ലോകകപ്പില്‍ കിരീടസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ആദ്യ സെമി. യൂറോപ്പിലെ രണ്ട് വമ്പന്‍മാര്‍ സ്പെയ്നും ഫ്രാന്‍സും. നേര്‍ക്കുനേര്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴെല്ലാം കണ്ടത് തീപ്പൊരി പോരാട്ടങ്ങള്‍. ചരിത്രം സ്പെയ്നിനൊപ്പമാണെങ്കിലും, അത് തിരുത്താന്‍ ഇന്നത്തെ ഫ്രാന്‍സിന് അധികം സമയം വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച ഡാളസിലെ ആദ്യ സെമിയില്‍ ശ്രദ്ധേയമാകുന്നത് കിലിയൻ എംബാപ്പെയും ലാമിൻ യമാലും തമ്മിലുള്ള പോരാട്ടം കൂടിയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30തിനാണ് മല്‍സരം.
2025 നേഷന്‍സ് ലീഗ് സെമിയില്‍ സ്പെയ്നില്‍ നിന്നേറ്റ പെയ്ന്‍. അതാവണം അവസാനത്തേത് എന്ന ചിന്തയുമായാണ് ദിദിയര്‍ ദെഷാമും ശിഷ്യരും തന്ത്രങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ആ തന്ത്രങ്ങള്‍ പൊളിച്ചടുക്കാന്‍ ലൂയിസ് ഡേ ലാ ഫുവന്‍റേയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ സ്പാനിഷ് കോട്ടയില്‍ തയ്യാറാകുന്നു. കാത്തിരിക്കുന്നത് ഒരു ക്ലാസിക് ത്രില്ലറാണ്. പക്ഷേ, ചരിത്ര പുസ്തകം ഒന്നു മറിച്ചാല്‍ അല്‍പം കിതയ്ക്കുന്ന ഫ്രാന്‍സിനെ കാണാം.
യൂറോപ്യന്‍ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വന്നത് 38 തവണ. അതില്‍ 18 ജയങ്ങളുടെ മേല്‍ക്കൈ സ്പെയ്നിന്. 13 ജയങ്ങള്‍ ഫ്രാന്‍സ് നേടിയപ്പോള്‍ ഏഴു കളികള്‍ സമനിലയില്‍ പിരിഞ്ഞു. സ്പെയ്ന്‍–ഫ്രാന്‍സ് റിവല്‍റിക്ക് അറുപതോ എഴുപതോ അല്ല, 100 വര്‍ഷത്തിന് മുകളില്‍ പഴക്കമുണ്ട്. ഇരു കൂട്ടരും ആദ്യം ഏറ്റുമുട്ടിയത് 1922 ല്‍ ഒരു സൗഹൃദ മല്‍സരത്തിലായിരുന്നു. അന്ന് 4–0ന് ഫ്രഞ്ച്പടയെ സ്പാനിഷ് കാളക്കൂറ്റന്‍മാര്‍ കെട്ടുകെട്ടിച്ചു. 1929 ല്‍ സ്പെയ്നിനോടേറ്റ 8–1 ന്റെ തോല്‍വി ചരിത്രമാണ്.
ഏറെക്കാലം സ്പെയ്നായിരുന്നു മുന്നില്‍. എന്നാല്‍ 1984 ലെ യൂറോ കപ്പ് ഫൈനലില്‍ സ്പെയ്ന്‍ കണ്ടത് മറ്റൊരു ഫ്രാന്‍സിനെ. 2–0 ന് ജയിച്ച് അന്നവര്‍ കപ്പും തൂക്കി. 2021 നേഷന്‍സ് ലീഗ് ഫൈനലിലും സ്പാനിഷ് പടയെ കെട്ടുകെട്ടിച്ചു. എന്നാല്‍ 2024 യൂറോകപ്പ് സെമിയിലും തൊട്ടടുത്ത വര്‍ഷത്തെ നേഷന്‍സ് ലീഗിലും ഫ്രാന്‍സിനെ ഫൈനലിലേക്ക് അടുപ്പിക്കാതെ സ്പെയ്ന്‍ മൂക്കുകയറിട്ടു. ഇത്തവണ രണ്ട് യൂറോപ്യന്‍ ചേരികള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് കസേരയില്‍ ഇരുപ്പിറയ്ക്കില്ലെന്ന് കട്ടായം. എന്നാല്‍ ലോകകപ്പില്‍ ഇരുവരും മല്‍സരച്ചത് ഇതുവരെ ഒരു തവണ മാത്രം. 2006 ല്‍ ഫ്രാന്‍സ് 3-1 ന് സ്പെയിനെ തോല്‍പ്പിച്ചതും ചരിത്രം.
