shifa-fifa

TOPICS COVERED

കോഴിക്കോട്ടുകാരി ഷിഫയ്ക്ക് ഫിഫയുമായി ഒരു ബന്ധമുണ്ട്. അതും ഒരു മേക്കപ്പ് ബന്ധം. ഫുട്‌ബോള്‍ ലോകകപ്പില്‍ എന്ത് മേക്കപ്പ് എന്നുചോദിക്കാന്‍ വരട്ടെ. ഖത്തര്‍ ലോകകപ്പില്‍ ലഭിച്ച അപൂര്‍വ അവസരത്തിന്‍റെ ഓര്‍മയിലാണ് ഈ ലോകകപ്പുകാലത്ത് ഷിഫ. ഫിഫ ഒഫീഷ്യല്‍സിനെയും അര്‍ജന്‍റീന ടീം ഒഫിഷ്യല്‍സിനെയും അണിയിച്ച് ഒരുക്കിയ ടീമിലെ അംഗമായിരുന്നു മടവൂര്‍ സ്വദേശി ഷിഫ. 

വിവിധ രാജ്യക്കാരായ 12 പേരായിരുന്നു ടീമിലുണ്ടായിരുന്നത്. 2022 ല്‍ ഭര്‍ത്താവ് എം.നവാസിനൊപ്പം ഖത്തറിലെത്തിയപ്പോഴാണ് അപൂര്‍വ്വ അവസരം ഷിഫയെ തേടിയെത്തിയത്. ഫൈനല്‍ മത്സരത്തില്‍ നൃത്തസംഘത്തിനെയും ഒഫിഷ്യല്‍സിനെയും അണിയിച്ചൊരുക്കാന്‍ പ്രഫഷനല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് ഫിഫ പരസ്യം നല്‍കിയിരുന്നു. 

ഇതുകണ്ട് ഷിഫ അപേക്ഷ നല്‍കിയത് വഴിതിരിവായി. ഫൈനല്‍ അടക്കമുള്ള രണ്ടുദിവസം ഒഫിഷ്യല്‍സിനെ മേക്കപ്പ് ചെയ്യണമെന്നായിരുന്നു ലഭിച്ച നിര്‍ദേശം. ഫൈനല്‍ ദിവസം അതിരാവിലെ ലുസെയ്‍ല്‍  സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള ഗ്രീന്‍ റൂമിലായിരുന്നു ജോലി.

രാത്രി വരെ ഒഫിഷ്യല്‍സിനും നൃത്തസംഘത്തിനും മേക്കപ്പ് ചെയ്തു. മേക്കപ്പ് അക്രഡിറ്റേഷന്‍ കാര്‍ഡുള്ളവര്‍ക്കും മത്സരം കാണാനുള്ള അവസരമുണ്ടായിരുന്നു.ഇതോടെ മെസിയും എംബാപെയും തമ്മിലുള്ള പോരാട്ടം നേരിട്ട് കാണാനുള്ള അവസരവും ഷിഫയ്ക്ക് ലഭിച്ചു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷിഫ ഫ്രീലാന്‍സ് ഫൊട്ടോഗ്രഫര്‍ കൂടിയാണ്.

 

ENGLISH SUMMARY:

Shifa Kozhikode FIFA makeup artist has a unique connection with FIFA, working as a makeup artist for officials during the Qatar World Cup. This rare opportunity allowed her to showcase her skills for FIFA officials and the Argentina team, and even witness the Messi vs. Mbappé match firsthand.