ലോകകപ്പിന്‍റെ നോക്കൗട്ട് മല്‍സരത്തിന്‍റെ വീറും വാശിയും അര്‍ജന്‍റീന– കാബോ വെര്‍ദെ മല്‍സരത്തിലുണ്ടായിരുന്നു. അര്‍ജന്റീനയുടെ ഓരോ ഗോളിനും തിരിച്ചടിച്ച് മുന്നേറിയ കാബോ വെര്‍ദെയ്ക്ക് എക്സ്ട്രാ ടൈമില്‍ കാലിടറി. ലോക ചാംപ്യന്മാരെ വിറപ്പിച്ചാണ് കാബോ വെര്‍ദെ കീഴടങ്ങിയത്. ടീമിനെ പേരു നോക്കി വില കുറച്ചു കണ്ടിട്ടില്ലെന്നും കടുപ്പമുള്ളതാകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും മെസി മല്‍സര ശേഷം പറഞ്ഞു. ആദ്യ ഗോള്‍ നേടിയ മെസി ഒരു അസിസ്റ്റും കാബോ വെര്‍ദെയ്ക്കെതിരെ നേടി.
കാബോ വെര്‍ദെയ്ക്ക് എതിരെ കടുപ്പമായിരിക്കുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് മെസി പറഞ്ഞു. സ്പെയിനിനോടോ ഉറുഗ്വേയോടോ തോല്‍ക്കാത്ത ടീമാണ് അവര്‍. അത് വെറും യാദൃശ്ചികമല്ലെന്നും മെസി പറഞ്ഞു. അര്‍ജന്‍റീനയുടെ പദ്ധതികളെ എങ്ങനെയാണ് ആഫ്രിക്കന്‍ കുഞ്ഞന്മാര്‍ പൊളിച്ചതെന്നും മെസി വിശദമാക്കി.
'ആദ്യ ഗോള്‍ നേടി കളി തങ്ങളുടെ വരുതിലാക്കാന്‍ പറ്റുമെന്ന് ഞങ്ങള്‍ കരുതി. പക്ഷേ സംഭവിച്ചത് നേരെ മറിച്ചതാണ്. ചില സമയത്ത് പന്ത് കൈവശം വെക്കാൻ പോലും സാധിച്ചില്ല, അല്‍പം പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. വേണ്ട രീതിയിൽ സമ്മർദ്ദം ചെലുത്താനും കഴിഞ്ഞില്ല. ഈ അവസരം അവര്‍ മുതലെടുക്കുകയും ഗോൾ നേടുകയും ചെയ്തു. ഈ മത്സരം വളരെ സങ്കീർണ്ണമായിരിക്കുമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു' എന്നിങ്ങനെയാണ് മെസിയുടെ വാക്കുകള്‍.
നോക്കൗട്ടില്‍ ഒന്നും വെറുതെ കിട്ടില്ല. ടീമുകളുടെ പേര് കേട്ട് അവരെ കുറച്ചുകാണുന്നുണ്ടാകാം, എന്നാൽ ഇതൊരു എളുപ്പമുള്ള മത്സരമായിരിക്കില്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാമായിരുന്നു. അതിനാലാണ് ഈ ലോകകപ്പ് പ്രത്യേകതയുള്ളതാകുന്നത്. ഇഞ്ചോടിഞ്ച് മല്‍സരമാണ്. എല്ലാ മത്സരങ്ങളും വളരെ പ്രയാസമേറിയതുമാണെന്നും മെസി പറഞ്ഞു.
3-2 നാണ് അര്‍ജന്‍റീനയുടെ ജയം. 29 ാം മിനിറ്റിൽ മെസിയാണ് അർജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്. എക്ട്രാ ടൈമില്‍ 92 ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസും അർജന്റീനയ്ക്കായി ഗോള്‍ നേടി. കാബോ വെര്‍ദെയ്ക്കായി ഡെറോയ് ഡ്യുവേർട്ടും (59 മിനിറ്റ്), സിഡ്നി ലോപസ് കബ്രാലും (103 മിനിറ്റ്) ഗോള്‍ നേടി. 111 ാം മിനിറ്റിൽ കാബോ വെർദെ പ്രതിരോധ താരം ഡൈനേ ബോർഗെസിന്റെ സെൽഫ് ഗോളിലാണ് അർജന്റീന ലീഡ് നേടുന്നത്.