ഇരുകൈകളും വിരിച്ച് ഗോളാഘോഷം നടത്തിയ ഇംഗ്ലണ്ടിന്റെ 23കാരന്‍ ജൂഡ് ബെല്ലിങ്ങാമിനെയാണ് ഈ ലോകകപ്പില്‍ യുവ ആരാധകര്‍ കൂടുതലും തിരഞ്ഞത്. കുട്ടിക്കാലത്ത് ഫുട്ബോള്‍ പരിശീലനത്തിന് പോകുമ്പോൾ പൂക്കള്‍ പറിച്ച് അമ്മയ്ക്ക് നല്‍കിയ ജൂഡ് ബെല്ലിങ്ങാമാണ് ഇന്ന് മൈതാനത്ത് പൂക്കള്‍ പറിക്കുംപോലെ ഗോളുകളും ഗോളവസരങ്ങളും ഒരുക്കുന്നത്. പന്തിന്മേലുള്ള അസാമാന്യ നിയന്ത്രണം, ശാരീരിക കരുത്ത്, സാങ്കേതിക മികവ് എന്നിവയിലൂടെ ലോകത്തിലെ ഏറ്റവും മികച്ച സമ്പൂർണ മിഡ്ഫീൽഡർമാരിൽ ഒരാളായി വാഴ്ത്തപ്പെടുകയാണ് ജൂഡ് ബെല്ലിങ്ങാം.
പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങുന്ന അദ്ദേഹത്തിന്റെ ചലനാത്മകമായ കളി ശൈലിയെ 'സമ്പൂർണ പാക്കേജ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ടാക്കിളുകൾ നേടാനുള്ള കായികക്ഷമത, എതിരാളികള്‍ വരിഞ്ഞുമുറുക്കുമ്പോഴും പന്ത് കൈവശം വെക്കാനുള്ള കഴിവ് ഇവയാണ് ബെല്ലിങ്ങാമിന്റെ പ്രത്യേകത. ബോക്സിലെ വേട്ടക്കാരനാണ്. ശരിയായ സമയത്ത് ബോക്സിലേക്കുള്ള കുതിപ്പുകൾ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ്.
ഉയരവും കരുത്തും ഉപയോഗിച്ച് എതിരാളികളെ അനായാസം വെട്ടിമാറ്റി മുന്നേറും. ഒരു പ്രത്യേക സ്ഥാനത്ത് ഒതുങ്ങാതെ, കളത്തിൽ ഒഴിവുള്ള ഇടങ്ങൾ കണ്ടെത്തി അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കും. സെൻട്രൽ ഡിഫൻഡർക്കും ഫുൾബാക്കിനും ഇടയിലുള്ള അപകടകരമായ 'ഹാഫ്-സ്പേസുകൾ' ആണ് പ്രധാന വിഹാരരംഗം. ഐറിഷ്, ആഫ്രോ–ജമൈക്കൻ വേരുകളാണുള്ള ജൂഡ് ബെല്ലിങ്ങാമിനെ പലപ്പോഴും താരതമ്യം ചെയ്യുന്നത് ഇതിഹാസതാരം സിനദിൻ സിദാനുമായാണ്.
ലോക ഫുട്ബോളിലെ മിന്നും താരമായി മാറിയ ജൂഡ് ബെല്ലിങ്ങാം, ക്ലബ് തട്ടകത്തിലും രാജ്യാന്തര തലത്തിലും റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് മുന്നേറുന്നത്. 16-ാം വയസ്സിൽ ബിർമിങ്ങാം സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അരങ്ങേറ്റം. 2020ല്‍ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിലെത്തിയപ്പോൾ ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററെന്ന നേട്ടവും സ്വന്തമാക്കി.
2023ല്‍ റയൽ മഡ്രിഡിലെത്തിയ ആദ്യ സീസണിൽത്തന്നെ ടീമിന്റെ ടോപ് സ്കോററായ ബെല്ലിങ്ങാം, ക്ലബ്ബിനെ ല ലിഗ, ചാംപ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ചു. ല ലിഗയിലെ മികച്ച താരത്തിനുള്ള പുരസ്കാരവും നേടി. തുടർച്ചയായി മൂന്നു വർഷം ഫിഫ്പ്രോ വേൾഡ് ഇലവനിൽ ഇടം നേടി. 2024-ലെ ബലോൻ ദ് ഓർ, ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തി.
2020-ൽ ഇംഗ്ലണ്ട് സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. പന്തിനായി കാത്തുനിൽക്കുന്ന താരമല്ല ബെല്ലിങ്ങാം. മറിച്ച്, പ്രതിരോധനിരയ്ക്ക് പിന്നിലെ ഒഴിഞ്ഞയിടങ്ങളിലേക്ക് മിന്നൽവേഗത്തിൽ ഓടിക്കയറുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ഫുട്ബോളിൽ 'തേർഡ് മാൻ റൺ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നീക്കത്തിൽ ബെല്ലിങ്ങാം ഒരു ആശാനാണ്. ഈ ലോകകപ്പില്‍ ആറുഗോളുകള്‍ നേടി ഇനിയുള്ള കാലം തന്റേതുകൂടിയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്.