വടകരയിൽ വൻ കുഴൽപ്പണവേട്ട. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരുകോടി നാലരലക്ഷം (1.045 Crore) രൂപയുടെ കുഴൽപ്പണവുമായി ജ്വല്ലറി ഉടമയെ പൊലീസ് പിടികൂടി. വടകര ഓംത റോഡിലെ 'മനോജ് ജ്വല്ലറി' ഉടമ മനോജാണ് ഡാൻസാഫ് (DANSAF) സംഘത്തിന്റെ പിടിയിലായത്.
കോഴിക്കോട് റൂറൽ എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘം ഓപറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോനക്കിടെയാണ് പണം വലയിലായത്. പരിശോനക്കിടെ വടകര ടൗണിലേക്ക് വരികയായിരുന്ന മനോജിന്റെ കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഒരുകോടിയിലധികം രൂപയുടെ കള്ളപ്പണം കണ്ടെത്തിയത്.
ഇത്രയും വലിയ തുക കൈവശം വെച്ചതിന് കൃത്യമായ യാതൊരുവിധ രേഖകളും ഹാജരാക്കാൻ വാഹനത്തിലുണ്ടായിരുന്ന ജ്വല്ലറി ഉടമ മനോജിന് സാധിച്ചില്ല. ഇതോടെ പൊലീസ് പണം കസ്റ്റഡിയിലെടുത്തു. പിടിയിലായ മനോജ് മഹാരാഷ്ട്രയിൽ നിന്നാണ് ഈ പണം കാറിൽ വടകരയിലേക്ക് എത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.