർതൃമാതാപിതാക്കളെ ഉൾപ്പെടുത്തി മൂന്ന് പേർക്കെതിരെയുമാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പരുക്കേറ്റ അഞ്ജു നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.