Argentina's forward #10 Lionel Messi reacts during the 2026 World Cup football tournament final match between Spain and Argentina at the New York/New Jersey Stadium in East Rutherford on July 19, 2026. (Photo by TIMOTHY A. CLARY / AFP)
മെസി, മെസിയെന്ന് ഇരമ്പിയാര്‍ത്ത ആരാധകര്‍ക്ക് മുന്നില്‍ അര്‍ജന്റീനയെ വിടാതെ മെറ്റ്ലൈഫ് ശാപം. 2016 ലെ കോപ്പ അമേരിക്ക ഫൈനലില്‍ തോറ്റതോടെ കരഞ്ഞ്, വിരമിക്കല്‍ പ്രഖ്യാപിച്ച് മടങ്ങിയ ലയണല്‍ മെസി ഇക്കുറി കിരീടവുമായി മടങ്ങാനുറച്ചാണ് എത്തിയത്. അന്ന് ചിലിയോടായിരുന്നു അര്‍ജന്‍റീനയുടെ തോല്‍വി. എക്സ്ട്രാ ടൈമിലേക്ക് കളി നീണ്ടു. ചിലി ലക്ഷ്യം കണ്ടപ്പോള്‍ മെസിയുടെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു.
അര്‍ജന്റീനയുടെ തോല്‍വിക്ക് പിന്നാലെ വികാരാധീനനായി മെസി ഇങ്ങനെ പറഞ്ഞു' ദേശീയ ടീമിനായി കളിക്കുന്നത് ഇതാ അവസാനിച്ചു'. 29 വയസായിരുന്നു അന്ന് മെസിക്ക്. ആരാധകരുടെ രോഷവും സങ്കടവും തങ്ങാനാകാതെ മെസി നിന്നു. യുഗാന്ത്യമെന്ന് മാധ്യമങ്ങളെഴുതി.
പക്ഷേ പുതുയുഗപ്പിറവിയാണ് മെസി ആരാധകര്‍ പിന്നീട് കണ്ടത്. സമ്മര്‍ദം നാലുപാടുനിന്നും ശക്തമായതോടെ മെസി തന്‍റെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു. 2018 ലോകകപ്പിന്‍റെ യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്‍റീനയുടെ രക്ഷകനായി മെസി വീണ്ടും അവതരിച്ചു. ഇക്വഡോറിനെതിരെ ഹാട്രിക് ഗോളുകളോടെയായിരുന്നു മെസിയുടെ മടങ്ങി വരവ്. ഒരിക്കല്‍ കണ്ണീരണിഞ്ഞ് മടങ്ങിയ മെറ്റ്ലൈഫിലേക്ക് ചരിത്രം തിരുത്താനാണ് മെസി എത്തിയത്. പക്ഷേ, ടൂര്‍ണമെന്‍റിലെ ഏറ്റവും മോശം കളി കളിച്ച അര്‍ജന്‍റീനയ്ക്ക് സ്പെയിനെതിരെ ഒരുഘട്ടത്തിലും ആധിപത്യം നേടാനായില്ല. മെസിയുടെ കാലില്‍ പന്തെത്തിയത് തന്നെ വിരളം. ആദ്യ പകുതിയിലും രണ്ടാം പകുതിയിലെ ഹൈഡ്രേഷന്‍ ബ്രേക്കിലും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടു പോലും അര്‍ജന്‍റീന പായിച്ചില്ല. ഗോളെന്നുറപ്പിച്ച അഞ്ചോളം ഷോട്ടുകള്‍ അര്‍ജന്‍റീനയ്ക്കായി എമിലിയാനോ മാര്‍ട്ടിനസ് തട്ടിയകറ്റിയെങ്കിലും 106–ാം മിനിറ്റില്‍ ഫെറാന്‍ ടോറസിന്‍റെ ഷോട്ട് അര്‍ജന്‍റീനയുടെ ഗോള്‍ വലയിലേക്ക് തുളച്ച് കയറി. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടമെന്ന അര്‍ജന്‍റൈന്‍ മോഹം പൊലിഞ്ഞു.