ചരിത്രത്തില്‍ നിന്നും മാറി കളിയിലേക്ക് ഇറങ്ങിയാല്‍ ശക്തരാണ് ഇരുകൂട്ടരും. ഫ്രാന്‍സിന്‍റെ ശക്തി അവരുടെ മുന്നേറ്റം തന്നെയാണ്. അക്കൂട്ടത്തില്‍ മാരകം എംബപെ! എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ഗോൾഡൻ ബൂട്ടില്‍ മുന്നിലാണ് എംബപെ. ഡെംബെലെയും മൈക്കൽ ഒലീസെയും ചേരുന്ന ആക്രമണ നിര ലോകകപ്പില്‍ ഇതുവരെ നടത്തിയത് മികച്ച പ്രകടനമാണ്. ഡെംബെലെയ്ക്ക് അഞ്ചു ഗോളുകള്‍ നേടിയിട്ടുണ്ട്. അഞ്ച് അസിസ്റ്റുള്ള ഒലീസെയും ടീമിന്‍റെ മുന്നേറ്റത്തിലെ ശക്തിയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ സെനഗലിനെതിരെയും നോര്‍വേയ്ക്ക് എതിരെയും ഗോള്‍ വഴങ്ങിയതാണ് ഫ്രാന്‍സിന്‍റെ പ്രതിരോധം. ഇതുവരെ മൂന്ന് നോക്കൗട്ട് മല്‍സരത്തിലും ഗോള്‍ വഴങ്ങാതെയാണ് ഫ്രാന്‍സിന്‍റെ മുന്നേറ്റം.
മുന്നേറ്റത്തിനൊപ്പം ശക്തമായ പ്രതിരോധവുമാണ് സ്പെയിനിന്‍റെ ശക്തി. നാലു ഗോളുമായി സ്ട്രൈക്കറായ മൈക്കൽ ഒയാർസബാൽ അറ്റാക്കിങിനെ നയിക്കുന്നു. മൈക്കൽ മൊറീനോയും (രണ്ട് ഗോളുകൾ), മാർക്ക് കുക്കറെല്ലുമാണ് (രണ്ട് അസിസ്റ്റുകൾ) മുന്നേറ്റത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആക്രമണ നിരയിൽ മികച്ച ഫോമിലേക്ക് എത്താന്‍ സ്പെയിന് സാധിച്ചിട്ടില്ല.
രണ്ട് നോക്കൗട്ട് മത്സരങ്ങളിലും മൈക്കൽ ഒയാർസബാല്ലിന് ഗോളടിക്കാനായില്ല. പകരക്കാരനായി ഇറങ്ങിയ മൊറീനോയുടെ ഗോളുകളിലാണ് സ്പെയിന്‍ പോര്‍ച്ചുഗലിനെയും ബെല്‍ജിയത്തെയും തോല്‍പ്പിച്ചത്. 2024 ലെ യൂറോ വിജയത്തിലേക്ക് നയിച്ച യമാല്‍ പൂര്‍ണ ഫോമില്‍ കളിച്ചാല്‍ ഇതും ഫ്രാന്‍സിന് ഭയക്കേണ്ടി വരും. അഞ്ചു മല്‍സരങ്ങളില്‍ നിന്ന് ഒരു ഗോളാണ് സ്പെയിന്‍ ഇതുവരെ വഴങ്ങിയത്. അതും ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് എതിരെ.
ലോകകപ്പിലെ തങ്ങളുടെ എട്ടാം സെമിയാണ് ഫ്രാന്‍സിന്‍റേത്. എണ്ണത്തില്‍ ബ്രസീലിനൊപ്പം, മുന്നിലുള്ളത് ജര്‍മനി മാത്രം (12). സ്പെയിന്‍റെ കാര്യത്തില്‍ അടുത്ത കാലത്തൊന്നും തോല്‍വി വഴങ്ങേണ്ടി വന്നിട്ടില്ല. 2024 മാർച്ചിൽ കൊളംബിയയോട് 1-0 ന് തോറ്റതിന് ശേഷം കളിച്ച കഴിഞ്ഞ 36 മത്സരങ്ങളിൽ ഒന്നുപോലും അവർ പരാജയപ്പെട്ടിട്ടില്ല. 27 മത്സരങ്ങളിൽ സ്പെയിന്‍ ജയിച്ചപ്പോൾ ഒൻപത് മത്സരങ്ങൾ സമനിലയിലായി.