വിരമിക്കാന്‍ ഒരുങ്ങുന്ന മെക്സിക്കന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവയ്ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ്. ചെക്ക് റിപ്പബ്ലിക്കിനെതിരെ 78ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഒച്ചോവ, മെസിക്കും റൊണാള്‍ഡോയ്ക്കുമൊപ്പം തുടര്‍ച്ചയായ ആറാം ലോകകപ്പെന്ന ചരിത്രനേട്ടവുമായാണ് ഗ്ലൗസ് അഴിക്കുന്നത്. അമേരിക്കന്‍ ലോകകപ്പിന് ശേഷം പ്രൊഫഷനല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് നാല്‍പതുകാരന്‍ ഒച്ചോവ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രകമ്പനം കൊണ്ട് അസ്ടെക്ക
2004-ൽ ക്ലബ് അമേരിക്കയിലൂടെ അരങ്ങേറ്റം കുറിച്ച അതേ അസ്ടെക്ക സ്റ്റേഡിയത്തിൽ ഗില്ലര്‍മോ ഒച്ചോവ ഒരിക്കല്‍ കൂടി ആരാധകരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി. ഗോള്‍ കീപ്പര്‍ റൗള്‍ റാഞ്ചലിന് പകരക്കാരനായി 78ാം മിനിറ്റില്‍ കളത്തിലിറങ്ങാന്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് പരിശീലകൻ ഹവിയർ അഗിറെയുടെ വിളിയെത്തിയത്. പച്ചയും വെള്ളയും ചുവപ്പുമണിഞ്ഞെത്തിയ ആരാധകരുടെ ആർപ്പുവിളികൾക്കിടയിലൂടെ, ചുരുളൻ മുടിയും ഹെയര്‍ബാന്‍ഡുമണിഞ്ഞ് മൈതാനത്തേക്ക്... മെമോ മെമോ എന്ന് വിളിച്ചുകൂവി സ്റ്റേഡിയം.
മെക്സിക്കന്‍ ഇതിഹാസം
ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ മെക്സിക്കൻ താരമെന്ന റെക്കോർഡ് ഒച്ചോവയുടെ പേരിലായി. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ 37-ാം വയസിൽ കളിച്ച ക്വൗട്ടെമോക് ബ്ലാങ്കോയുടെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. മെക്സിക്കോയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരവും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾകീപ്പറുമാണ് ഒച്ചോവ. ചെക്ക് റിപ്പബ്ലിക്കിനെതിരായ മല്‍സരം രാജ്യത്തിന് വേണ്ടി ഒച്ചോവയുടെ 154ാം മല്‍സരമായിരുന്നു. നാലു തവണ കോൺകാകാഫ് സ്വര്‍ണക്കപ്പ് നേടിയ ടീമിൽ അംഗം. മെക്സിക്കോയിലെ പ്രമുഖ ക്ലബ്ബായ ക്ലബ്ബ് അമേരിക്കയ്ക്കായി 309 ലീഗ് മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. ഫ്രാൻസ്, സ്പെയിൻ, ബെൽജിയം, ഇറ്റലി എന്നിവിടങ്ങളിലെ ക്ലബുകൾക്കായും കളിച്ചു.
ലോകകപ്പ് സ്പെഷലിസ്റ്റ്
ക്ലബ് ഫുട്ബോളില്‍ എടുത്തുപറയാന്‍ വമ്പന്‍ നേട്ടങ്ങളില്ല. പേരുകേട്ട യൂറോപ്യന്‍ ക്ലബുകളുടെ ഭാഗവും ആയിരുന്നില്ല. രാജ്യത്തിന്റെ ജഴ്സിയണിഞ്ഞാല്‍ പിന്നെ കഥമാറി. മല്‍സരവേദി ലോകകപ്പ് ആണേല്‍ ഒച്ചോവ സൂപ്പർമാനാകും. 2014 ലോകകപ്പിൽ ആതിഥേയരായ ബ്രസീലിനെതിരായ മത്സരമാണ് ഒച്ചോവയുടെ കരിയറിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന മല്‍സരം. നെയ്മറുടെ ഹെഡറടക്കം എണ്ണം പറഞ്ഞ ആറ് സേവുകള്‍. സൂപ്പര്‍ സ്ട്രൈക്കര്‍മാരടങ്ങിയ കാനറികള്‍ക്കെതിരെ ക്ലീന്‍ ഷീറ്റ്. ലോകചാംപ്യന്‍മാരായെത്തിയ ജര്‍മനിയെ 2018ല്‍ 1–0ന് തകര്‍ത്തുവിട്ടത് ഒച്ചോവയുടെ ഒന്‍പത് സൂപ്പര്‍ സേവുകളിലൂടെ. ലെവന്‍ഡോവ്സ്കിയുടെ പെനല്‍റ്റി തടുത്ത് പോളണ്ടിനെതിരെ ഗോള്‍രഹിത സമനില. ലോകകപ്പ് സ്പെഷലിസ്റ്റ് എന്ന വിളിപ്പേരും സ്വന്തമാക്കി. 2006-ലും 2010-ലും ലോകകപ്പ് ടീമില്‍ ഇടംപിടിച്ചെങ്കിലും പകരക്കാരുടെ നിരയിലായിരുന്നു. 2014, 2018, 2022 ലോകകപ്പുകളിൽ മെക്സിക്കോയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായി. ഈ ലോകകപ്പിൽ റൗൾ റാഞ്ചലാണ് മെക്സിക്കോയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ.
