ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മെക്സിക്കോ പ്രീ-ക്വാർട്ടറില്‍ (റൗണ്ട് ഓഫ് 16). മെക്സിക്കോയ്ക്കായി ആദ്യ പകുതിയിൽ ജൂലിയൻ ക്വിനോനെസ്, റൗൾ ജിമെനെസ് എന്നിവർ ലക്ഷ്യം കണ്ടു.

ശക്തമായ ഇടിമിന്നലും കനത്ത മഴയും ഉണ്ടായതിനെ തുടർന്ന് ഫിഫയുടെ സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം നിശ്ചയിച്ച സമയത്തേക്കാൾ ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ കളി തുടങ്ങിയതോടെ മെക്സിക്കൻ പട ഇക്വഡോർ പ്രതിരോധത്തെ നിലംപരിശാക്കുകയായിരുന്നു.

മത്സരത്തിന്റെ 22-ാം മിനിറ്റിൽ തന്നെ ക്വിനോനെസ് മെക്സിക്കോയ്ക്ക് ലീഡ് സമ്മാനിച്ചു. ഇക്വഡോർ ബോക്സിലേക്ക് ഇരച്ചുകയറിയുള്ള തകർപ്പൻ ഫിനിഷിങിലൂടെയായിരുന്നു ക്വിനോനെസിന്‍റെ ഗോൾ. ആ ഞെട്ടൽ മാറും മുൻപ് 31-ാം മിനിറ്റിൽ സ്റ്റേഡിയത്തെ ആവേശക്കടലാക്കി ജിമെനെസ് മെക്സിക്കോയുടെ രണ്ടാം ഗോളും നേടി. ഇക്വഡോർ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്താണ് ജിമെനെസ് ലീഡ് ഉയര്‍ത്തിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ തന്ത്രപരമായ മാറ്റങ്ങളുമായി ഫ്രാങ്കോയ്ക്കും ഒർഡോണീസിനും പകരം ആഞ്ചലോ പ്രെസിയാഡോയെയും യാമർ മെദീനയെയും ഇക്വഡോർ കോച്ച് കളത്തിലിറക്കി. ഇക്വഡോർ തിരിച്ചടിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും മെക്സിക്കോയുടെ ശക്തമായ പ്രതിരോധ കോട്ട തകർക്കാൻ അവർക്കായില്ല. 

ഇതിനിടെ, കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ മെക്സിക്കന്‍ താരവുമായി തർക്കിച്ചതിനും വായ് പൊത്തി സംസാരിച്ചതിനും ഇക്വഡോർ ഡിഫൻഡർ പിയറോ ഹിൻകാപിയെ റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കി. ഒടുവിൽ പത്തുപേരുമായി മത്സരം അവസാനിപ്പിക്കേണ്ടി വന്ന ഇക്വഡോർ ലോകകപ്പിൽ നിന്നും കണ്ണീരോടെ പുറത്തായി.

40 വർഷത്തിനു ശേഷമാണ് മെക്സിക്കോ ലോകകപ്പിൽ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നത്. 1986 ലോകകപ്പിലായിരുന്നു ഇതിനു മുൻപുള്ള വിജയം. വിജയത്തോടെ മെക്സിക്കോ, വരാനിരിക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇതേ സ്റ്റേഡിയത്തിൽ വെച്ച് കരുത്തരായ ഇംഗ്ലണ്ടിനെയോ അല്ലെങ്കിൽ കോംഗോയെയോ നേരിടും.

ENGLISH SUMMARY:

Mexico extended their perfect winning streak in the 2026 World Cup by defeating Ecuador 2-0 in a dominant Round of 32 performance. Despite a one-hour delay due to severe weather in Mexico City, Mexico started aggressively, with Julian Quinones opening the scoring in the 22nd minute. Veteran striker Raul Jimenez doubled the lead in the 31st minute, capitalising on a defensive error. Although Ecuador, led by Moises Caicedo, attempted a comeback in the second half, Mexico’s defense remained resolute. The match ended on a sour note for Ecuador as Piero Hincapie was sent off in stoppage time for misconduct. Mexico now advances to the Round of 16, where they will face the winner of the England vs. DR Congo fixture.