ബ്രസീലിന്‍റെ വിന്യൂസ്യസ് ജൂനിയര്‍, ജപ്പാന്‍റെ ഡെയ്ചി കമാഡ (Image: Reuters)

ബ്രസീലോ, ജപ്പാനോ? പ്രീക്വാര്‍ട്ടറില്‍ ആരെത്തും? നോക്കൗട്ടില്‍ അഞ്ചുവട്ടം ചാംപ്യന്‍മാരായ ബ്രസീലിനെ ഏഷ്യന്‍ കരുത്തരായ ജപ്പാന്‍ നേരിടുമ്പോള്‍ കടുത്തമല്‍സരം ഉറപ്പ്. ഇന്ത്യന്‍സമയം ഇന്ന് രാത്രി 10.30നാണ് ബ്രസീല്‍– ജപ്പാന്‍ റൗണ്ട് ഓഫ് 32 മല്‍സരം. ടെക്സസിലെ ഹൂസ്റ്റൺ സ്റ്റേഡിയമാണ് വേദി.

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും നോക്കൗട്ട് പോരാട്ടത്തിന് ഇറങ്ങുന്നത്. എവിടെയോ നഷ്ടമായ സുന്ദരചലനങ്ങളുമായാണ് ഇത്തവണ ബ്രസീല്‍ എത്തിയിരിക്കുന്നത്. ജോഗോ ബോനിറ്റോ താളത്തിലേക്ക് ബ്രസീല്‍ മാറിയപ്പോള്‍ അതിന് ചുക്കാന്‍പിടിക്കുന്നത് വിന്യൂസ്യസ് ജൂനിയറാണ്. പരുക്കലട്ടുന്ന നെയ്മാറുടെ അഭാവത്തില്‍ വിന്യൂസ്യസ് പ്രകടിപ്പിക്കുന്ന മികവുതന്നെയാണ് ഇത്തവണ ബ്രസിലിന്‍റെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം നാല് ഗോളുകളാണ് വിന്യൂസ്യസ് നേടിയിട്ടുള്ളത്.

ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെയാണ് ബ്രസീലിന്‍റെ വരവ്. ആദ്യമല്‍സരത്തില്‍ മോറോക്കോയോട് പതറിയാണ് തുടങ്ങിയത്. 1-1 ന് സമനിലയിൽ പിരിഞ്ഞെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ ബ്രസീൽ തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി. ഗ്രൂപ്പ് തലത്തില്‍ ഹെയ്റ്റിയെയും, സ്കോട്ട്ലന്‍ഡിനെയും ഒരേ സ്കോറിന് (3-0) തകര്‍ത്ത് ചാമ്പ്യന്‍മാര്‍. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനവും. അതേസമയം, ഈ മല്‍സരത്തിലും നെയ്മാര്‍ പകരക്കാരനായി ഇറങ്ങാനെ സാധ്യതയുള്ളു. എങ്കിലും ആന്‍ചെലോട്ടിയുടെ തന്ത്രങ്ങളില്‍ പ്രതീക്ഷവയ്ക്കുകയാണ് കാനറികള്‍.

Soccer Football - FIFA World Cup 2026 - Group F - Tunisia v Japan - Estadio Monterrey, Monterrey, Mexico - June 21, 2026 Japan's Ayase Ueda and Keisuke Goto celebrate after the match REUTERS/Raquel Cunha

എന്നാല്‍ വെല്ലുവിളി പുതുമയൊന്നുമല്ല ജപ്പാന്. പേരുകേട്ടവരെ മുന്‍പും തോല്‍പ്പിച്ച ചരിത്രമുണ്ട്. ഇത്തവണ ഡേവിഡ് ബെക്കാമിന്‍റെ ഫേവിറിറ്റ് ടീമുകളില്‍ ഒന്ന് ജപ്പാനാണെന്നതും അവരുടെ ശക്തി വിളിച്ചുപറയുന്നു. അഞ്ചുപോയിന്‍റുമായി ഗ്രൂപ്പ് സ്റ്റേജില്‍ രണ്ടാമതായാണ് നോക്കൗട്ടില്‍ കടന്നത്. ഗ്രൂപ്പ് തലത്തില്‍ ശക്തരായ നെതര്‍ലന്‍ഡിന് പോലും ജപ്പാനെ മറികടക്കാനായില്ല. 

