-----------

ലോകകപ്പ് ചരിത്രത്തിലൊരിക്കലും സെമിഫൈനലില്‍ കാലിടറിയിട്ടില്ലെന്ന ചരിത്രം അര്‍ജന്റീന ആവര്‍ത്തിച്ചു. മൂന്ന് തവണ ചാംപ്യന്‍മാരും മൂന്ന് തവണ റണ്ണേഴ്സ് അപ്പുമായ അര്‍ജന്റീനയുടെ ഏഴാം ലോകകപ്പ് ഫൈനലാണിത്. സ്പെയിനിനെ വീഴ്ത്തി കിരീടം നേടിയാല്‍ ബ്രസീലിന് ശേഷം ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമാകും അര്‍ജന്റീന.

ലോകകപ്പ് സെമിയിലെത്തിയാല്‍ ഫൈനല്‍ കളിക്കുമെന്ന അര്‍ജന്റീനയുടെ ചരിത്രത്തില്‍ വഴിമുടക്കാന്‍ ഇംഗ്ലണ്ടിനും കഴിഞ്ഞില്ല. 

1930 ലെ ആദ്യ ലോകകപ്പില്‍ അമേരിക്കയെ 6–1ന് തകര്‍ത്താണ് അര്‍ജന്റീന ആദ്യ ഫൈനലിന് യോഗ്യത നേടിയത്. 1978ല്‍ ആദ്യമായി അര്‍ജന്റീന കിരീടം നേടിയപ്പോള്‍ സെമിഫൈനല്‍ മല്‍സരങ്ങള്‍ ഉണ്ടായിരുന്നില്ല. ഗ്രൂപ്പിലെ നിര്‍ണായക മല്‍സരത്തില്‍ പെറുവിനെ 6–0ന് തകര്‍ത്തു. 86ല്‍ മറഡോണ കപ്പുയര്‍ത്തിയ ലോകകപ്പില്‍ സെമിയില്‍ കീഴടക്കിയത് ബെല്‍ജിയത്തെ. എതിരില്ലാത്ത രണ്ട് ഗോളിന്. 1990ല്‍ ഇറ്റലിയെ സെമിയില്‍ തോല്‍പിച്ചത് പെനല്‍റ്റി ഷൂട്ടൗട്ടില്‍. ഓരോ ഗോള്‍ സമനില പാലിച്ച മല്‍സരത്തില്‍ ഷൂട്ടൗട്ടില്‍ 4–3ന്റെ ജയം. 

2014 ലെ സെമിഫൈനലില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഗോള്‍ രഹിത സമനിലയെ തുടര്‍ന്ന് ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ചു. 2022ലെ ഖത്തര്‍ ലോകകപ്പില്‍ കീരീനേട്ടത്തിലേക്കുള്ള വഴിയില്‍ സെമിയില്‍ തകര്‍ത്തുവിട്ടത് ക്രൊയേഷ്യയെ. 3–0ന്. സെമിയില്‍ തോല്‍ക്കില്ലെന്നുറപ്പിച്ചിറങ്ങിയ അര്‍ജന്റീനയ്ക്ക് മുന്നില്‍ ഇക്കുറി കീഴടങ്ങിയത് മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്. അര്‍ജന്റീനയ്ക്കും മെസിയ്ക്കും ഇത് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ എന്ന പ്രത്യേകതയുമുണ്ട്

ENGLISH SUMMARY:

Argentina's impressive World Cup semi-final record remains unbroken as they advance to their seventh World Cup final. This historic achievement, coupled with Lionel Messi's continued presence, highlights Argentina's consistent dominance on the global football stage.