joachim-klement-2

ആട് തോമയുടെ കാര്യത്തില്‍ ചാക്കോ മാഷിന്റെ കണക്കുകള്‍ തെറ്റിയപോലെ, കഴിഞ്ഞ 3 തവണയും ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ച മാത്തമാറ്റീഷ്യന്‍ ജോക്കിം ക്ലെമന്റിന്റെ കണക്കും തെറ്റി. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലായിരിക്കാം, പക്ഷേ കാല്‍പന്തിന്റെ സ്പന്ദനം കണക്കിലല്ല, കാലിലാണ്.. കളിയിലാണ്. ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിക്കും, ഫൈനലില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ് കപ്പുയര്‍ത്തും എന്നായിരുന്നു പ്രവചനം.

 

എന്നാല്‍ ഇന്ന് നേരം ഇരുട്ടി വെളുത്തപ്പോള്‍ കഥമാറി. ജപ്പാനെ പരാജയപ്പെടുത്തി കാനറികള്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍, മൊറോക്കോ ഓറഞ്ച് പിഴിഞ്ഞ് ചാറെടുത്തു. നെതര്‍ലന്‍ഡ്സ് ഔട്ട്. ബ്രസീലിന്റെ ജയത്തിന് പിന്നാലെ സൂപ്പര്‍ താരം നെയ്മാര്‍ ക്ലെമന്റിനെ ട്രോളി എക്സ് അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഇട്ടു. മിസ്റ്റര്‍ ജോക്കിം ക്ലെമന്റ്, പ്ലീസ് ട്രൈ എഗെയ്ന്‍ അറ്റ് ദ് നെക്സ്റ്റ് വേള്‍ഡ് കപ്പ്.

 

പിന്നാലെ ക്ലെമന്റിന്റെ പ്രവചനം കോമഡിയായി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ട്രോളായി... കമന്റുകളുടെ പൂരമായി. ഇന്റര്‍നാഷനല്‍ ലെവല്‍ ട്രോളുകളാണ് ഇപ്പോള്‍ ഈ മാത്തമാറ്റിഷ്യനു നേരെ ഉയരുന്നത്. തന്റെ പ്രവചനം തെറ്റിയാല്‍ കുറേ നാളത്തേക്ക് വര്‍ക്ക് ഫ്രം ഹോം ആക്കേണ്ടി വരുമെന്ന് ക്ലെമന്റ് നേരത്തേ പറഞ്ഞിരുന്നു. ആ പ്രവചനം എന്തായാലും തെറ്റിയിട്ടില്ല. ലോകകപ്പ് തീരുംവരെ ക്ലെമന്റ് ട്രോളന്‍മാരുടെ സ്ഥിരം ഇരയാകാനാണ് സാധ്യത.

 

ENGLISH SUMMARY:

Mathematician Joachim Klement, who accurately predicted the last three FIFA World Cup winners, got it wrong this time as Brazil defeated Japan and Morocco eliminated the Netherlands. Neymar joined fans in trolling Klement after his prediction collapsed, sparking a wave of memes across social media.