Image: Instagram/Roberto Lopes
കാബോ വെർദെയ്‌ക്കെതിരായ അർജന്റീനയുടെ റൗണ്ട് ഓഫ് 32 മത്സരത്തിനിടെ മെസിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന റോബർട്ടോ ലോപ്പസിന്‍റെ ചിത്രം വൈറലായിരുന്നു. ഇപ്പോള്‍ ആ വിവാദത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കാബോ വെർദെ താരം. ഒരു ടോക് ഷോയിലാണ് താരം അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത്.
താൻ മെസ്സിയെ തൊട്ടത് അദ്ദേഹം മനുഷ്യനാണോ എന്ന് ഉറപ്പുവരുത്താനാണെന്നാണ് റോബർട്ടോ ലോപ്പസ് പറഞ്ഞത്. ‘അത് ഒന്നുമില്ല, മെസ്സിയുടെ മുന്നിലെത്തിയപ്പോൾ ഞാന്‍ ചെറുതായൊന്ന് തള്ളി. മനുഷ്യനാണോ എന്ന് ഉറപ്പുവരുത്താനായിരുന്നു. ഇതിൽ ദേഷ്യം വന്ന മെസി, ‘ലോപ്പസ്, അത് ഫൗളാണ്. അവിടെ പന്തില്ല, എന്നെ തൊടരുത്’ എന്ന് പറഞ്ഞു’– ലോപ്പസ് വ്യക്തമാക്കി.
‘അദ്ദേഹം എന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഞാൻ കരുതി. അതുകൊണ്ട് ഞാനത് കാര്യമാക്കിയില്ല. എന്നാല്‍ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് റഫറി ഇടവേള പറഞ്ഞു. അപ്പോൾ ഞാൻ അദ്ദേഹത്തിനടുത്തെത്തി പറഞ്ഞു, ‘നോക്കൂ, എനിക്കൊന്ന് നിങ്ങളെ തൊടണം. കാരണം, നിങ്ങൾ എന്റെ പിന്നിലാണെങ്കിൽ എനിക്ക് വലിയ പ്രശ്നമാണ്.’– ലോപ്പസ് പറഞ്ഞു. മത്സരം അവസാനിച്ചപ്പോൾ ഇരുവരും ഹസ്തദാനം ചെയ്ത് പിരിഞ്ഞതായും താരം വ്യക്തമാക്കി.
അതേസമയം, 2026-ലെ ഫിഫ ലോകകപ്പിൽ ലയണൽ മെസ്സിയുടെ മാന്ത്രിക പ്രകടനം തുടരുകയാണ്. എട്ടു ഗോളുകളുമായി ടൂർണമെന്റിലെ ടോപ്പ് സ്കോററില്‍ ഒരാളായി തിളങ്ങുകയാണ് മെസ്സി. റൗണ്ട് ഓഫ് 32-ൽ കേപ് വെർദെയെ എക്സ്ട്രാ ടൈമിൽ 3-2 ന് പരാജയപ്പെടുത്തിയാണ് അർജന്റീന മുന്നേറിയത്. തുടർന്ന് റൗണ്ട് ഓഫ് 16-ൽ ഈജിപ്തിനെതിരെ 2-0-ന് പിന്നിട്ടുനിന്ന അർജന്റീന, അവസാന നിമിഷങ്ങളിൽ തിരിച്ചടിച്ച് 3-2 ന്റെ അവിശ്വസനീയ ജയം സ്വന്തമാക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെയാണ് അർജന്റീന നേരിടുക.