• ഇംഗ്ലണ്ടിനെതിരെ മെസിയുടെ ആദ്യ മല്‍സരമാണിത്. 2005 ല്‍ ഹംഗറിക്കെതിരെ തന്‍റെ ആദ്യ രാജ്യാന്തര മല്‍സരത്തിനിറങ്ങിയ മെസി, എതിര്‍താരത്തെ കൈ മുട്ട് കൊണ്ട് ഇടിച്ചതിന് അന്ന് ചുവപ്പ് കാര്‍ഡ് വാങ്ങി. അതോടെ നവംബര്‍ 12ന് ഇംഗ്ലണ്ടിനെതിരെ അര്‍ജന്‍റീന കളിച്ചപ്പോള്‍ സസ്പെന്‍ഷനെ തുടര്‍ന്ന് മെസി പുറത്തിരുന്നു. പിന്നീടിന്ന് വരെ ഇരുടീമുകളും തമ്മില്‍ കളിച്ചില്ല

അറ്റ്ലാന്‍റയിലെ രണ്ടാം സെമിഫൈനല്‍ വൈകാരികതയ്ക്കപ്പുറം സൂപ്പര്‍താരം ലയണല്‍ മെസിയെ സംബന്ധിച്ചിടത്തോളം അല്‍പം കൗതുകം കൂടി കലര്‍ന്നതാണ്. ഇംഗ്ലണ്ടിനെതിരെ മെസിയുടെ ആദ്യ മല്‍സരമാണിത്. 2005 ല്‍ ഹംഗറിക്കെതിരെ തന്‍റെ ആദ്യ രാജ്യാന്തര മല്‍സരത്തിനിറങ്ങിയ മെസി, എതിര്‍താരത്തെ കൈ മുട്ട് കൊണ്ട് ഇടിച്ചതിന് അന്ന് ചുവപ്പ് കാര്‍ഡ് വാങ്ങി. അതോടെ നവംബര്‍ 12ന് ഇംഗ്ലണ്ടിനെതിരെ അര്‍ജന്‍റീന കളിച്ചപ്പോള്‍ സസ്പെന്‍ഷനെ തുടര്‍ന്ന് മെസി പുറത്തിരുന്നു. പിന്നീടിന്ന് വരെ ഇരുടീമുകളും തമ്മില്‍ കളിച്ചിട്ടുമില്ല. 

രണ്ട് പതിറ്റാണ്ടായി കളി തുടരുന്ന മെസി അര്‍ജന്‍റീനയ്ക്കായി 200 ലേറെ മല്‍സരങ്ങളില്‍ കളിച്ചിട്ടും 125 ഗോളുകള്‍ നേടിയിട്ടും എട്ടുവട്ടം ബലോന്‍ ദ് ഓര്‍ നേടിയിട്ടും ഇംഗ്ലണ്ട് മല്‍സരം മാത്രം അകന്ന് നിന്നു. ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ചിരവൈരികളായ അര്‍ജന്‍റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ ആ കാത്തിരിപ്പും അവസാനിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ പോകുകയാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ ' അതല്‍പം സ്പെഷലാണ്. അവര്‍ നല്ല ടീമാണ്, പവര്‍ ഹൗസാണ്. അതുപോലെയൊരു ടീമിനോട് ഏറ്റുമുട്ടുന്നതിനായി കാത്തിരിക്കുകയാണ്' എന്നായിരുന്നു മെസിയുടെ മറുപടി. 

അതിവൈകാരിക പോരാട്ടമാകും അറ്റ്​ലാന്‍റയിലുണ്ടാകുകയെന്നതില്‍ തര്‍ക്കമില്ല. മറഡോണയുടെ വിവാദത്തിനിടയാക്കിയ 'ദൈവത്തിന്‍റെ കൈ' എന്ന കുപ്രസിദ്ധ ഗോളും പിന്നീട് നൂറ്റാണ്ടിന്‍റെ ഗോളും പിറന്ന 1986 ലെ മല്‍സരത്തിന്‍റെ നാല്‍പതാം വാര്‍ഷികത്തിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുന്നത്. 1982 ലെ ഫോക്​ലന്‍ഡ് യുദ്ധത്തിന് ശേഷം 1986 ല്‍ നടന്ന ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന 2–1നാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. 

