Soccer Football - FIFA World Cup 2026 - Semi Final - France v Spain - Dallas Stadium, Arlington, Texas, U.S. - July 14, 2026 France's Kylian Mbappe looks dejected during the match REUTERS/Kai Pfaffenbach
സെമി ഫൈനലില്‍ സ്പെയിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റതില്‍ ടീമിനെ കുറ്റപ്പെടുത്തി ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബപെ. കളിക്കേണ്ടത് പോലെ കളിക്കാതിരുന്നത് കൊണ്ടാണ് ജയിക്കാതെ പോയതെന്നും മികച്ച കളി പുറത്തെടുക്കാത്തവര്‍ ജയിക്കാന്‍ അര്‍ഹരാണെന്ന് കരുതുന്നില്ലെന്നും എംബപെ മല്‍സരശേഷം പറഞ്ഞു. മല്‍സരത്തിലുടനീളം സ്പെയിനാണ് മികച്ച് നിന്നതെന്ന് അംഗീകരിച്ച എംബപെ തന്റെ ടീം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും സമ്മതിച്ചു.
'ആഗ്രഹിച്ച രീതിയില്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നില്ല. തന്ത്രപരമായും സാങ്കേതികമായും ആകെയുള്ള പ്രകടനത്തിലും അത് സാധിച്ചില്ല. ലോകകപ്പ് സെമിയില്‍ കളിക്കേണ്ടത് പോലെ കളിച്ചില്ലെങ്കില്‍ ജയിക്കാന്‍ കഴയില്ല'- എംബപെ പറഞ്ഞു. പതിഞ്ഞതാളത്തില്‍ പോകാന്‍ സ്പെയിനെ അനുവദിക്കാതിരിക്കുകയായിരുന്നു ഫ്രാന്‍സ് ലക്ഷ്യമിട്ടതെന്നും എന്നാല്‍ അത് കഴിഞ്ഞില്ലെന്നും ക്യാപ്റ്റന്‍ തുറന്ന് തമ്മതിച്ചു. 'കളിയുടെ നിയന്ത്രണത്തില്‍ സ്പെയിന്‍ ഞങ്ങളെക്കാള്‍ മികച്ച് നിന്നു, ഞങ്ങള്‍ വലിയ വീഴ്ച പറ്റി' – താരം പറഞ്ഞു.
മിഡ്ഫീല്‍ഡില്‍ സ്പെയിന്‍ തന്ത്രപരമായി മുന്നേറിയതോടെ ഫ്രാന്‍സിന്‍റെ നീക്കങ്ങള്‍ തകര്‍ന്നു. ടച്ചുകളും മൂവ്മെന്‍റും ഒന്നും ലോകകപ്പ് സെമിക്ക് പാകമായ രീതിയിലുള്ളതായിരുന്നില്ലെന്നും എംബപെ വെളിപ്പെടുത്തി. 'ഫൈനലില്‍ എത്തുകയായിരുന്നു സ്വപ്നം. ചരിത്രം കുറിക്കുകയും. പക്ഷേ അത് സാധിച്ചില്ല. പക്ഷേ തല ഉയര്‍ത്തി തന്നെ ഈ പരാജയത്തെയും നേരിടും. ജയിക്കുമ്പോള്‍ തല ഉയര്‍ത്തി മടങ്ങുന്നത് പോലെ തോല്‍ക്കുമ്പോഴും ആവണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങേയറ്റം നിരാശയുണ്ട്. അത് വാക്കുകളിലൊതുക്കാന്‍ കഴിയുന്നതല്ല. എന്നെപ്പോലെ തന്നെ ടീമും കടുത്ത ദുഃഖത്തിലാണ്. തകര്‍ച്ചയില്‍ നിന്നെഴുന്നേല്‍ക്കണം. മുന്നോട്ട് പോകണം. ഫുട്ബോള്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. സമ്മര്‍ദത്തെ അതിജീവിച്ച്, പിഴവുകള്‍ തിരുത്തി മടങ്ങിവരും'- എംബപെ കൂട്ടിച്ചേര്‍ത്തു.
ടൂര്‍ണമെന്‍റില്‍ എട്ടു ഗോളുകളാണ് എംബപെ ഇതുവരെ നേടിയത്. സ്പെയിനെതിരെ ഗോളൊന്നും നേടാനായില്ല. ശനിയാഴ്ചയാണ് ലൂസേഴ്സ് ഫൈനല്‍. ഇന്നത്തെ അര്‍ജന്‍റീന– ഇംഗ്ലണ്ട് മല്‍സരത്തില്‍ പരാജയപ്പെടുന്നവരാകും ഫ്രാന്‍സിന്‍റെ എതിരാളികള്‍.