10 പേരുമായി 50 മിനിറ്റോളം പൊരുതിയ സ്വിറ്റ്സര്‍ലന്‍ഡിനെ 3-1 ന് തോല്‍പ്പിക്കാന്‍ അര്‍ജന്‍റീനയെ സഹായിച്ചത് ജുലിയന്‍ അല്‍വാരസിന്‍റെയും ലൗട്ടാരോ മാര്‍ട്ടിനസിന്‍റെയും ഗോളാണ്. 112–ാം മിനിറ്റിലാണ് അല്‍വാരസ് വിജയഗോള്‍ നേടിയത്. നിമിഷങ്ങള്‍ക്കകം മാര്‍ട്ടിനെസിന്‍റെ ഗോളെത്തി. മാര്‍ട്ടിനെസിന്‍റെ ഗോളാഘോഷത്തെ പറ്റി ആരാധകര്‍ രണ്ടു തട്ടിലാണ്. മഞ്ഞ കാര്‍ഡ് ലഭിക്കേണ്ട ആഘോഷത്തെ റഫറി കണ്ടില്ലെന്ന് നടിച്ചു എന്നാണ് ആരോപണം. 

എന്താണ് സംഭവിച്ചത്

എക്സ്ട്രാ ടൈമിന്‍റെ അധിക സമയത്താണ് മാര്‍ട്ടിനെസ് ഗോളടിച്ചത്. പിന്നാലെ പരസ്യ ബോര്‍ഡുകള്‍ മറികടന്ന് ആരാധകര്‍ക്കിടയിലേക്ക് എത്തിയാണ് മാര്‍ട്ടിനെസ് ഗോള്‍ ആഘോഷിച്ചത്. ഇതിന് എന്തുകൊണ്ട് മഞ്ഞ കാര്‍ഡ് നല്‍കിയില്ലെന്നാണ് ആരാധകരുടെ ചോദ്യം. മല്‍സരത്തില്‍ നേരത്തെ മഞ്ഞ കാര്‍ഡ‍് ലഭിച്ച മാര്‍ട്ടിനെസിന് രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് എതിരായ മല്‍സരം നഷ്ടമാകുമായിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസ് റഫറി ജാവോ പിൻഹീറോ മാര്‍ട്ടിനെസിന് അനുകൂലമായി തീരുമാനം എടുത്തു എന്നാണ് ആരോപണം. 

എന്താണ് നിയമം പറയുന്നത്

നിയമപ്രകാരം മാര്‍ട്ടിനെസിന് മഞ്ഞ കാര്‍ഡ‍് നല്‍കണണോ വേണ്ടെയോ എന്നത് റഫറിയുടെ വിവേചനാധികാരമാണ്. ഐഎഫ്എബി നിയമത്തിലെ 12-ാം നിയമം പ്രകാരം ഗോളടിച്ച ശേഷം കളിക്കാർക്ക് ആഘോഷിക്കാമെങ്കിലും അമിതമാകാൻ പാടില്ലെന്നാണ് പറയുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തുകൊണ്ടുള്ള ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. അതിനൊപ്പം അനാവശ്യമായി സമയം കളയുന്നതിനും കാരണമാകരുതെന്നും നിയമത്തിലുണ്ട്. 

ഗോൾ ആഘോഷിക്കുന്നതിന് ഗ്രൗണ്ടിന് പുറത്തേക്ക് പോകുന്നത് മഞ്ഞ കാർഡ് ലഭിക്കാവുന്ന ഒരു കുറ്റമല്ല, എന്നാൽ കളിക്കാർ വേഗം തന്നെ മൈതാനത്തേക്ക് തിരിച്ചെത്തേണ്ടതുണ്ട്. സുരക്ഷാപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ചുറ്റുമതിലിലോ വേലിയിലോ കയറുകയോ, കാണികളുടെ അടുത്തേക്ക് ചെല്ലുകയോ ചെയ്താൽ മഞ്ഞ കാർഡ് നൽകാം എന്നാണ് നിയമത്തിലുള്ളത്. മാര്‍ട്ടിനെസിന്റെ ആഘോഷം ഈ പരിധി ലംഘിക്കാത്തതിനാലാണ് അദ്ദേഹത്തിന് കാര്‍ഡ് ലഭിക്കാതിരുന്നത്. 

ENGLISH SUMMARY:

Lautaro Martinez's goal celebration during Argentina's 3–1 victory over Switzerland sparked debate, with critics questioning why the referee did not issue a yellow card for his move toward the stands. Had Martinez been cautioned, it would have been his second of the match, leading to an automatic suspension for the upcoming semi-final against England. However, analysis of IFAB’s Law 12 suggests the referee exercised appropriate discretion, as celebrating with fans does not mandate a booking unless it causes significant delays, involves climbing security barriers, or presents safety concerns. Ultimately, the official determined that Martinez’s actions did not breach these specific disciplinary thresholds, allowing the striker to remain available for the next round.