Image Credit: X
ദക്ഷിണാഫ്രിക്കന്‍ ഫുട്ബോള്‍ താരം ജെയ്ഡന്‍ ആഡംസിന്‍റെ വിയോഗത്തിന്‍റെ നടുക്കം മാറും മുന്‍പേ ആരാധകരെ ഞെട്ടിച്ച് ഡച്ച് റഫറി റോബ് ഡൈപറിങ്കി (38)ന്റെ മരണം. ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആദ്യം തിരഞ്ഞെടുക്കപ്പെട്ട റോബിനെ പിന്നീട് ഫിഫ ഒഴിവാക്കുകയായിരുന്നു. റോബിന്‍റെ മരണകാരണം വ്യക്തമല്ല. ഡച്ച് ഫുട്ബോള്‍ അസോസിയേഷനാണ് പ്രസ്താവനയിലൂടെ മരണവിവരം പുറത്തുവിട്ടത്. 'റോബ് ഡൈപറിങ്കിന്‍റെ ആകസ്മിക നിര്യാണത്തില്‍ നടുക്കവും ദുഃഖവും അറിയിക്കുന്നു. പ്രഗത്ഭനായ റഫറിയെയും മികച്ച സഹപ്രവര്‍ത്തകനെയുമാണ് ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നത്' –പ്രസ്താവനയില്‍ പറയുന്നു.
ലോകകപ്പിലെ വാര്‍ (വിഡിയോ അസിസ്റ്റന്‍റ് റഫറി) ആയിട്ടായിരുന്നു റോബിനെ ആദ്യം തിരഞ്ഞെടുത്തിരുന്നത്. പക്ഷേ ടൂര്‍ണമെന്‍റ് തുടങ്ങാന്‍ ഒരുമാസം മാത്രം ശേഷിക്കെ പട്ടികയില്‍ നിന്നും ഫിഫ ഒഴിവാക്കുകയായിരുന്നു. 'റോബിന്‍റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഡച്ച് ഫുട്ബോള്‍ അസോസിയേഷന്‍റെയും വേദനയില്‍ പങ്കുചേരുന്നു' വെന്ന് ഫിഫ അനുശോചിച്ചു.
2017 മുതലാണ് റോബ് മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സജീവമായത്. 2024 ലെ യൂറോ കപ്പില്‍ വാര്‍ ഒഫീഷ്യലായും സേവനം അനുഷ്ഠിച്ചു. ഇത്തവണ ലോകകപ്പിലേക്ക് വാര്‍ ഒഫീഷ്യലായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും മേയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന കേസില്‍ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫിഫ ഒഴിവാക്കുകയായിരുന്നു. അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിയിക്കപ്പെടാത്തതിനാല്‍ റോബിനെ കേസില്‍ നിന്നൊഴിവാക്കി. പക്ഷേ ഫിഫ തിരികെ ഉള്‍പ്പെടുത്തിയില്ല.
ഫിഫയുടെ തീരുമാനത്തില്‍ താന്‍ നിരാശനാണെന്ന് റോബ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. 'കെട്ടിച്ചമച്ച കേസായിരുന്നു ഇത്. ഞാന്‍ കുറ്റക്കാരനല്ല. കേസില്‍പ്പെട്ടതിലും തുടര്‍ന്നുണ്ടായ കാര്യങ്ങളിലും എനിക്ക് ദുഃഖവും നിരാശയുമുണ്ട്. തുടക്കം മുതലേ ഞാന്‍ അന്വേഷണത്തോട് പൂര്‍ണതോതില്‍ സഹകരിക്കുകയും ഫിഫയോടും ഡച്ച് ഫുട്ബോള്‍ അസോസിയേഷനോടും എല്ലാം അറിയിക്കുകയും ചെയ്തതാണ്' എന്നും ഡച്ച് മാധ്യമത്തോട് റോബ് നേരത്തെ പറഞ്ഞിരുന്നു. ഫിഫ തീരുമാനം പുനഃപരിശോധിക്കാത്തതില്‍ റോബ് നിരാശനായിരുന്നുവെന്നും അതാവാം ഒരുപക്ഷേ മരണത്തിന് കാരണമെന്നും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ കുറിച്ചിട്ടുണ്ട്.