സൂപ്പര്‍മാന്‍
ചിലന്തി വല വിരിക്കും പോലെ ഗോള്‍വലയ്ക്ക് മുന്നില്‍ ഒച്ചോവ കൈവിരിച്ചു നിന്നാല്‍ ഏത് പേര് കേട്ട സ്ട്രൈക്കര്‍മാരും പോസ്റ്റിലേക്ക് പന്ത് തൊടുക്കും മുന്‍പ് രണ്ടുവട്ടം ആലോചിക്കും. മികച്ച റിഫ്ളക്സ് സേവുകള്‍, ക്ലോസ് റേഞ്ച് ഷോട്ടുകളില്‍ പോലും അതിവേഗ പ്രതികരണം, പാഞ്ഞെത്തുന്ന പന്തുകളെ പറന്നുപിടിക്കും, സമ്മര്‍ദഘട്ടങ്ങളിലെ ആത്മവിശ്വാസം, വലിയ മല്‍സരങ്ങളിലെ മികച്ചപ്രകടനം, ഷോട്ടിന്റെ ദിശ കൃത്യമായി മുന്‍കൂട്ടി മനസിലാക്കാനുള്ള അസാമാന്യകഴിവ്... ഒച്ചോവയുടെ ക്ലാസ് വേറെ ലെവല്‍. ബലോന്‍ ദി ഓര്‍ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിയില്‍ ഇടംപിടിച്ച ആദ്യ മെക്സിക്കന്‍ താരമാണ്.
സ്വപ്നതുല്യം ഈ വിടവാങ്ങല്‍
എന്നോ എഴുതിവച്ച തിരക്കഥ പോലെ... സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ്. ചരിത്രത്തിലാദ്യമായി മെക്സിക്കന്‍ ടീം ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളും ജയിച്ച് നോക്കൗട്ട് റൗണ്ടിലേക്ക്... ആര്‍പ്പുവിളിക്കുന്ന സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ അവസാന മല്‍സരം. ക്ലീന്‍ ഷീറ്റോടെ തന്നെ മല്‍സരം പൂര്‍ത്തിയാക്കി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സ്റ്റേഡിയം ഒന്നടങ്കം എണീറ്റ് നിന്ന് മെക്സിക്കന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഇതിഹാസത്തെ ആദരിച്ചു. അവിശ്വസനീയ സേവുകളും ഒറ്റയാൾ പോരാട്ടങ്ങളും കൊണ്ട് വിസ്മയിപ്പിച്ച പ്രതിഭയ്ക്ക് ഉചിതമായ ബഹുമാനപ്രകടനം. ഇൗ ലോകകപ്പില്‍ ഇനിയൊരു മല്‍സരത്തില്‍ കൂടി ഒച്ചേവ കളത്തിലിറങ്ങാന്‍ സാധ്യത കുറവാണ്. ഇരുപതാം വയസില്‍ രാജ്യത്തിനായി കയ്യിലണിഞ്ഞ ഗ്ലൗസ് തന്റെ നാല്‍പതാം വയസില്‍ സ്വപ്നതുല്യമായ ലോകകപ്പ് യാത്രകള്‍ക്ക് ശേഷം അഴിച്ചുവയ്ക്കാനൊരുങ്ങുകയാണ് ഗില്ലര്‍മോ ഒച്ചോവ..
നന്ദി പറഞ്ഞ് മടക്കം
"വർഷങ്ങൾ നീണ്ട ഓർമകൾ, ഒരുപാട് കഥകൾ" മത്സരശേഷം ഒച്ചോവ പറഞ്ഞു. "ഈ ഗോൾപോസ്റ്റിന് മുന്നിൽ എന്റെ ആദ്യ മത്സരം. എന്റെ ക്ലബിനൊപ്പം ഇവിടെ കിരീടങ്ങൾ ഉയർത്തിയത്. ദേശീയ ടീമിനൊപ്പം യോഗ്യതാ മത്സരങ്ങളിലെ നിമിഷങ്ങൾ. ലോകകപ്പിലെ നിമിഷങ്ങൾ, ജനങ്ങളുടെ സ്നേഹം. നന്ദി, അതിൽ കൂടുതലൊന്നുമില്ല. ഈ അവസാന നിമിഷം എനിക്ക് സമ്മാനിച്ച ജനങ്ങളോടും സഹതാരങ്ങളോടും പരിശീലകനോടും നന്ദിയുടെ വാക്കുകൾ മാത്രം..."