നെതര്‍ലന്‍ഡ്സിനോട് സമനില പിടിച്ചാണ് ജപ്പാന്‍ ടൂർണമെന്റ് തുടങ്ങിയത്. തുടർന്ന് തുനീസിയയെ 4-0 ന് തകർത്തു ജപ്പാൻ. ഒടുവില്‍‌ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്വീഡനോട് 1-1 സമനിലയിൽ പിരിഞ്ഞ്, ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32 യോഗ്യത നേടി. ഡെയ്ചി കമാഡ, അയാസെ ഉവേദ എന്നിവരുടെ മികച്ച ഫോമാണ് ഏഷ്യൻ വമ്പന്മാർക്ക് കരുത്താകുന്നത്.

ലോകകപ്പ് ചരിത്രത്തിൽ ഇതിനുമുമ്പ് 2006ൽ ജർമ്മനിയിൽ വെച്ചാണ് ഇരുടീമുകളും നേർക്കുനേർ വന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കീജി തമാഡയിലൂടെ ഗോളടിച്ച് ജപ്പാൻ ബ്രസീലിനെ ഞെട്ടിച്ചിരുന്നു. എന്നാൽ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെയും ജുനീഞ്ഞോ, ഗിൽബർട്ടോ എന്നിവരുടെ ഗോളുകളുടെയും കരുത്തിൽ ബ്രസീൽ 4-1 ന് അന്ന് ജപ്പാനെ പരാജയപ്പെടുത്തി. ആ മല്‍‌സരത്തിലാണ് റൊണാൾഡോ ഗെർഡ് മുള്ളറുടെ അന്നത്തെ എക്കാലത്തെയും ഉയർന്ന ലോകകപ്പ് ഗോൾ വേട്ടയായ 14 ഗോൾ എന്ന റെക്കോർഡിനൊപ്പമെത്തിയത്.

ഇപ്പോഴും ഈ ലോകകപ്പില്‍ ഹോട്ട് ഫേവിറുറ്റുകളല്ല ബ്രസീല്‍. പക്ഷേ മുന്നേറണ്ടത് അവരുടെ അനിവാര്യതയാണ്. ജപ്പാനാകട്ടെ സന്തുലിതവും, സ്ഥിരതയുമുണ്ട്. തോല്‍ക്കുന്നവര്‍ പുറത്തേയ്ക്ക് എന്നത് കരുതലോടെ കളിക്കാന്‍ ഇരുകൂട്ടരെയും പ്രേരിപ്പിക്കും. ഈ പോരാട്ടത്തിൽ വിജയിക്കുന്നവർ ജൂലൈ 5-ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റൗണ്ട് ഓഫ് 16 മത്സരത്തിൽ ഐവറി കോസ്റ്റ് അല്ലെങ്കിൽ നോർവേ എന്നിവരിൽ ആരെങ്കിലും ഒരാളെ നേരിടും.

ENGLISH SUMMARY:

The FIFA World Cup stage is completely set for a blockbuster cross-continental showdown as five-time champions Brazil prepare to battle Asian titans Japan in a high-stakes Round of 32 knockout clash. Both nations head into this crucial single-elimination fixture riding a wave of confidence following highly impressive, undefeated campaigns during the newly expanded group stage phase. The South American giants have successfully recaptured their signature attacking rhythm under manager Carlo Ancelotti, largely propelled by the spectacular form of winger Vinícius Júnior, who has netted four goals so far. Meanwhile, a highly disciplined Japanese squad managed to easily secure their passage into the postseason bracket by securing points against elite opponents like the Netherlands and Sweden. This highly anticipated encounter evokes memories of their historic 2006 tournament meeting in Germany, where legendary striker Ronaldo famously matched the all-time scoring record during a dominant Brazilian victory. The winner of tonight's thrilling battle at the iconic NRG Stadium in Houston will officially advance to face either Switzerland or Bosnia in the coveted Round of 16 phase.