unai-simon

ഗോൾ മുഖത്തെ കാവൽക്കാരൻ എന്നതിലുപരി, സ്പാനിഷ് പ്രതിരോധത്തിലെ പ്രധാന സംഘാടകനാണ് ഉനയ് സിമോണ്‍. ടീമിലെ പതിനൊന്നാമത്തെ ഔട്ട്ഫീൽഡ് കളിക്കാരന്‍ എന്ന് വിശേഷിപ്പിക്കാം. പന്തുമായുള്ള അസാമാന്യ കഴിവും മികച്ച ഷോട്ട് സ്റ്റോപ്പിങ്ങും സ്വന്തം ലൈനിൽ നിന്ന് അതിവേഗം ഓടിക്കയറി പന്ത് ക്ലിയർ ചെയ്യാനുള്ള ധൈര്യവും ഒത്തുചേർന്ന ആധുനിക 'സ്വീപ്പർ കീപ്പറാ'ണ് ഉനയ് സിമോണ്‍. ഇത് ടീമിന് പന്തടക്കത്തിൽ ആധിപത്യം നൽകുകയും പിന്നിൽ നിന്ന് അനായാസം കളി മെനഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.  

ടീം ആക്രമണത്തിന് മുതിരുമ്പോൾ മുന്നോട്ട് കയറിവന്ന് അദ്ദേഹം ആൾബലം കൂട്ടുന്നു. ഇത് സെൻറ്റർ ബാക്കുകൾക്ക് വശങ്ങളിലേക്ക് മാറിനിൽക്കാനും കളിയുടെ നിയന്ത്രണം നിലനിർത്താനും മധ്യനിര കൂടുതൽ കരുത്താർജിക്കാനും ഇടനല്‍കുന്നു.  ഗോൾ ലൈനിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ശൈലിയല്ല ഉനയ് സിമോണിന്റേത്. അപകടകരമായ ത്രൂ-ബോളുകൾ തട്ടിയകറ്റാനും പന്തിനായി പാഞ്ഞടുക്കുന്ന മുന്നേറ്റനിരക്കാരെ പിന്നിലാക്കാനുമായി അദ്ദേഹം പലപ്പോഴും ബോക്സിനു പുറത്തേക്ക് കുതിച്ചെത്താറുണ്ട്. ആറടി മൂന്നിഞ്ച് ഉയരം നൽകുന്ന മുൻതൂക്കവും മിന്നൽവേഗത്തിലുള്ള പ്രതികരണശേഷിയും മെയ്‌വഴക്കവും അദ്ദേഹത്തെ മികച്ച ഒരു ഷോട്ട് ബ്ലോക്കറാക്കുന്നു. നിർണായക മത്സരങ്ങളിൽ ഗോളെന്നുറച്ച ഷോട്ടുകൾ തടയുന്നതിൽ ഈ കഴിവ് അദ്ദേഹത്തിന് തുണയാകുന്നു.

യൂറോ 2020-ൽ ഉനായ് സിമോണിന് വലിയൊരു പിഴവ് സംഭവിച്ചിരുന്നു. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെ, മധ്യവരയിൽനിന്ന് പെഡ്രി നൽകിയ ബാക്ക് പാസ് നിയന്ത്രിക്കുന്നതിൽ സിമോൺ പരാജയപ്പെട്ടു. പന്ത് കാലിൽ തട്ടി വലയിലേക്ക് ഉരുണ്ടു കയറിയപ്പോൾ ക്രൊയേഷ്യക്ക് 1-0ന്റെ അപ്രതീക്ഷിത ലീഡ് ലഭിച്ചു. മത്സരത്തിൽ സ്പെയിൻ ശക്തമായി തിരിച്ചടിച്ച് 5-3ന് ജയിച്ചെങ്കിലും ആ പിഴവ് ആരാധകർ മറന്നിട്ടില്ല. സിമോണും. സത്യം പറഞ്ഞാൽ, അത് തന്നെ വല്ലാതെ അലട്ടിയിട്ടുണ്ട്. താനത് ആറോ ഏഴോ തവണ വീണ്ടും വീണ്ടും കണ്ടു, പന്ത് നിയന്ത്രിക്കുന്നതിൽ തനിക്ക് പിഴവുപറ്റി, അത്രമാത്രം. ഇതായിരുന്നു ഈ പിഴവിനെപ്പറ്റി ഉനായ് സിമോണ്‍ പറ‍ഞ്ഞത്. 

2024ലെ യൂറോ നേടുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച് അദ്ദേഹം ആ വേദനയകറ്റി. അത്‌ലറ്റിക് ബിൽബാവോയുടെ താരമായ ഈ 29 കാരൻ ഫിഫ ലോകകപ്പിൽ 609 മിനിറ്റ് ഒരു ഗോൾ പോലും വഴങ്ങിയില്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ക്ലീൻഷീറ്റ് റെക്കോർഡാണിത്.

ENGLISH SUMMARY:

Unai Simon is highlighted as a modern sweeper keeper and a key organizer for the Spanish defense, going beyond just being a shot-stopper. His exceptional ball control, rapid reflexes, and daring approach to clearing the ball outside his box significantly contribute to Spain's dominance in possession and ability to build play from the back.