മല്‍സരത്തില്‍ തീര്‍ത്തും നിയമ വിരുദ്ധമായിട്ടാണ് മറഡോണ ആദ്യ ഗോള്‍ നേടിയത്. പീറ്റര്‍ ഷില്‍ട്ടനെ മറികടന്ന് പന്തില്‍ കൈ കൊണ്ട് തട്ടിയാണ് ആദ്യ ഗോള്‍ മറഡോണ നേടിയത്. റഫറി ഗോള്‍ അനുവദിക്കുകയും ചെയ്തു. നാല് മിനിറ്റിന് ശേഷം നൂറ്റാണ്ടിന്‍റെ ഗോളെന്ന് ഫിഫ വിശേഷിപ്പിച്ച അതിശയകരമായ ഗോളും മറഡോണ നേടി. ഫോക്​ലന്‍ഡ് യുദ്ധത്തിനുള്ള പ്രതീകാത്മക  പ്രതികാരമെന്നോണമാണ് താന്‍ വിജയത്തെ കാണുന്നതെന്നായിരുന്നു മറഡോണ കളിക്ക് ശേഷം പ്രതികരിച്ചത്. 

ആരാധകരെ ആവേശക്കൊടുമുടിയിലാഴ്ത്താന്‍ പോന്ന മല്‍സരത്തില്‍ ആദ്യം ആര് ലീഡെടുക്കും എന്നതാണ്  പ്രധാനം. ആക്രമണത്തില്‍ ഇംഗ്ലണ്ടാണ് അല്‍പം മുന്നില്‍. ഇംഗ്ലണ്ടിനെ മുന്നില്‍ നിന്ന് നയിച്ച് ഹാരി കെയ്ന്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ ഒപ്പമുള്ള സാകയും റഷ്ഫോഡും ആന്തണി ഗോര്‍ഡനുമെല്ലാം നിമിഷ നേരം കൊണ്ട് കളിയുടെ ഗതി മാറ്റാന്‍ കെല്‍പ്പുള്ളവരാണ്. ആറു ഗോളും ഒരു അസിസ്റ്റും വീതമാണ് ബെലിങ്ങാമിനും ഹാരി കെയ്നുമുള്ളത്. മറുവശത്ത് അര്‍ജന്‍റീനയ്ക്കായി എട്ടുഗോളും രണ്ട് അസിസ്റ്റുമുള്ള മെസിയും രണ്ട് ഗോളും ഒരു അസിസ്റ്റുമുള്ള ലൗട്ടാരോ മാര്‍ട്ടിനസും കളം നിറയും. 14 സേവുകള്‍ ഇതുവരെ പിക് ഫോര്‍ഡ് നടത്തിയെങ്കില്‍, എമിലിയാനോ മാര്‍ട്ടിനെസിന് എട്ട് തകര്‍പ്പന്‍ സേവുകളാണുള്ളത്. അഞ്ചു ഗോള്‍ പിക്ഫോര്‍ഡ് വഴങ്ങിയപ്പോള്‍ ആറ് ഗോളുകള്‍ മാര്‍ട്ടിനെസ് വഴങ്ങിയിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. ആകെ 14 തവണയാണ് ഇംഗ്ലണ്ടും അര്‍ജന്‍റീനയും ഏറ്റമുട്ടിയിട്ടുള്ളത്. ഇതില്‍ ആറു തവണ ഇംഗ്ലണ്ടും രണ്ട് തവണ അര്‍ജന്‍റീനയും ജയിച്ചു. ആറ് മല്‍സരങ്ങള്‍ സമനിലയിലും അവസാനിച്ചു. ലോകകപ്പില്‍ അഞ്ചുതവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്ന് വട്ടം ഇംഗ്ലണ്ടിനൊപ്പവും രണ്ടുതവണ അര്‍ജന്‍റീനയ്ക്കൊപ്പവുമായിരുന്നു ജയം.

ENGLISH SUMMARY:

Lionel Messi is set to make his long-awaited debut against England as Argentina faces them in a highly anticipated World Cup 2026 semi-final in Atlanta. This clash carries immense historical weight, occurring on the 40th anniversary of the iconic 1986 World Cup quarter-final where Diego Maradona scored both his legendary "Hand of God" and "Goal of the Century." While England holds a statistical edge in head-to-head encounters, Argentina enters the match with the momentum of the defending champions and the unmatched creativity of Messi. Both squads are loaded with talent, featuring high-scoring threats like Harry Kane and Jude Bellingham for England, and the clinical finishing of Lautaro Martínez for Argentina. With a spot in the July 19 final against Spain on the line, the tactical battle between the two powerhouses promises to be an intense display of modern football. Fans globally are bracing for what is undoubtedly the most emotional and technically demanding match of this tournament.