Argentina's forward #10 Lionel Messi gives a thumbs up in a fan event at the Javits Center in New York on July 17, 2026, two days ahead of the 2026 World Cup football tournament final match between Spain and Argentina. (Photo by JUAN MABROMATA / AFP)
കഴിഞ്ഞ നാലുവര്‍ഷമായി ലോകത്തിലേക്കും ഏറ്റവും മികച്ച ടീം അര്‍ജന്‍റീന തന്നെയാണെന്ന് സൂപ്പര്‍താരം ലയണല്‍ മെസി. ആളുകള്‍ എന്തൊക്കെ പറഞ്ഞാലും അതാണ് സത്യമെന്നും അത് ആര്‍ക്കൊക്കെ ഇഷ്ടപ്പെടുന്നുവെന്നത് തന്‍റെ വിഷയമല്ലെന്നും മെസി മാധ്യമങ്ങളോട് പറഞ്ഞു. 'ലോകത്തിലെ ഏറ്റവും മികച്ചവരെന്ന് ഞങ്ങള്‍ തെളിയിച്ചതാണ്. അത് തുടരുകയും ചെയ്യുന്നു. ഈ ടീം എന്നെ അമ്പരപ്പിക്കുന്നില്ല. അവരുടെ കഴിവെന്തെന്ന് എനിക്കറിയാം. ഞങ്ങളെ കൊണ്ട് എന്ത് സാധിക്കുമെന്നും എനിക്കറിയാം. ഞങ്ങളൊന്നിച്ച് ഒരു മനസോടെ നില്‍ക്കുമ്പോള്‍ അത് പ്രത്യേക ഊര്‍ജം പകരുന്നു'- മെസി കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ അര്‍ജന്‍റീനയെ പലപ്പോഴും സംശയിച്ചിട്ടുണ്ടെന്നും അതിലൊന്നും കഥയില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും താരം പറഞ്ഞു. ' ഈ ടീം പരസ്പരം പ്രചോദിപ്പിക്കുന്നവരുടേതാണ്. എന്ത് വിലകൊടുത്തും ജയിക്കാനും നേടാനുമാണ് അവര്‍ കളിക്കുന്നത്'–മെസി ടീമിനെ കുറിച്ച് വാചാലനായി.
അര്‍ജന്‍റീനയ്ക്ക് ആരും സൗജന്യമായി ഒന്നും തന്നിട്ടില്ലെന്നും കളിച്ച് ജയിച്ചാണ് ഫൈനലോളം എത്തിയതെന്നും സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന് പിന്നാലെ മെസി പ്രതികരിച്ചിരുന്നു. അര്‍ജന്‍റീനയോട് ഫിഫ പക്ഷപാതിത്വം കാണിക്കുന്നുവെന്നും റഫറിയുള്‍പ്പടെ അര്‍ജന്‍റീനയ്ക്ക് അനുകൂലമായി തീരുമാനം കൈക്കൊള്ളുന്നുവെന്നുമുള്ള വിമര്‍ശനങ്ങളോടും മെസി പ്രതികരിച്ചിരുന്നു. 'തുടര്‍ച്ചയായി ലോകകപ്പ് ഫൈനലില്‍ കടക്കുക എല്ലാവര്‍ക്കും സാധ്യമല്ല, ആ നേട്ടം അര്‍ജന്‍റീന സ്വന്തമാക്കി. ഇംഗ്ലണ്ടിനോട് ഞങ്ങള്‍ തോറ്റിരുന്നുവെങ്കില്‍ ആളുകള്‍ പല അസംബന്ധങ്ങളും പറഞ്ഞുപരത്തിയേനെ, പക്ഷേ അതിന് ഞങ്ങള്‍ അവസരമുണ്ടാക്കിയില്ല'– മെസി കൂട്ടിച്ചേര്‍ത്തു.
സ്പെയിന്‍റേത് മികച്ച ടീമാണെന്നും കളിക്കാരെ തനിക്കറിയാമെന്നും അവര്‍ക്കെതിരെയും താന്‍ കളിച്ചിട്ടുണ്ടെന്നും മെസി വ്യക്തമാക്കി. ഫൈനനല്‍ ഒട്ടേറെ കാര്യങ്ങള്‍ക്കൊണ്ട് സ്പെഷലാണെന്നും അതിനായി താന്‍ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.
സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഗോളടിച്ചില്ലെങ്കിലും എന്‍സോ ഫെര്‍ണാണ്ടസിന്‍റെയും ലൗട്ടാരോ മാര്‍ട്ടിനെസിന്‍റെയും ഗോളുകള്‍ക്ക് മെസിയാണ് വഴിയൊരുക്കിയത്. 2–1നായിരുന്നു സെമിയില്‍ അര്‍ജന്‍റീനയുടെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് മെസിയുടെ അസിസ്റ്റുകളിലൂടെ ടീം മടങ്ങി വന്നതും രണ്ട് ഗോളുമായി ഫൈനലിലേക്ക് കടന്നതും. കാബോ വെര്‍ദെയ്ക്കെതിരെ വിയര്‍ത്ത് ജയിച്ച അര്‍ജന്‍റീന സ്വിറ്റ്സര്‍ലന്‍ഡിനെയും ഈജിപ്തിനെയും തകര്‍ത്താണ് സെമിയില്‍ കടന്നത്. അര്‍ജന്‍റീനയ്ക്കെതിരായ മല്‍സരത്തിന് പിന്നാലെ സ്വിസ്, ഈജിപ്ത് കോച്ചുമാര്‍ റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു.