ronaldo-sixth-world-cup-goal

ആറാം ലോകകപ്പിലും ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം. ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോളുകൾ (Brace) അടിച്ചുകൂട്ടി സി.ആർ.7. മത്സരത്തിൽ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ മുന്നിലാണ്. 41-ാം വയസ്സിലും പ്രായത്തെ വെല്ലുന്ന പ്രകടനത്തോടെ റൊണാൾഡോ കളം നിറഞ്ഞപ്പോൾ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് പോർച്ചുഗൽ നൽകിയത്.

ആദ്യ മത്സരത്തിൽ ഡി.ആർ കോംഗോയോട് 1-1 ന് സമനില വഴങ്ങിയതിന് പിന്നാലെ പോർച്ചുഗൽ ടീമിനും റൊണാൾഡോയ്ക്കുമെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ റൊണാൾഡോ ഇതിനെല്ലാം മറുപടി നൽകി.

വലതുവിങ്ങിൽ നിന്ന് ജാവോ കാൻസലോ നൽകിയ കൃത്യതയാർന്ന ക്രോസ് ബോക്സിന്റെ മധ്യത്തിൽ വെച്ച് റൊണാൾഡോ ഉസ്ബെക്ക് ഗോളി അബ്ദുവാഹിദ് നെമാറ്റോവിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. 2006-ൽ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയ റൊണാൾഡോ, ഇതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ആദ്യ താരമായി.

41-ാം വയസ്സിൽ ലോകകപ്പിൽ ഗോൾ നേടുന്നതോടെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിയും റൊണാൾഡോ സ്വന്തമാക്കി. 1994-ൽ 42-ാം വയസ്സിൽ ഗോൾ നേടിയ കാമറൂണിന്റെ റോജർ മില്ല മാത്രമാണ് ഇനി റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. മത്സരത്തിന്റെ 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് നൽകിയ മനോഹരമായ ത്രൂ-പാസ് സ്വീകരിച്ച് ബോക്സിന്റെ ഇടതുമൂലയിലേക്ക് പന്ത് പായിച്ച് റൊണാൾഡോ ടീമിന്റെ മൂന്നാം ഗോളും തന്റെ ഇരട്ടഗോളും തികച്ചു.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ തന്നെ പോർച്ചുഗൽ രണ്ടാം ഗോൾ നേടിയിരുന്നു. പെനാൽറ്റി ബോക്സിന് തൊട്ടുപുറത്തുനിന്നു ലഭിച്ച ഫ്രീകിക്ക് എടുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ റൺ-അപ്പ് എടുക്കുമെന്ന് ഉസ്ബെക്ക് പ്രതിരോധനിരയും ഗാലറിയും ഒരുപോലെ പ്രതീക്ഷിച്ചിരിക്കെ, എല്ലാവരെയും അമ്പരപ്പിച്ച് വിപരീത ദിശയിൽ നിന്നും വന്ന നുനോ മെൻഡിസ് മതിൽക്കെട്ടിനെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു (2-0).

2021-ലെ യൂറോ കപ്പിന് ശേഷം ടൂർണമെന്റുകളിൽ ഓപ്പൺ പ്ലേയിലൂടെ (Open Play) റൊണാൾഡോ പോർച്ചുഗലിനായി നേടുന്ന ആദ്യ ഗോളുകളാണിത്. 2022 ലോകകപ്പിൽ പെനാൽറ്റിയിലൂടെ മാത്രമായിരുന്നു റൊണാൾഡോയ്ക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞിരുന്നത്. മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതിന്റെ  വലിയ ആശ്വാസത്തിലും ആവേശത്തിലുമാണ് ആരാധകര്‍.

ENGLISH SUMMARY:

Cristiano Ronaldo has achieved a historic milestone, becoming the first player to score in six World Cups. He netted a brace against Uzbekistan in the World Cup group stage, silencing critics and leading Portugal to a dominant position in the match.